പത്തനംതിട്ട: കേരളത്തെ നടുക്കിയ സംഭവമായിരുന്നു കഴിഞ്ഞ ദിവസം പുറത്തുവന്ന പത്തനംതിട്ട ഇലന്തൂരിലെ ഇരട്ടനരബലി സംഭവം. ഇടതു ആശയങ്ങളോട് ചേർന്ന് നടന്ന വൈദ്യരാണ് പ്രതി. സിപിഎമ്മിന്റെ മുൻ ബ്രാഞ്ച് സെക്രട്ടറി. നാട്ടുകാരുടെ വൈദ്യൻ. അതുകൊണ്ട് തന്നെ ഇലന്തുരൂകാരുടെ അമ്പരപ്പ് മാറുന്നില്ല.

കൊച്ചി കടവന്ത്രയിൽ ലോട്ടറി വിൽപ്പന നടത്തിയിരുന്ന തമിഴ്‌നാട് സ്വദേശി പത്മം (56), കാലടിയിൽ വാടകക്ക് താമസിച്ചിരുന്ന തൃശൂർ സ്വദേശി റോസിലി (49) എന്നിവരാണ് ക്രൂരമായി കൊല്ലപ്പെട്ടത്. എറണാകുളം ഗാന്ധിനഗർ ഇ.ഡബ്ല്യു.എസ് നോർത്ത് എൻഡ് ബ്ലോക്കിൽ വാടകക്ക് താമസിക്കുന്ന പെരുമ്പാവൂർ സ്വദേശി മുഹമ്മദ് ഷാഫി (റഷീദ്- 52), ആയുർവേദ ചികിത്സകൻ ഇലന്തൂർ പുളിന്തിട്ട കടകംപിള്ളിൽ ഭഗവൽസിങ് (70), ഭാര്യ ലൈല (61) എന്നിവരാണ് കേസിൽ അറസ്റ്റിലായത്.

അച്ഛൻ വാസു വൈദ്യർക്ക് ഭഗത് സിങിനോടുള്ള ആരാധനയാണ് മകന് ഭഗവൽ സിങ് എന്ന പേരിലേക്ക് എത്തിച്ചത്. ഭഗവൽ സിങ് ഒരിക്കൽ വിദേശത്ത് പോകാൻ ശ്രമിച്ചതാണെങ്കിലും പേരിലെ അവ്യക്തത കാരണം വിസ കിട്ടിയില്ല. സിങ് എന്ന് പേരുള്ളവർക്ക് സൗദി അറേബ്യയിൽ വിസ നിഷേധിച്ച കാലത്തായിരുന്നു സംഭവം. ഭഗവൽ സിങിനെ സൗദി വിദേശകാര്യ മന്ത്രാലയം യഥാർഥ സിഖുമത വിശ്വാസിയായ സിങാണെന്ന് തെറ്റിദ്ധരിച്ചത്രെ. പിന്നീടാണ് ഇയാൾ പിതാവിന്റെ വഴിയേ വൈദ്യമേഖലയിലേക്ക് കടന്നത്. ഇലന്തൂർ സർക്കാർ സ്‌കൂളിൽ പത്താം ക്ലാസ് വരെ പഠിച്ചിട്ടുണ്ട്. ഭാര്യ ലൈലയാണ് ഭഗവൽ സിങിനെ വഴി തെറ്റിച്ചതെന്ന ചർച്ചയും സജീവമാണ്.

സാമ്പത്തിക ബുദ്ധിമുട്ടുള്ള കുടുംബവുമായിരുന്നില്ല. വീടിന് സമീപത്തെ സ്ഥലങ്ങളെല്ലാം സഹോദരങ്ങളുടേതാണ്. പിതാവ് അറിയപ്പെടുന്ന ആഞ്ഞിലിമൂട്ടിൽ കുടുംബാംഗമായിരുന്നു. നിരവധി ഭൂസ്വത്തുക്കൾ വിറ്റിട്ടുണ്ട്. രണ്ടാം ഭാര്യ ലൈലയും നാട്ടുകാർക്കിടയിൽ പരിചിതയാണ്. സിപിഎം പരിപാടികളിലും സജീവമായിരുന്നു. രണ്ടാം വിവാഹമാണ് ലൈലയുടേതും. ഭഗവൽ സിങിനെ നാട്ടുകാർ ഇയാളെ സ്‌നേഹപൂർവം വിളിച്ചിരുന്നത് ബാബു എന്നാണ്. ആഞ്ഞിലിമൂട്ടിൽ വൈദ്യ കുടുംബത്തിലെ അംഗം. വീട്ടുപേര് കടകംപള്ളിൽ എന്നാണെങ്കിലും ആഞ്ഞിലിമൂട്ടിൽ വൈദ്യൻ എന്നാണ് അറിയപ്പെട്ടിരുന്നത്.

