ബെംഗളൂരു: ബെംഗളൂരുവിൽ ബാങ്ക് മാനേജരായ യുവതിയെ ഭർത്താവ് നടുറോഡിൽ വെടിവെച്ചു കൊന്നു. രാജാജിനഗറിലെ ഇൻഡസ്ട്രിയൽ ഏരിയയിൽ ചൊവ്വാഴ്ച വൈകുന്നേരമാണ് സംഭവം നടന്നത്. 39 വയസ്സുകാരിയായ ഭുവനേശ്വരിയാണ് കൊല്ലപ്പെട്ടത്. സംഭവത്തിന് ശേഷം സോഫ്റ്റ്‌വെയർ എൻജിനീയറായ ഭർത്താവ് ബാലമുരുകൻ (40) തോക്കും കത്തിയും സഹിതം പോലീസ് സ്റ്റേഷനിൽ നേരിട്ടെത്തി കീഴടങ്ങുകയായിരുന്നു.

മാസങ്ങൾ നീണ്ട ആസൂത്രണത്തിനൊടുവിലാണ് ബാലമുരുകൻ ഈ ക്രൂരകൃത്യം നടപ്പിലാക്കിയതെന്ന് പോലീസ് പറഞ്ഞു. വൈകുന്നേരം ആറരയോടെ ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന ഭുവനേശ്വരിയെ ഇയാൾ തടഞ്ഞുനിർത്തുകയും പോയിന്റ് ബ്ലാങ്ക് റേഞ്ചിൽ വെടിയുതിർക്കുകയുമായിരുന്നു. അഞ്ച് തവണയാണ് ഇയാൾ വെടിയുതിർത്തത്. തോക്ക് പ്രവർത്തിക്കാതിരുന്നാൽ ഉപയോഗിക്കാനായി ഒരു കത്തിയും ഇയാൾ കരുതിയിരുന്നു. ഭുവനേശ്വരി മരിച്ചുവെന്ന് ഉറപ്പാക്കിയ ശേഷമാണ് ഇയാൾ സ്ഥലത്തുനിന്നും മടങ്ങിയത്.

കീഴടങ്ങിയ ശേഷം പോലീസിനോട് സംസാരിക്കവേ ഇയാൾക്ക് യാതൊരുവിധ കുറ്റബോധവും ഉണ്ടായിരുന്നില്ലെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. "അവൾ ഇത് അർഹിച്ചിരുന്നു" എന്നാണ് ഇയാൾ പോലീസിനോട് പറഞ്ഞത്. 2011-ലാണ് ഇവർ വിവാഹിതരായത്. എന്നാൽ കുറച്ചു കാലങ്ങൾക്ക് ശേഷം ദാമ്പത്യ ജീവിതത്തിൽ അസ്വാരസ്യങ്ങൾ ഉടലെടുക്കുകയും ഇവർ വേർപിരിഞ്ഞു താമസിക്കുകയുമായിരുന്നു. ഭാര്യയ്ക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം.

കൊല്ലപ്പെട്ട ഭുവനേശ്വരിക്ക് എട്ടും അഞ്ചും വയസ്സുള്ള രണ്ട് കുട്ടികളുണ്ട്. കുട്ടികളെയും ഇയാൾ ക്രൂരമായി ഉപദ്രവിക്കാറുണ്ടായിരുന്നുവെന്ന് ബന്ധുക്കൾ ആരോപിച്ചു. അച്ഛൻ അമ്മയെ നിരന്തരം ഉപദ്രവിക്കുമായിരുന്നുവെന്ന് ഇവരുടെ എട്ടു വയസ്സുകാരനായ മകൻ മാധ്യമങ്ങളോട് പറഞ്ഞു. ഭുവനേശ്വരിയെ ഇയാൾ മുൻപും ഭീഷണിപ്പെടുത്തിയിരുന്നതായും ഇതിനെതിരെ പോലീസിൽ പരാതി നൽകിയിരുന്നതായും റിപ്പോർട്ടുകളുണ്ട്.

കൊലപാതകത്തിന് ഉപയോഗിച്ച തോക്ക് ഇയാൾ എവിടെനിന്നാണ് സംഘടിപ്പിച്ചത് എന്നതിനെക്കുറിച്ച് പോലീസ് അന്വേഷണം നടത്തിവരികയാണ്. കർണാടകയ്ക്ക് പുറത്തുനിന്നാണ് തോക്ക് എത്തിച്ചതെന്നാണ് സംശയിക്കുന്നത്. പ്രതിയെ കോടതിയിൽ ഹാജരാക്കി 14 ദിവസത്തേക്ക് പോലീസ് കസ്റ്റഡിയിൽ വിട്ടു. സംഭവസ്ഥലത്ത് ഫോറൻസിക് വിദഗ്ധരും ഉന്നത പോലീസ് ഉദ്യോഗസ്ഥരും എത്തി പരിശോധനകൾ പൂർത്തിയാക്കി. ബെംഗളൂരു പോലുള്ള ഒരു മെട്രോ നഗരത്തിൽ ജനങ്ങൾ നോക്കിനിൽക്കെ ഇത്തരമൊരു കൊലപാതകം നടന്നത് നഗരവാസികളെയും ഞെട്ടിച്ചിരിക്കുകയാണ്.