ബെംഗളൂരു: ബംഗളൂരുവിൽ റേവ് പാർട്ടിക്കിടെ പൊലീസ് നടത്തിയ ലഹരിവേട്ടയിൽ പിടിക്കപ്പെട്ടവരിൽ സിനിമാതാരങ്ങളും രാഷ്ട്രീയ നേതാക്കളും വരെ. തെലുങ്ക് സിനിമ താരം ഹേമ ഉൾപ്പടെ പത്തോളം പേർ പിടിയിലായെന്നാണ് വിവരം. ലഹരി മരുന്ന് വിതരണക്കാരായ രണ്ട് പേരും ഇതിൽ ഉൾപ്പെടുന്നു. 15 അത്യാഡംബര കാറുകളും പൊലീസ് പിടിച്ചെടുത്തു.

കൊക്കെയിൻ, എംഡിഎംഎ ഉൾപ്പടെയുള്ള ലഹരി മരുന്നുകൾ പിടികൂടി. തെലുങ്ക് സിനിമ താരങ്ങൾ ഉൾപ്പടെ പത്തോളം പേരെ സെൻട്രൽ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തു. ബംഗളൂരു ഇലക്ട്രോണിക് സിറ്റിയിലെ ഒരു ഫാം ഹൗസിലായിരുന്നു താര സമ്പന്നമായ റേവ് പാർട്ടി. വൈകിട്ട് 6ന് തുടങ്ങി രാവിലെ വരെ നീണ്ടുനിന്ന ആഘോഷം. പങ്കെടുത്തത് തെലുങ്കു സിനിമ താരങ്ങളും വിദേശ മോഡലുകളുമടക്കം നൂറിലധികം പേർ.

പാർട്ടിയിലേക്ക് വലിയ തോതിൽ ലഹരി മരുന്നുകൾ എത്തിച്ചിട്ടുണ്ടെന്ന വിവരം സെൻട്രൽ ക്രൈംബ്രാഞ്ചിന് ലഭിച്ചിരുന്നു. ഇതേ തുടർന്നായിരുന്നു റെയ്ഡ്. സ്നിപ്പർ നായകളുമായി നടത്തിയ പരിശോധനയിലാണ് എംഡിഎംഎയും കൊക്കെയിനും പിടികൂടിയത്.

ഹൈദരാബാദ് സ്വദേശി വാസു എന്നയാളാണ് പാർട്ടി സംഘടിപ്പിച്ചത് എന്നാണ് സൂചന. പുലർച്ചെ മൂന്നു മണിയോടെയാണ് റെയ്ഡ് നടന്നത്. പിറന്നാളാഘോഷത്തിന്റെ ഭാഗമായി നടന്ന പാർട്ടിക്ക് പുലർച്ചെ 2 മണി വരെയാണ് അനുമതി ലഭിച്ചിരുന്നത്. ഈ സമയം കഴിഞ്ഞും ആഘോഷം നീണ്ടതോടെയാണ് സി.സി.ബിയുടെ മയക്കുമരുന്ന് വിരുദ്ധ സ്‌ക്വാഡ് സ്ഥലത്ത് പരിശോധന നടത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് ഇലക്ട്രോണിക് സിറ്റി പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.