കൊച്ചി: കേരളത്തെ നടുക്കിയ നരബലിക്ക് പിന്നിൽ പൊലീസ് പറയുന്നത് ഫെസ്ബുക്കിലെ ഹൈക്കു കവി പത്തനംതിട്ട ഇലന്തൂർ സ്വദേശി ഭഗവൽ സിങ്ങിന് ശ്രീദേവി എന്ന ഐഡിയിൽനിന്നു ഫ്രണ്ട് റിക്വസ്റ്റ് വരുന്ന കഥയാണ്. എന്നാൽ ഈ കഥ പൂർണ്ണമായും വിശ്വസിക്കാൻ കഴിയുമോ എന്ന ചോദ്യവും സജീവമാണ്. വൈദ്യരായ ഭഗവൽ സിങ് നരബലി നടത്തിയത് മറ്റാർക്കെങ്കിലും വേണ്ടിയാണോ എന്ന സംശയവുമുണ്ട്. എന്നാൽ പൊലീസ് ഇത്തരത്തിൽ അന്വേഷണം നടത്തുന്നില്ല. ഭഗവൽ സിങിന്റെ വീട്ടിൽ രാത്രി വന്ന പോയവരെ കുറിച്ചും അന്വേഷിക്കുന്നില്ല.

പ്രതികൾ കൂടുതൽ കൊലപാതകങ്ങൾ ഇത്തരത്തിൽ നടത്തിയിട്ടുണ്ടോ എന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്. പ്രതികളെ മറ്റാരെങ്കിലും സഹായിച്ചിരുന്നോ എന്നത് ഉൾപ്പടെയുള്ള വിവരങ്ങളും പൊലീസ് ശേഖരിക്കുന്നുണ്ട്. എന്നാൽ നിലവിൽ ഷാഫി ഇത്തരത്തിൽ മൊഴിയൊന്നും നൽകുന്നില്ല. ഭഗവൽ സിങ്ങും രണ്ടു നരബലിയുടെ കാര്യമേ പറയുന്നുള്ളൂവെന്നതാണ് വസ്തുത. ഹൈക്കു കവിയായിരുന്ന ഭഗവൽ സിങ് ഇടതുപക്ഷത്തോട് ചേർന്നാണ് പ്രവർത്തിച്ചത്. സിപിഎമ്മിൽ ഭാരവാഹിത്വവും ഉണ്ടായിരുന്നു.

മുഹമ്മദ് ഷാഫി എന്നയാൾ ശ്രീദേവി എന്ന പേരിൽ വ്യാജ പ്രൊഫൈൽ ഉണ്ടാക്കി ഫ്രണ്ട് റിക്വസ്റ്റ് അയയ്ക്കുകയും പെൺകുട്ടിയായി ചമഞ്ഞ് ഭഗവൽ സിങ്ങുമായി സൗഹൃദം സ്ഥാപിക്കുകയുമായിരുന്നു. ചുരുങ്ങിയ സമയം കൊണ്ടു തന്നെ വിശ്വാസം നേടിയെടുക്കുകയും ചെയ്തു. സമ്പദ്സമൃദ്ധിക്കായി പൂജ നടത്തിയാൽ മതിയെന്നും മന്ത്രവാദം ചെയ്യുന്ന ഒരാളെ പരിചയമുണ്ടെന്നും ഭഗവൽ സിങ്ങിനെ 'ശ്രീദേവി' വിശ്വസിപ്പിച്ചു. സിദ്ധന്റേത് എന്ന പേരിൽ മുഹമ്മദ് ഷാഫിയുടെ ഫോൺ നമ്പരും നൽകി. താൻ തന്നെയാണ് സിദ്ധനെന്ന് ശ്രീദേവി ഒരിക്കലും വെളിപ്പെടുത്തിയില്ല.

മന്ത്രവാദത്തിന്റെ ഫലങ്ങൾ ശ്രീദേവി വിശദീകരിച്ചത് വിശ്വസിച്ചാണ് ഭഗവൽ സിങ്ങും ഭാര്യ ലൈലയും ഷാഫിയുമായി സംസാരിക്കുന്നതും പൂജയ്ക്കു വീട്ടിലേയ്ക്കു ക്ഷണിക്കുന്നതും. ഭഗവൽ സിങ്ങിന്റെ രണ്ടാം ഭാര്യയയാണ് ലൈല. ആദ്യ ഭാര്യയുമായി വിവാഹബന്ധം വേർപ്പെടുത്തിയിരുന്നു. ഭഗവൽ സിങ്ങിന്റെ വീട്ടിൽ പൂജയ്‌ക്കെത്തിയ മുഹമ്മദ് ഷാഫി, പൂജയുടെ ഭാഗം എന്ന നിലയിൽ ഭഗവൽ സിങ്ങിന്റെ ഭാര്യ ലൈലയുമായി ലൈംഗികബന്ധത്തിൽ ഏർപ്പെട്ടതായും പറയുന്നു. ഈ പറയുന്നതെല്ലാം തീർത്തും അവിശ്വസനീയമാണ്.

