- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൊച്ചി ഹോസ്റ്റലിലെ പെൺകുട്ടികളെ ഷാഫി ഇലന്തൂരിലെത്തിച്ച് ദുരുപയോഗം ചെയ്തു; ഒരു യുവാവിനൊപ്പം രണ്ടു പെൺകുട്ടികൾ എത്തി; ഇവരെ തിരികെ കൊച്ചിയിലെത്തിച്ചെന്ന മൊഴി വിശ്വാസയോഗ്യമല്ല; നരബലിക്കാർ കൂടുതൽ പേരെ വകവരുത്തി? കിട്ടിയത് സ്ത്രീകളുടെ മൃതദേഹ ഭാഗങ്ങൾ; ഡിഎൻഎ പരിശോധനയിൽ സത്യം കണ്ടെത്തും; കസ്റ്റഡിയിലെ ചോദ്യം ചെയ്യൽ നിർണ്ണായകം
കോട്ടയം: പത്തനംതിട്ട ഇലന്തൂരിൽനിന്നു കഷണങ്ങളാക്കിയ നിലയിൽ കണ്ടെത്തിയ മൃതദേഹ അവശിഷ്ടങ്ങൾ സ്ത്രീകളുടേതു തന്നെയെന്നു പോസ്റ്റ്‌മോർട്ടത്തിൽ സ്ഥിരീകരിച്ചതായി വിവരം. മൃതദേഹങ്ങളുടെ പ്രായം കാണാതായവരുടെതുമായി സാമ്യം ഉണ്ട്. മൃതദേഹത്തിന്റെ പഴക്കം, ശരീരത്തിലെ മുറിവുകൾ എന്നിവ പൊലീസ് നിഗമനങ്ങളെ ശരിവയ്ക്കുന്നതാണെന്നും സ്ഥിരീകരിച്ചു. എന്നാൽ റോസ്ലിയും പത്മയുമാണ് കൊല്ലപ്പെട്ടതെന്ന് ഉറപ്പിക്കാൻ ഡി എൻ എ പരിശോധന നടത്തും.
പോസ്റ്റ്‌മോർട്ടം നടപടി 99% പൂർത്തിയായി. ഇനി ചില ശാസ്ത്രീയ പരിശോധനകൾ മാത്രമാണു ബാക്കിയുള്ളത്. ലഭിച്ച ശരീരഭാഗങ്ങൾ ചേർത്ത് ഒറ്റ ശരീരമാക്കി നോക്കി. കട്ടിയും മൂർച്ചയുമുള്ള ആയുധമാണു ശരീരം വെട്ടി നുറുക്കാൻ ഉപയോഗിച്ചതെന്നു കണ്ടെത്തിയിരുന്നു. 61 കഷണങ്ങളായാണു ശരീരഭാഗങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി എത്തിച്ചത്. ഓരോ ശരീരഭാഗത്തിന്റെയും സാംപിളുകൾ ഡിഎൻഎ പരിശോധനയ്ക്കായി തിരുവനന്തപുരം രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബയോടെക്‌നോളജിയിലേക്ക് അയയ്ക്കും. കൂടുതൽ പേരുടെ ശരീര ഭാഗങ്ങളുണ്ടോ എന്ന് ഡി എൻ എ പരിശോധനയിലൂടെ കണ്ടെത്താനാകും.
ഡിഎൻഎ പരിശോധനയ്ക്കായി റോസ്ലി, പത്മ എന്നിവരുടെ മക്കളുടെ രക്തസാംപിളും ശേഖരിച്ചു. പത്മയുടെ മകൻ ശെൽവത്തിന്റെയും റോസ്ലിയുടെ മകൾ മഞ്ജുവിന്റെയും രക്തമാണു ശേഖരിച്ചത്. ഇവ ഒത്തുനോക്കി സ്ഥിരീകരിച്ച ശേഷമേ മൃതദേഹം ബന്ധുക്കൾക്കു കൈമാറുകയുള്ളൂ. ഇലന്തൂരിൽ നരബലിക്കിരയായ റോസ്ലി ജൂൺ 8ന് ചങ്ങനാശേരിയിലേക്കെന്നു പറഞ്ഞു പോയതാണെന്നു മറ്റൂരിലെ വാടക വീട്ടിൽ ഒപ്പം താമസിച്ചിരുന്ന സജീഷ് പൊലീസിനു മൊഴി നൽകി.
ചങ്ങനാശേരിയിലെ ഒരു മാമൻ വിദേശത്തു നിന്നു വരുന്നുണ്ടെന്നു പറഞ്ഞാണു പോയത്. പിന്നീടു വിളിച്ചപ്പോഴൊക്കെ ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു. ഇതേത്തുടർന്നു പൊലീസിൽ വിവരം പറഞ്ഞു. റോസ്ലിയെ വിവാഹം ചെയ്യാൻ തീരുമാനിച്ചിരുന്നുവെന്നും സജീഷ് പറഞ്ഞു. കടവന്ത്ര പൊലീസ് രജിസ്റ്റർ ചെയ്ത പത്മ തിരോധാന കേസുമായി ബന്ധപ്പെട്ടു ഡിസിപി എസ്. ശശിധരനു തോന്നിയ സംശയങ്ങളാണു കേരളം ഞെട്ടിയ ഇരട്ട നരബലി പുറത്തു കൊണ്ടു വന്നത്. തുടർന്നാണു കൂടുതൽ പൊലീസുകാരെ ഉൾപ്പെടുത്തി കേസന്വേഷണം ഊർജിതമാക്കാൻ കൊച്ചി സിറ്റി പൊലീസ് തീരുമാനിച്ചത്.
