ബെംഗളൂരു: കോടികൾ വിലമതിക്കുന്ന രാസലഹരി വസ്തുക്കളുമായി നൈജീരിയൻ യുവതി അറസ്റ്റിൽ. സംഭവത്തിൽ വലിയൊരു അന്വേഷണമാണ് അധികൃതർ നടത്തിയത്. കേസിൽ നടന്നത് ഇങ്ങനെ പുറമേ നിന്ന് നോക്കിയാൽ ഹോട്ടലും ഗ്രോസറി കടയും അകത്ത് കോടികളുടെ എംഡിഎംഎ ഇടപാട് ആയിരിന്നു. വിസാ നിയമങ്ങൾ അടക്കം ലംഘിച്ച് ബെംഗളൂരുവിൽ രാസ ലഹരി വിൽപന നടത്തിയിരുന്ന നൈജീരിയൻ യുവതിയാണ് വലയിൽ കുടുങ്ങിയത്.

ബെംഗളൂരുവിലെ ഏറ്റവും വലിയ ലഹരിമരുന്ന് വേട്ടയിൽ സെൻട്രൽ ക്രൈം ബ്രാഞ്ച് പിടികൂടിയത് 24 കോടി രൂപയുടെ എംഡിഎംഎയും മറ്റ് രാസ ലഹരി വസ്തുക്കളും. വിതരണത്തിന് തയ്യാറാക്കിയ നിലയിലുള്ള ലഹരിമരുന്നാണ് പോലീസ് കണ്ടെടുത്തത്. 12 കിലോ എംഡിഎംഎയാണ് നെജീരിയൻ യുവതിയിൽ നിന്ന് പിടിച്ചെടുത്തത്.

'റോസ്ലിം ഔൾച്ചി' എന്ന 40 കാരിയെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ബെംഗളൂരുവിലെ കിഴക്കൻ മേഖലയിലെ കെ ആർ പുരം ഭാഗത്തെ ഹോട്ടലിൽ നിന്നാണ് ലഹരിമരുന്ന് കണ്ടെത്തിയത്. ഇന്ത്യയിലേക്ക് അഞ്ച് വർഷം മുൻപാണ് റോസ്ലിം എത്തിയത്. വിസ കാലാവധി കഴിഞ്ഞ ശേഷവും ഇവർ ഇന്ത്യയിൽ തങ്ങുകയായിരുന്നു. മുംബൈയിൽ നിന്ന് എത്തിയ മറ്റൊരു നൈജീരിയൻ യുവതിയും ഇവർക്കൊപ്പം ഉണ്ടായിരുന്നു.

പോലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസുകാർ തന്നെ എംഡിഎംഎ ആവശ്യക്കാരായി 40കാരിയെ സമീപിക്കുകയായിരുന്നു. കെ ആർ പുരയിലെ ബസ് സ്റ്റാൻഡിൽ വച്ച് 40 കാരിയുമായി കണ്ട ശേഷം വിശ്വാസം തോന്നിയ യുവതി പോലീസുകാരനെ ഹോട്ടലിലേക്ക് കൊണ്ടുപോവുകയായിരുന്നു.

ഇവിടെയെത്തി ഇടപാട് നടത്തുന്നതിനിടെ ആയിരിന്നു യുവതിയെ പോലീസ് കൈയ്യോടെ പിടികൂടിയത്. വിവിധ പേരുകളിലായി വാങ്ങിക്കൂട്ടിയ 70 സിം കാർഡുകളാണ് 40 കാരിയിൽ നിന്ന് കണ്ടെത്തിയത്. ടിസി പല്യയിലെ ഇവരുടെ വസതിയിലായിരുന്നു ലഹരി മരുന്ന് ശേഖരിച്ച് വച്ചിരുന്നത്.

മുംബൈയിൽ നിന്ന് എത്തിയ നൈജീരിയൻ സ്വദേശിയായ യുവതിയിൽ നിന്നാണ് ലഹരിമരുന്ന് ഇടപാട് സംബന്ധിയായ സൂചന പോലീസിന് ലഭിക്കുന്നത്. അടുത്തിടെ ബെംഗളൂരുവിൽ നടന്ന ഏറ്റവും വലിയ ലഹരിമരുന്ന് വേട്ടയാണ് ഇതെന്നാണ് പോലീസ് പറയുന്നത്. എംഡിഎംഎയ്ക്ക് ഒപ്പം കഞ്ചാവും പോലീസ് കണ്ടെടുക്കുകയും ചെയ്തിട്ടുണ്ട്.