പൂജയ്ക്കു കൂടുതൽ ഫലം ലഭിക്കാൻ എത്ര പണം മുടക്കാനും തയാറാണെന്ന് ഭഗവൽ സിങ് പറഞ്ഞതോടെ മനുഷ്യനെ ബലി നൽകണമെന്നായിരുന്നു മുഹമ്മദ് ഷാഫിയുടെ നിർദ്ദേശം. ഇത് അംഗീകരിച്ച ദമ്പതികൾ, ബലി നൽകാനുള്ള ആളെ കണ്ടെത്താനുള്ള ഉത്തരവാദിത്തം ഷാഫിയെ തന്നെ ഏൽപിക്കുകയായിരുന്നു. പണത്തിനായി ഷാഫി അതും ചെയ്തു. അങ്ങനെ നരബലിയും നടന്നുവെന്നാണ് പൊലീസ് വിശദീകരണം. എന്നാൽ സിപിഎമ്മിന്റെ മുഖമായ ഭഗവൽ സിങ് ഇങ്ങനെ ചെയ്യുമോ എന്ന് ആർക്കും അറിയില്ല. ഭഗവൽ സിങിനെ വിപ്ലവകാരി ഭഗത് സിങ് എന്നാണ് നാട്ടുകാർ വിളിച്ചിരുന്നത്. അങ്ങനെ വിപ്ലവ നേതാവിന്റെ പേരിൽ അറിയപ്പെട്ട വ്യക്തിയാണ് ഇലന്തൂരുകാരെ ഞെട്ടിച്ചത്.

സിനിമയിൽ അഭിനയിച്ചാൽ പത്തു ലക്ഷം നൽകാമെന്ന വാഗ്ദാനമാണ് കാലടിയിൽ താമസിച്ചിരുന്ന വടക്കാഞ്ചേരി സ്വദേശിനി റോസ്‌ലിക്കും കടവന്ത്രയിൽ താമസിച്ചു ലോട്ടറി കച്ചവടം നടത്തിവന്ന പത്മത്തിനും ഷാഫി നൽകിയത്. പണം ലഭിക്കുമെന്നു കേട്ടതോടെ ഇരുവരും ഇയാളുടെ വലയിലാകുകയായിരുന്നു. റോസ്ലിയെ കൂട്ടിക്കൊണ്ടു പോയി അന്നേ ദിവസം തന്നെ കൊലപ്പെടുത്തി പൂജ നടത്തി. ക്രൂരമായ പീഡനത്തിന് ഇരയാക്കിയായിരുന്നു ബലിയർപ്പിക്കൽ. കയ്യും കാലും കെട്ടിയിട്ട്, മാറിടം മുറിച്ചു ചോര വാർന്നുശേഷം കഴുത്തറുത്തു കൊല്ലുകയായിരുന്നു.

റോസ്‌ലിയെ കാണാതായിട്ടും കാര്യമായ അന്വേഷണം ഉണ്ടാകാതെ വന്നതോടെയാണ് ഇയാൾ അടുത്ത ഇരയെ തേടുന്നത്. വ്യക്തിപരമായി സാമ്പത്തിക നേട്ടമുണ്ടാക്കുകയായിരുന്നു മുഹമ്മദ് ഷാഫിയുടെ ലക്ഷ്യം. അതേസമയം വീട്ടിൽ സമ്പത്തുണ്ടാകുകയായിരുന്നു ഭഗവൽ സിങ്ങിന്റെ ഉദ്ദേശ്യം. ഒരു പൂജ കൂടി വേണ്ടി വരുമെന്നും ശാപത്തിന്റെ ശക്തി നിറഞ്ഞു നിൽക്കുകയാണ് എന്നും പറഞ്ഞത് ഭഗവൽസിങ് വിശ്വസിച്ചു. മാത്രമല്ല, പൂജയ്ക്കു വേണ്ട പണം നൽകുകയും ചെയ്തു.

കടവന്ത്രയ്ക്കടുത്തു താമസിച്ചിരുന്ന പത്മം എന്ന സ്ത്രീയയെും ഷാഫി വലയിലാക്കി. സിനിമയിൽ അഭിനയിച്ചാൽ സാമ്പത്തിക നേട്ടമുണ്ടാകുമെന്നും പത്തു ലക്ഷം രൂപ നൽകാമെന്നും ആയിരുന്നു ഇവർക്കും നൽകിയ വാഗ്ദാനം. പത്മം, പത്തു ലക്ഷം എന്ന വാഗ്ദാനത്തിനു വഴിപ്പെടുയായിരുന്നു. തിരുവല്ലയിൽ എത്തിച്ച ശേഷം ഇവരെയും ക്രൂരമായി പീഡിപ്പിക്കുകയും കൊലപ്പെടുത്തുകയും ചെയ്തു. ഇരുവരുടെയും ശരീരത്തിൽ നിന്നു വാർന്ന രക്തം വീടുമുഴുവൻ തളിച്ചു ശുദ്ധി വരുത്തിയ ശേഷമായിരുന്നു പൂജകൾ. രാത്രി മുഴുവൻ നീളുന്ന പൂജയ്ക്കു ശേഷം മൃതദേഹം കഷ്ണങ്ങളാക്കി കുഴിച്ചിടുകയായിരുന്നു.

പത്മത്തെ കാണാതെ വന്നതോടെ മകൻ നൽകിയ പരാതിയിൽ പൊലീസ് അന്വേഷണം ഊർജിതമാക്കി. പ്രതിയെ പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റു ചെയ്‌തെങ്കിലും വിവരങ്ങൾ പുറത്തു വിട്ടിരുന്നില്ല. കഴിഞ്ഞ ദിവസങ്ങളിൽ ഷാഫിയെ ചോദ്യം ചെയ്യുകയും മൊഴി രേഖപ്പെടുത്തുകയും ചെയ്തിരുന്നു.