ഇലന്തൂർ: ഇടതുപക്ഷ പുരോഗമന മുഖമായിരുന്നു ഭഗവൽ സിങിന്റേത്. സിപിഎം മുൻ ബ്രാഞ്ച് സെക്രട്ടറി. എന്നാൽ വായിച്ചിരുന്നത് മന്ത്രവാദവുമായി ബന്ധപ്പെട്ട പുസ്തകങ്ങൾ. കുട്ടിക്കാലത്തേ ഈ സ്വഭാവം തുടങ്ങിയിരുന്നു. മന്ത്രവാദവുമായി ബന്ധപ്പെട്ട ഏറെ പുസ്തകങ്ങൾ വായിച്ചിരുന്നെന്ന് അടുത്തറിയാവുന്നവർ പറയുന്നു. ചെറുപ്പകാലത്ത് ഇത്തരം പുസ്തകങ്ങളിലെ സന്ദർഭങ്ങൾ സൗഹൃദചർച്ചകളിൽ പങ്കുവെച്ചിരുന്നു. ഭഗവൽസിങ്ങിന്റെ വീട്ടിലെ പുസ്തകശേഖരത്തിലും മന്ത്രവാദം, ആഭിചാരം എന്നിവയുമായി ബന്ധപ്പെട്ടവ ഉണ്ടായിരുന്നു.

ബിരുദത്തിന് മലയാളം ഐച്ഛിക വിഷയമായെടുത്ത സിങ്ങിനോട്, ഇത്തരത്തിലുള്ള പുസ്തകങ്ങളുടെ ലോകത്തുനിന്ന് മാറണമെന്ന് അടുപ്പമുള്ളവർ പറഞ്ഞിട്ടുണ്ട്. എന്നാൽ, ലോകത്ത് ഇത്തരം കാര്യങ്ങളും ഉണ്ടെന്ന് അറിയണമല്ലോയെന്ന് പറഞ്ഞ് അയാൾ അത് തള്ളിയിരുന്നു. ഏറെ അടുപ്പമുള്ളവരോട് ലൈംഗികകാര്യങ്ങളും സംസാരിക്കുമായിരുന്നു. ചെറുപ്പകാലത്ത് വായിച്ച മാന്ത്രിക നോവലിനെക്കുറിച്ച് ഗവേഷകനെപ്പോലെ ഭഗവൽസിങ് സംസാരിച്ചിരുന്നു.

നിഗൂഢതയുടെ രാത്രിസൗന്ദര്യം അമർന്നുകിടക്കുന്ന ലയസുരഭില ഭാഷയിലുള്ള എഴുത്താണ് ഭഗവൽ സിങിന് താൽപ്പര്യമുണ്ടായിരുന്നത്. രതിയും മരണവും പ്രണയവും ഇഴ ചേർന്നുകിടക്കുന്ന നോവലാണെന്നും അത് എല്ലാവരും വായിക്കണമെന്നും ഉപദേശിക്കുകയും ചെയ്തു. ഈ നോവൽ സിനിമയാക്കിയപ്പോൾ സിങ് കാണുകയും ചെയ്തു. വീട്ടിലെ പുസ്തക ശേഖരത്തിലെ ആഭിചാര പുസ്തകങ്ങൾ പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇതിൽ ചിലത് മറ്റുള്ളവരുടേതാണെന്നും വായിക്കാൻ കൊണ്ടുവന്നതാണെന്നും ഇയാൾ മൊഴി നൽകിയിട്ടുണ്ട്. ഇതിന്റെ ഉടമകളേയും പൊലീസ് ചോദ്യം ചെയ്യും.

കേരളത്തെ നടുക്കിയ ഇരട്ടനരബലി കേസിനു ദൃക്സാക്ഷികളില്ലാത്തതിനാൽ പ്രതികളിലൊരാൾ മാപ്പുസാക്ഷിയാകും. ഈ കേസിൽ മാപ്പുസാക്ഷിയാകാൻ ഏറ്റവും കൂടുതൽ സാധ്യത ഭഗവൽ സിങ്ങിനാണ്. എന്നാൽ, കുറ്റകൃത്യത്തിൽ ആദ്യാവസാനം പങ്കെടുത്തയാളെ മാപ്പുസാക്ഷിയാക്കുക എളുപ്പമല്ല. കുറ്റസമ്മതമൊഴി മജിസ്ട്രേറ്റിന് മുന്നിൽ രേഖപ്പെടുത്തിയാൽ മാപ്പുസാക്ഷിയാക്കാൻ പഴുതുണ്ടെന്നു നിയമവിദഗ്ദ്ധർ പറയുന്നു.

കൊലപാതകങ്ങൾക്ക് മുൻകൈയെടുത്തത് മുഖ്യപ്രതി മുഹമ്മദ് ഷാഫിയും ഭഗവൽ സിങ്ങിന്റെ ഭാര്യ ലൈലയുമാണ്. കൊലപാതകവിവരം പുറത്താകുമെന്നു ഭയന്ന് ഭഗവൽ സിങ്ങിനെയും കൊലപ്പെടുത്താൻ പദ്ധതിയിട്ടിരുന്നതായി പൊലീസിനു ലൈല നൽകിയ മൊഴി ഇതിനു സഹായകമാകും. കൊലപാതകങ്ങളിൽ ഭഗവൽ സിങ് അസ്വസ്ഥനായിരുന്നു. കൂടുതൽ ചോദ്യം ചെയ്യലിൽ പൊലീസിനെ സഹായിക്കുന്ന പ്രധാന വിവരങ്ങൾ ഭഗവൽ സിങ് തുറന്നു പറയാനാണ് സാധ്യത.