തിരോധാന കേസിൽ സംശയാസ്പദമായ ചില കാര്യങ്ങളുണ്ടെന്ന കൊച്ചി ഡിസിപി എസ്. ശശിധരന്റെ വിലയിരുത്തലാണു വിപുലമായ അന്വേഷണത്തിലേക്കും അതുവഴി സത്യം കണ്ടെത്തുന്നതിലേക്കും നയിച്ചത്. ഇലന്തൂരിലെ ഇരട്ടബലി നടന്ന വീട് കനത്ത പൊലീസ് വലയത്തിലാണിപ്പോൾ. പത്തനംതിട്ട എആർ ക്യാംപ്, ആറന്മുള സ്റ്റേഷൻ എന്നിവിടങ്ങളിലെ പൊലീസ് സംഘങ്ങൾ സ്ഥലത്ത് നിലയുറപ്പിച്ചിട്ടുണ്ട്. കൊച്ചിയിൽ നിന്നുള്ള നിർദ്ദേശ പ്രകാരമായിരിക്കും തുടരന്വേഷണമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ദേശീയ മാധ്യമങ്ങൾ ഉൾപ്പെടെ ഇന്നലെ സ്ഥലത്തുണ്ടായിരുന്നു. സ്ഥലം കാണാനായി നാട്ടുകാരുൾപ്പെടെ ഒട്ടേറെപ്പേർ എത്തിയിരുന്നു. പ്രതികളെ കൂടുതൽ തെളിവെടുപ്പിനായി വീണ്ടും ഇലന്തൂരിൽ കൊണ്ടുവരുമെന്നാണു സൂചന.
കൊച്ചിയിൽ ഹോസ്റ്റലിൽ താമസിക്കുന്ന പെൺകുട്ടികളെ നരബലിക്കേസിലെ മുഖ്യപ്രതി മുഹമ്മദ് ഷാഫി ഇലന്തൂരിലെത്തിച്ച് ദുരുപയോഗം ചെയ്തതായാണ് വിവരം. പൊലീസ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. കൂടുതൽ ചോദ്യംചെയ്തശേഷമേ ഇക്കാര്യത്തിൽ ഉറപ്പുപറയാനാകൂവെന്നാണ് പൊലീസ് പറയുന്നത്. ഒരു യുവാവിനൊപ്പം രണ്ടു പെൺകുട്ടികൾ ഇലന്തൂരിലെത്തി. ഇതിനുശേഷം പെൺകുട്ടികളെ തിരികെ കൊച്ചിയിലെത്തിച്ചതായും ഇയാൾ പൊലീസിനോടു പറഞ്ഞതായാണ് വിവരം. പെൺകുട്ടികളെ കണ്ടെത്താനുള്ള ശ്രമവും പൊലീസ് തുടങ്ങിയിട്ടുണ്ട്.
ഷാഫി 16-ാം വയസ്സുമുതൽ കുറ്റകൃത്യങ്ങളിലേർപ്പെട്ടിരുന്നെന്ന സൂചനയും പൊലീസിന് ലഭിച്ചിട്ടുണ്ട്. ഷാഫിക്ക് കാർ വാങ്ങിനൽകിയതും കൂട്ടുപ്രതിയായ ഭഗവൽ സിങ്ങാണെന്ന് മനസ്സിലായി. ഈ കാറിലാണ് ഇരകളായ സ്ത്രീകളെ ഷാഫി ഇലന്തൂരിലെ വീട്ടിലെത്തിച്ചത്. മൂന്ന് പ്രതികളെയും 12 ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽവിട്ട് എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതി ഉത്തരവിട്ടിരുന്നു. ഈ മാസം 24 വരെയാണ് കസ്റ്റഡി അനുവദിച്ചത്. ഒന്നാംപ്രതിയായ മുഹമ്മദ് ഷാഫി, രണ്ടും മൂന്നും പ്രതികളായ ഭഗവൽ സിങ്, ഭാര്യ ലൈല എന്നിവരെയാണ് കസ്റ്റഡിയിൽവിട്ടത്.
സമൂഹമനസ്സാക്ഷിയെ ഞെട്ടിച്ച കുറ്റകൃത്യമാണിതെന്ന് കോടതി ചൂണ്ടിക്കാട്ടി. സമാനമായ സംഭവത്തിന് സമീപകാലത്തൊന്നും േകരളം സാക്ഷ്യംവഹിച്ചിട്ടില്ല. ശാസ്ത്രസാങ്കേതികത പുരോഗമിക്കുമ്പോഴും അന്ധവിശ്വാസങ്ങളും ദുരാചാരങ്ങളും സമൂഹത്തിലുണ്ട്. ഇത് സമൂഹപുരോഗതിക്ക് തിരിച്ചടിയാണ്. ആധുനിക സാങ്കേതികതയിലധിഷ്ഠിതമായ ഫേസ്‌ബുക്കും മൊബൈൽ ഫോണും യൂട്യൂബുമെല്ലാംതന്നെ ദുരാചാരങ്ങൾ പ്രചരിപ്പിക്കാൻ ഉപയോഗിക്കപ്പെടുന്നെന്നും കോടതി പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