അച്ഛൻ വാസു വൈദ്യരും പാരമ്പര്യ ചികിത്സയിലൂടെ പ്രശസ്തനായിരുന്നു. ശരീരത്തിന് ഒടിവോ ചതവോ സംഭവിക്കുന്നവരുടെ വിശ്വസ്തനായ വൈദ്യനായിരുന്നു ഭഗവൽസിങ്. ഇലന്തൂരിന് സമീപം കാരംവേലി പുന്നക്കാട് റോഡിൽ പുളിന്തിട്ടഭാഗത്തുള്ള ചെറിയ കാവിന് പിന്നിലാണ് ചികിത്സാലയം. തൊട്ടുപിന്നിൽ കാടും പടലവും നിറഞ്ഞ പറമ്പും വീടും. പൊതുവെ ശാന്തനും നാട്ടുകാര്യങ്ങളിൽ സജീവമായി പങ്കെടുക്കുകയും ചെയ്തിരുന്നയാളുമായിരുന്നു ഭഗവൽ സിങ് എന്ന് തൊട്ടടുത്ത വീട്ടിൽ താമസിക്കുന്ന ജോസ് തോമസ് പറഞ്ഞു.

അച്ഛൻ വാസു വൈദ്യരുടെ കാലശേഷം പാരമ്പര്യ ചികിത്സ മകൻ നന്നായി നടത്തിക്കൊണ്ടു പോവുകയായിരുന്നുവെന്ന് അയൽക്കാരനായ വാസുദേവൻ പറഞ്ഞു. അടുത്ത വീട്ടിലെ ലൈസമ്മയുടെ കൈ വേദന മാറ്റിയതും ക്രിക്കറ്റ് കളിക്കിടെ സമീപവാസിയായ ശ്രീകാന്തിന്റെ കൈവിരൽ ഒടിഞ്ഞത് നേരെയാക്കിയതും ഫുട്ബോൾ കളിക്കിടെ നെൽസന്റെ കാൽക്കുഴ തെറ്റിയത് പരിഹരിച്ചതും ഉൾപ്പെടെ ഇയാളുടെ ചികിത്സ നാട്ടിലെങ്ങും അറിയപ്പെട്ടിരുന്നു.

ഫേസ് ബുക്കിൽ മൂന്നുവരിയിൽ ഒതുങ്ങുന്ന ഹൈക്കു കവിതകൾ എഴുതുന്ന കവി കൂടിയായിരുന്നു ഭഗവൽസിങ് നിറഞ്ഞുനിന്നത്.ജില്ലയിലും പുറത്തുമുള്ള നിരവധി പ്രമുഖരും കവികളുമുൾപ്പെടെ നാലായിരത്തോളം പേർ ഫ്രണ്ട് ലിസ്റ്റിൽ ഉണ്ടായിരുന്നെങ്കിലും കൊലപാതക വാർത്ത പുറത്തുവന്നതോടെ പലരും ബന്ധം ഉപേക്ഷിച്ചു.