പൊലീസിനെ സഹായിക്കുന്ന പ്രധാന വിവരങ്ങൾ ഭഗവൽ സിങ് തുറന്നു പറഞ്ഞാൽ മറ്റു കാര്യങ്ങൾ പൊലീസിന് എളുപ്പമാകും. പിന്നെ മജിസ്ട്രേറ്റിനു മുന്നിൽ ഹാജരാക്കി 164 പ്രകാരം കുറ്റസമ്മതമൊഴി രേഖപ്പെടുത്തിയാൽ ഭഗവൽ സിങ്ങിനെ മാപ്പുസാക്ഷിയാക്കാൻ പൊലീസിനു സാധിക്കും. ഭഗവൽ സിങ് മാപ്പുസാക്ഷിയായാൽ മാത്രമേ പ്രതികൾക്കു കടുത്തശിക്ഷ ലഭിക്കാൻ സാധ്യതയുള്ളൂ.

ഇന്ത്യൻ ശിക്ഷാനിയമത്തിൽ നരബലിക്കു വകുപ്പോ ശിക്ഷയോ ഇല്ല. കൊലപാതകം (വകുപ്പ് 302) എന്നുള്ളതു മാത്രമേ ചുമത്താൻ സാധിക്കുകയുള്ളു. അതേസമയം കുറ്റകൃത്യത്തിന്റെ രീതി എന്താണെന്ന ചോദ്യത്തിന് നരബലിയെന്നു രേഖപ്പെടുത്താമെന്നുള്ളത് മാത്രമാണ് മെച്ചം. കേസിൽ കൊലപാതകത്തിനു പുറമേ, ക്രിമിനൽ ഗൂഢാലോചന(120 ബി)യും ചുമത്തിയിട്ടുണ്ട്. തുടരെ രണ്ട് കൊലപാതകങ്ങൾ നടന്നതിനാൽ പ്രതികളുടെ മൊബൈൽ ഫോൺ ലൊക്കേഷനും മറ്റ് ശാസ്ത്രീയതെളിവുകളും നിരത്തിയാകും പ്രോസിക്യൂഷൻ പ്രതികൾക്ക് എതിരെ രംഗത്തെത്തുന്നത്. ഈ വാദങ്ങളിലൂടെ സംഭവത്തിലെ ക്രിമിനൽ ഗൂഢാലോചന തെളിയിക്കാമെന്നാണ് പ്രതീക്ഷ.

അതിനിടെ ഭഗവൽ സിങ് സജീവ സിപിഎം പ്രവർത്തകനാണെന്ന ചില മാധ്യമങ്ങളുടെ പ്രചാരണം വസ്തുതാവിരുദ്ധമെന്ന് പത്തനംതിട്ട ജില്ല സെക്രട്ടറി കെ.പി. ഉദയഭാനു അറിയിച്ചു. ബിജെപിയും കോൺ??ഗ്രസും ചേർന്ന് നടത്തുന്ന കള്ളപ്രചാരണമാണിത്. പാർട്ടിയംഗമല്ല. പാർട്ടിയിലോ മറ്റ് ബഹുജനസംഘടനകളിലോ ഉത്തരവാദിത്വവും ഇല്ലായിരുന്നു. അനുഭാവിയെന്ന നിലയിൽ ചില പൊതുപരിപാടികളിൽ പങ്കെടുത്തിട്ടുണ്ടാവും. അനാചാരത്തിനും അന്ധവിശ്വാസത്തിനുമെതിരെ പ്രതികരിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന പ്രസ്ഥാനമാണ് സിപിഎം. സംഭവമറിഞ്ഞ് അവിടെ ആദ്യം എത്തിയതും നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടതും സിപിഎമ്മാണ്. കേന്ദ്രകമ്മിറ്റിയംഗം പി.കെ. ശ്രീമതിയും ജില്ലാ നേതാക്കളും മണിക്കൂറുകൾക്കകം സ്ഥലത്തെത്തി. മറ്റൊരു രാഷ്ട്രീയ പ്രസ്ഥാനവും ഇത്തരത്തിൽ പരസ്യമായി രംഗത്തുവന്നില്ല.-നേതാവ് പറയുന്നു.

വ്യാഴാഴ്ച മലയാലപ്പുഴയിൽ ദുർമന്ത്രവാദത്തിനെതിരെ പ്രതികരിച്ചതും ഡിവൈഎഫ്ഐയാണ്. ആ സ്ഥാപനം പൂട്ടിച്ചു. ഇത്തരക്കാർക്കെതിരെ കർശന നടപടിയെടുക്കണമെന്നാണ് സിപിഎം നിലപാട്. ഇക്കാര്യത്തിൽ വിട്ടുവീഴ്ചയില്ലെന്നും ജില്ലാ സെക്രട്ടറി കെ.പി. ഉദയഭാനു പ്രസ്താവനയിൽ പറഞ്ഞു.