തൃശൂര്‍: രണ്ടു നവജാതശിശുക്കളെ കൊന്നു കുഴിച്ചുമൂടിയ സംഭവത്തില്‍ ഡി എന്‍ എ പരിശോധന നിര്‍ണ്ണായകമാകും. ഈ കേസ് തെളിയിക്കാന്‍ ഇത് അനിവാര്യതയായി മാറും. അമ്മ അനീഷ ശുചിമുറിയില്‍ പ്രസവിച്ചതു യൂട്യൂബ് നോക്കിയാണെന്നാണ് മൊഴി. ലാബ് ടെക്‌നീഷന്‍ കോഴ്‌സ് പഠിച്ചതും പ്രതിക്കു സഹായകമായി. വീട്ടിലെ ശുചിമുറിയിലാണ് ആദ്യത്തെ പ്രസവം നടന്നത്. ഇതെല്ലാം പോലീസ് സ്ഥിരീകരിച്ചു. അയല്‍വാസിയുടെ മൊഴിയും കേസില്‍ നിര്‍ണ്ണായകമാകും. ഭവിനും അനീഷയും കുറ്റസമ്മതം നടത്തിയെങ്കിലും ശാസ്ത്രീയ തെളിവുകള്‍ വിചാരണയില്‍ നിര്‍ണ്ണായകമാകും. അനീഷയുടെ അമ്മയ്ക്കും നേരത്തെ തന്നെ എല്ലാം അറിയാമായിരുന്നുവെന്ന നിഗമനത്തിലാണ് പോലീസ്. എന്നാല്‍ ഇതിന് വ്യക്തമായ തെളിവൊന്നും പോലീസിന് കിട്ടിയിട്ടില്ല. നവജാതശിശുക്കളെ കൊല്ലാനുള്ള തീരുമാനം പെട്ടെന്നെടുത്തതല്ലെന്നും ഇതുമായി ബന്ധപ്പെട്ട് അനീഷയും ഭവിനും സംസാരിച്ചിരുന്നെന്നും പോലീസ് തിരിച്ചറിയുന്നു. ചില സംശയങ്ങള്‍ ചിലരുമായി സംസാരിച്ച് വ്യക്തതയും വരുത്തി. സംഭവമൊന്നും പുറത്തറിയാതിരിക്കാനും ശ്രദ്ധിച്ചു. ഇനി അന്വേഷണം രണ്ടാം ഘട്ടത്തിലേക്കാണ്. കുറ്റസമ്മത മൊഴിയില്‍ വരാത്ത പ്രതികളെ കണ്ടെത്തുകയാണ് ലക്ഷ്യം.

ശിശുക്കളെ കൊലപ്പെടുത്തിയ സംഭവം നാലുവര്‍ഷം മറച്ചുപിടിച്ചെങ്കിലും കഴിഞ്ഞ ആറു മാസമായി ഭവിനും അനീഷയ്ക്കും ഇടയിലുണ്ടായ പിണക്കമാണ് സംഭവം പുറത്തറിയാന്‍ കാരണമായത്. അനീഷ തന്നെ ഒഴിവാക്കുമോ എന്ന ചിന്തയ്‌ക്കൊപ്പം താനറിയാതെ മറ്റൊരു ഫോണ്‍ ഉപയോഗിക്കുന്നു എന്ന വിവരവും ഭവിനില്‍ ആശങ്ക ഉണ്ടാക്കി. ഈ വിഷയത്തില്‍ ഇരുവരും തമ്മില്‍ വാക്കേറ്റം ഉണ്ടായിരുന്നു. തുടര്‍ന്നാണ് ഇയാള്‍ പുതുക്കാട് പോലീസ് സ്റ്റേഷനിലെത്തി വിവരം തുറന്നുപറഞ്ഞത്. പോലീസ് കുഴികളില്‍ നിന്ന് ശേഖരിച്ച അസ്ഥികള്‍ ഇവരുടെ കുട്ടികളുടേതാണെന്ന് ഉറപ്പിക്കാന്‍ ഡിഎന്‍എ പരിശോധന വേണം. ഇതിന് അതിവേഗ നടപടികളെടുക്കും. രണ്ടാമത്തെ പ്രവസത്തെക്കുറിച്ച് അമ്മയ്ക്ക് അറിവുണ്ടായിരുന്നോയെന്ന് പോലീസ് സംശയിക്കുന്നുണ്ട്. അറിയില്ലെന്ന അമ്മയുടെ വാദം പൂര്‍ണമായും പോലീസ് വിശ്വസിക്കുന്നില്ല.

രണ്ടു മുറികളുള്ള ചെറിയ വീട്ടില്‍ രണ്ടു തവണ യുവതി പ്രസവിച്ചുവെന്നത് അസ്വഭാവികമാണെന്ന നിഗമനത്തിലാണ് പോലീസ്. പിസിഒഡിയും ഹോര്‍മോണ്‍ വ്യതിയാനവും ഉള്ളതിനാലാണ് ശരീരം തടിക്കുന്നതെന്നാണ് അമ്മയോട് അനീഷ പറഞ്ഞിരുന്നത്. പ്രാഥമിക വിദ്യാഭ്യാസം മാത്രം നേടിയിട്ടുള്ള അമ്മയെ പറ്റിച്ചുവെന്നാണ് അനീഷ പറയുന്നത്. വയര്‍ പുറത്തറിയാതിരിക്കാന്‍ തുണി ചുറ്റിയായിരുന്നു പുറത്തിറങ്ങിയിരുന്നത്. രണ്ടു കൊലപാതകങ്ങളില്‍ പ്രത്യേകം എഫ്‌ഐആറാണ് സമര്‍പ്പിച്ചിരിക്കുന്നത്. കൊലപാതകം, ഗൂഢാലോചന, കുട്ടികള്‍ക്കെതിരേയുള്ള അതിക്രമം തുടങ്ങിയ വകുപ്പുകളാണ് പ്രതികളുടെ പേരില്‍ ചുമത്തിയിരിക്കുന്നത്. പ്രതികളെ തിങ്കളാഴ്ച വൈകീട്ട് ഇരിങ്ങാലക്കുട ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ഇനിയും ഇവരെ കസ്റ്റഡിയില്‍ വാങ്ങി പോലീസ് ചോദ്യം ചെയ്യും. കുറ്റസമ്മതം നടത്തിയതു കൊണ്ട് കേസില്‍ നിലവില്‍ പോലീസിന് വെല്ലുവിളിയില്ല. എന്നാല്‍ കോടതിയില്‍ കേസ് തെളിയാന്‍ ശാസ്ത്രീയ തെളിവുകള്‍ അനിവാര്യമാണ്.

