കണ്ണൂർ: കാഞ്ഞിരക്കൊല്ലി വനത്തിൽ നായാട്ടിന് പോയപ്പോൾ വെടിയേറ്റുമരിച്ച അരുവി റിസോർട്ട് ഉടമ കാഞ്ഞിരക്കൊല്ലിയിലെ ബെന്നി പരത്തിനാലിന്റെ (55) മൃതദേഹം കാഞ്ഞിരക്കൊല്ലി വിമലാംബിക പള്ളിയിൽ നടന്നു. ശശിപാറയ്ക്കടുത്ത് എട്ടുവർഷമായി റിസോർട്ട് നടത്തിവരികയായിരുന്നു ബെന്നി ഏപ്രിൽ 21-ന് രാത്രി എട്ടിനാണ് റിസോർട്ടിൽ നിന്നും അരകിലോമീറ്റർ ദൂരെയുള്ള വനത്തിൽ സുഹൃത്തുക്കളായ രജീഷ് അമ്പാട്ട്(42) പള്ളത്ത് നാരായണൻ(64) എന്നിവരോടൊപ്പം നായാട്ടിനു പോയത്. പയ്യാവൂർ പൊലിസ് അറസ്റ്റു ചെയ്തഇവരെ കോടതിറിമാൻഡ് ചെയ്തു.

ബെന്നിയുടെ മരണവുമായി ബന്ധപ്പെട്ടല്ല ഇവരുടെ അറസ്റ്റ്. അനധികൃതമായി തോക്കുകൈവശം വയ്ക്കൽ,ചട്ടംലംഘിച്ച് വനത്തിൽ നായാട്ടിനു പോകൽ എന്നീ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയിട്ടുള്ളത്. കാട്ടിലെ പാറപ്പുറത്ത് ഇരിക്കുമ്പോൾ തെന്നിവീണ് തോക്കിൽ നിന്ന് അബദ്ധത്തിൽ വെടിപൊട്ടിയാണ് ബെന്നി മരിച്ചതെന്നാണ് റിമാൻഡിലായവർ പയ്യാവൂർ പൊലിസിന് നൽകിയ മൊഴി.

ഇതിന്റെ അടിസ്ഥാനത്തിലാണ് പൊലിസ് അന്വേഷണം നടത്തിവരുന്നത്. ബെന്നി വെടിയേറ്റുമരിച്ചത് കൂടെയുണ്ടായിരുന്നവർ തന്നെയാണ് പയ്യാവൂർ പൊലിസ് സ്റ്റേഷനിലെത്തി അറിയിച്ചത്. തോക്കിൽ നിന്നും അബദ്ധത്തിൽ വെടിപൊട്ടിമരിച്ചതെന്നാണ് ഇതുവരെയുള്ള നിഗമനം. പ്രതികളെ തെളിവെടുപ്പ് നടത്തുന്നതിനായി ജുഡീഷ്യൽ കസ്റ്റഡിയിൽ നിന്നും വിട്ടുകിട്ടുന്നതിനായി പയ്യാവൂർ പൊലിസ് ഹരജിനൽകും.

കർണാടകത്തിൽ നിന്നുമെത്തിയ അനധികൃത നാടൻ തോക്കാണ് അപകടത്തിനിടയാക്കിയതെന്നാണ് പൊലിസ് പറയുന്നത്. മലയോരകർഷകർകാരാണ് വൻവിലയ്ക്കു ലൈസൻസില്ലാത്ത ഇത്തരം തോക്കുകളുംവെടിയുണ്ടകളും വാങ്ങുന്നത്. കപ്പയുൾപ്പെടെയുള്ളകൃഷികൾക്ക് കാട്ടുപന്നിയിൽ നിന്നും നേരിടുന്ന ശല്യമൊഴിവാക്കുന്നതിനാണ് ഇത്തരം തോക്കുകൾ ഉപയോഗിക്കുന്നത്.

ആറുമാസംമുൻപ് ഇരിട്ടി കൂട്ടുപുഴ ചെക്ക് പോസ്റ്റിൽ കെ. എസ്. ആർ.ടി.സി ബസിൽ കടത്തുകയായിരുന്ന വെടിയുണ്ടകളുമായി ഒരാൾ അറസ്റ്റിലായിരുന്നു. കണ്ണൂർ റൂറൽ എസ്‌പി ഹേമലതയുടെ മേൽനോട്ടത്തിലാണ് കേസ് അന്വേഷണം നടത്തിയത്. കണ്ണൂർ ജില്ലയിലെ മലയോര മേഖലകളിൽ നായാട്ടുസംഘം പിടിമുറുക്കുന്നതായി നേരത്തെ വനംവകുപ്പിനും പൊലിസിനും വിവരം ലഭിച്ചിരുന്നു. എന്നാൽ പൊലിസ് അന്വേഷണം നടത്തിവരുമ്പോഴും നായാട്ടുസംഘം വിഹരിക്കുക തന്നെയാണ് ചെയ്യുന്നത്.