അവസാനം ഫേസ്‌ബുക്കിൽ വന്ന കവിത ഇങ്ങനെ:
'ഉലയൂതുന്നു
പണിക്കത്തി, കൂട്ടിനുണ്ട്
കുനിഞ്ഞ തനു.'
ഇത് കുറച്ചതിന് തൊട്ടടുത്ത ദിവസങ്ങളിലാണ് പത്മയെ കൊലപ്പെടുത്തിയതെന്നാണ് കരുതുന്നത്.
സിപിഎം ഇലന്തൂർ പുളിന്തിട്ട മുൻ ബ്രാഞ്ച് സെക്രട്ടറിയായിരുന്ന ഭഗവൽസിങ് ഇപ്പോഴും പാർട്ടിയിൽ സജീവമാണ്.മല്ലപ്പള്ളിയിൽ ഒരാഴ്ച മുൻപ് നടന്ന കർഷക സംഘം ജില്ലാ സമ്മേളനത്തിലും പങ്കെടുത്തിരുന്നു.ഇലന്തൂരിലെ ചില സാഹിത്യ സദസുകളിലും പങ്കെടുത്തിരുന്നു. ഹൈക്കു കവിതകളെക്കുറിച്ച് ക്‌ളാസെടുക്കുമെന്നും ഫേസ് ബുക്കിലൂടെ ഇയാൾ അറിയിച്ചിരുന്നു.

അതുകൊണ്ടാണ് ഇലന്തൂരിൽ കൊലപാതകങ്ങൾ നടത്തിയത് സാമ്പത്തിക ഉന്നതിക്കും, ഐശ്വര്യത്തിനും വേണ്ടിയാണെന്ന് റിമാൻഡ് റിപ്പോർട്ടു ഞെട്ടിപ്പിക്കുന്നതാകുന്നത്. പത്മയെ ഷാഫിയും റോസ്ലിയെ ലൈലയുമാണ് കൊലപ്പെടുത്തിയത്. പണത്തെച്ചൊല്ലിയുള്ള തർക്കത്തിനിടെയാണ് പത്മയെ കൊലപ്പെടുത്തിയത്. പ്ലാസ്റ്റിക് കവറുകൊണ്ട് കഴുത്തിൽ കുരുക്കി ശ്വാസം മുട്ടിച്ചു. സ്വകാര്യഭാഗത്ത് കത്തി കയറ്റുകയും തുടർന്ന് കഴുത്തറുക്കുകയുമായിരുന്നു. കൈകാലുകൾ മൂർച്ചയുള്ള ആയുധം ഉപയോഗിച്ച് വെട്ടിനുറുക്കി. 56 കഷണങ്ങളാക്കി ബക്കറ്റുകളിലെടുത്ത് വീടിന്റെ പിന്നിൽ കുഴിച്ചിട്ടു. സ്ത്രീകളുടെ സ്വകാര്യ ഭാഗങ്ങളിൽ കുത്തി മുറിവേൽപ്പിച്ചെന്നും പൊലീസ് പറയുന്നു.

മൂന്നുപ്രതികളെയും രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു. പൊലീസിനെതിരെ പരാതിയൊന്നുമില്ലെന്ന് പ്രതികൾ കോടതിയിൽ പറഞ്ഞു. വിഷാദരോഗിയെന്നും ഉയർന്ന രക്തസമ്മർദമുണ്ടെന്നും ലൈല കോടതിയിൽ പറഞ്ഞു. ഷാഫിയെയും ഭഗവൽസിങ്ങിനെയും കാക്കനാട് ജില്ലാ ജയിലിലേക്കും ലൈലയെ വനിതാ ജയിലിലേക്കും മാറ്റി. തിരിച്ചറിയാതിരിക്കാൻ മുഖം മറച്ചാണ് പ്രതികളെ രാവിലെ കടവന്ത്ര പൊലീസ് സ്റ്റേഷനിലും പിന്നീടു കോടതിയിലും എത്തിച്ചത്. ഷാളിൽ മുഖം മറച്ചാണു ലൈലയെ എത്തിച്ചത്.

ഇന്നു പുലർച്ചയോടെ കൊച്ചിയിൽ എത്തിച്ച പ്രതികളെ കോടതിയിൽ ഹാജരാക്കുന്നതിനു മുന്നോടിയായി കടവന്ത്ര സ്റ്റേഷനിൽ എത്തിക്കുകയായിരുന്നു. എറണാകുളം സിറ്റി ഡപ്യൂട്ടി കമ്മിഷണറുടെ നേതൃത്വത്തിലാണു സ്റ്റേഷനിൽ എത്തിച്ചത്. ഉടൻ തന്നെ കോടതിയിലേക്കു കൊണ്ടു പോകുകയും ചെയ്തു.