ബെംഗളൂരു: ബെംഗളൂരുവിൽ ഭീകരാക്രമണത്തിന് പദ്ധതിയിട്ടവരെന്ന് കരുതുന്ന സംഘത്തിലെ പ്രധാനി അഫ്ഗാനിസ്ഥാനിലെന്ന് റിപ്പോർട്ടുകൾ. കർണാടകയിലെ സുൽത്താൻപാളയ സ്വദേശിയായ മുഹമ്മദ് ജുനൈദാണ് തീവ്രവാദ നീക്കത്തിന്റെ ആസൂത്രകൻ എന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. നിലവിൽ അഫ്ഗാനിസ്ഥാനിലുള്ളത്. അഫ്ഗാൻ അതിർത്തിപ്രദേശങ്ങളിൽനിന്നാണ് ഇയാൾ ഇന്ത്യയിലെ തീവ്രവാദപ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നതെന്നും ഭീകരസംഘടനയായ ലഷ്‌കറെ തൊയ്ബയുമായി ഇയാൾക്ക് ബന്ധമുണ്ടെന്നും ഉന്നതവൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇയാളെ തീവ്രവാദ ആശയങ്ങളിലേക്ക് നയിച്ചത് തടിയന്റവിട നസീർ ആണെന്നുമാണ് സൂചനകൾ.

ബെംഗളൂരുവിലെ ഭീകരാക്രമണപദ്ധതിയുടെ മുഖ്യസൂത്രധാരൻ ജുനൈദാണെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ നൽകുന്നവിവരം. ലഷ്‌കർ ഭീകരരുമായി ഇയാൾക്ക് നേരിട്ട് ബന്ധമുണ്ട്. 2021-ൽ ഇന്ത്യയിൽനിന്ന് കടന്നുകളഞ്ഞ ഇയാൾ അഫ്ഗാനിൽനിന്നാണ് ബെംഗളൂരുവിലെ കൂട്ടാളികൾക്ക് നിർദേശങ്ങൾ നൽകിയിരുന്നതെന്നും ഉദ്യോഗസ്ഥർ വിശദീകരിച്ചു. നിലവിൽ കർണാടക പൊലീസ് ജുനൈദിനെ സംബന്ധിച്ചുള്ള എല്ലാവിവരങ്ങളും ഇന്റർപോളിന് കൈമാറിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്.

ഹെബ്ബാൾ സുൽത്താൻപാളയയിൽ കന്നുകാലി കച്ചവടക്കാരനായിരുന്നു മുഹമ്മദ് ജുനൈദ്. 2017-ൽ നൂർ മുഹമ്മദ് എന്നയാൾ ഭാര്യയുടെ മുന്നിലിട്ട് ജുനൈദിനെ അർധനഗ്‌നനാക്കി ക്രൂരമായി മർദിച്ചു. സാമ്പത്തികത്തർക്കമായിരുന്നു മർദനത്തിന് കാരണം. ഇതിന് പ്രതികാരമായി 2017 സെപ്റ്റംബറിലാണ് ജുനൈദും കൂട്ടാളികളും നൂർ മുഹമ്മദിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത്. ഈ കേസിൽ ജുനൈദ് അടക്കം 21 പേർ അറസ്റ്റിലായി.

കൊലക്കേസിൽ അറസ്റ്റിലായി ജയിലിൽ കഴിയുന്നതിനിടെയാണ് ബെംഗളൂരു സ്ഫോടനക്കേസിലെ പ്രതിയായ തടിയന്റവിട നസീറുമായി ജുനൈദ് പരിചയത്തിലാകുന്നത്. തടിയന്റവിട നസീറാണ് ജുനൈദിനെ തീവ്ര ആശയങ്ങളിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. 2019-ൽ ജാമ്യംകിട്ടി പുറത്തിറങ്ങിയ ജുനൈദ് പിന്നീട് തീവ്രവാദപ്രവർത്തനങ്ങളിലേക്ക് തിരിഞ്ഞു. രക്തചന്ദനം കടത്തിയ കേസിൽ ഇടയ്ക്ക് അറസ്റ്റിലായെങ്കിലും പുറത്തിറങ്ങി. തുടർന്ന് 2021-ൽ തീവ്രവാദബന്ധങ്ങൾ ഉപയോഗിച്ചാണ് ഇയാൾ ഇന്ത്യയിൽനിന്ന് അഫ്ഗാനിലേക്ക് കടന്നതെന്നും ഉദ്യോഗസ്ഥർ പറയുന്നു.

ബെംഗളൂരുവിൽ ഭീകരാക്രമണത്തിന് പദ്ധതിയിട്ട അഞ്ചുപേരെയാണ് കഴിഞ്ഞദിവസം കർണാടക സെൻട്രൽ ക്രൈംബ്രാഞ്ച്(സി.സി.ബി) അറസ്റ്റ് ചെയ്തത്. ബെംഗളൂരു സ്വദേശികളായ സയ്യിദ് സുഹൈൽ ഖാൻ(24), മുഹമ്മദ് ഒമർ(29), സാഹിദ് തബ്രാസ്(25), സയ്യിദ് മുദസ്സിർ പാഷ(28), മുഹമ്മദ് ഫൈസൽ(30) എന്നിവരാണ് പിടിയിലായത്. ബെംഗളൂരു സ്‌ഫോടനക്കേസിൽ ജയിലിൽ കഴിയുന്ന തടിയന്റവിട നസീറുമായി ബന്ധമുള്ളവരാണ് അഞ്ചുപേരും.

ഇവരിൽ നിന്ന് സ്‌ഫോടകവസ്തുക്കളും ഏഴ് നാടൻത്തോക്കുകളും വോക്കിടോക്കികളും 12 മൊബൈൽഫോണുകളും പിടിച്ചെടുത്തിരുന്നു. അതേസമയം, സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് കേസ് ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ)ക്ക് കൈമാറിയേക്കുമെന്നും സൂചനയുണ്ട്.

അസർബൈജാൻ, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിൽ നസീറിന്റെ നിർദേശപ്രകാരമാണ് ജുനൈദ് തീവ്രവാദപ്രവർത്തനം നടത്തിയതെന്നാണ് സിസിബിയുടെ കണ്ടെത്തൽ. ജുനൈദിനും മറ്റ് പ്രതികൾക്കും ആവശ്യമായ നിർദേശങ്ങൾ നസീർ ജയിലിൽ നിന്നും നല്കിയിരുന്നു. എന്നാൽ ഇതെങ്ങനെ പ്രാവർത്തികമായെന്നത് അന്വേഷിക്കുമെന്ന് സിറ്റി പൊലീസ് കമ്മിഷണർ പറഞ്ഞു.

ജുനൈദ് അടക്കമുള്ള പ്രതികളെ ഭീകര സംഘടനകളുമായി ബന്ധപ്പെടുത്തിയെന്ന് സംശയിക്കുന്നതിനാൽ 2008ലെ ബെംഗളൂരു സ്‌ഫോടന പരമ്പരയിലെ പ്രതി തടിയന്റവിട നസീറിനെ ചോദ്യം ചെയ്യും. അറസ്റ്റിലായ യുവാക്കൾക്ക് നഗരത്തിൽ സ്ഫോടന പരമ്പര നടത്താൻ പിന്തുണ നൽകിയത് നസീർ ആണെന്ന് സിറ്റി ക്രൈം ബ്രാഞ്ച് നേരത്തേ കണ്ടെത്തിയിരുന്നു.