2021-ലായിരുന്നു അനീഷയുടെ ആദ്യത്തെ പ്രസവം. വയറില്‍ തുണികെട്ടിവച്ച് ഗര്‍ഭാവസ്ഥ മറച്ചുവച്ചു. ഇറുകിയ വസ്ത്രങ്ങള്‍ ഒഴിവാക്കി. ആദ്യകുഞ്ഞിനെ കുഴിച്ചിടാന്‍ വീടിന്റെ പിന്‍ഭാഗത്താണ് ആദ്യം കുഴിയെടുത്തത്. എന്നാല്‍ അയല്‍വാസി ഗിരിജ ഇതു കണ്ടതിനാല്‍ ആ സ്ഥലം ഉപേക്ഷിക്കുകയായിരുന്നു. പിന്നീട് വീടിന്റെ ഇടതുഭാഗത്തെ മാവിന്‍ചുവട്ടില്‍ കുഴിച്ചിട്ടു. 2024-ല്‍ ആയിരുന്നു രണ്ടാമത്തെ പ്രസവം. യുവതിയുടെ വീട്ടിലെ മുറിക്കുള്ളിലാണു പ്രസവം നടന്നത്. തുടര്‍ന്നു കുട്ടിയുടെ ഫോട്ടോ അനീഷ മൊബൈല്‍ ഫോണില്‍ പകര്‍ത്തിസൂക്ഷിച്ചിരുന്നു. ആദ്യ കുട്ടിയുടെ അസ്ഥികള്‍ അനീഷതന്നെയാണ് എട്ടു മാസത്തിനുശേഷം ഭവിന് എത്തിച്ചുനല്‍കിയത്. ഭവിന്‍ ഇതു തോട്ടില്‍വച്ച് കത്തിച്ചുനശിപ്പിക്കാന്‍ ശ്രമിച്ചിരുന്നു. മാതാപിതാക്കള്‍ക്കു ദോഷം വരാതിരിക്കാന്‍ കര്‍മം ചെയ്യണമെന്നുപറഞ്ഞായിരുന്നു അനീഷയില്‍നിന്ന് ഭവിന്‍ അസ്ഥി വാങ്ങിയത്. എന്നാല്‍, അനീഷ തന്നെ വിട്ടുപോകാതിരിക്കാനുള്ള പിടിവള്ളിയായാണ് ഭവിന്‍ അസ്ഥി സൂക്ഷിച്ചത്.

2021 നവംബറില്‍ ആദ്യത്തെ പ്രസവം നടക്കുമ്പോള്‍ അനീഷയുടെ വീട്ടില്‍ ആരുമില്ലായിരുന്നു. ശുചിമുറിയില്‍ പ്രസവിച്ച് ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ത്തന്നെ കുട്ടിയെ മറവുചെയ്തു. ഈ സംഭവം അയല്‍വാസിയായ ഗിരിജ കണ്ടതായി അനീഷയ്ക്ക് മനസ്സിലായതാണ് അസ്ഥികള്‍ ശേഖരിക്കാനുള്ള പ്രധാന കാരണം. ഗിരിജ ഇക്കാര്യം ചിലരോട് സംസാരിച്ചതറിഞ്ഞ അനീഷയും സഹോദരനും അവരുടെ വീട്ടിലെത്തി ഭീഷണിപ്പെടുത്തി. അപവാദം പ്രചരിപ്പിക്കുന്നുവെന്നു പറഞ്ഞ് വെള്ളിക്കുളങ്ങര സ്റ്റേഷനില്‍ പരാതിയും നല്‍കി. പരാതി പോലീസ് ഇടപെടുകയും ചെയ്തു. ഇതോടെയാണ് അസ്ഥികള്‍ മാറ്റിയത്. പ്രസവത്തിന് എട്ടു മാസത്തിനു ശേഷമായിരുന്നു ഇത്. ആദ്യത്തെ പ്രസവത്തിനു ശേഷം ഭവിന്‍ ഇക്കാര്യങ്ങള്‍ അടുത്ത സുഹൃത്തുക്കളോട് സംസാരിച്ചിരുന്നു. അവരുടെ നിര്‍ദേശപ്രകാരമാണ് കര്‍മം ചെയ്യാന്‍ അസ്ഥി സൂക്ഷിക്കാന്‍ തീരുമാനിച്ചത്.

2024 ഓഗസ്റ്റ് 29-ന് രണ്ടാമത്തെ കുട്ടി ജനിച്ചത് അനീഷയുടെ സഹോദരന്റെ മുറിയില്‍വെച്ചായിരുന്നു. ശിശുവിന്റെ ചിത്രം അനീഷ ഫോണില്‍ എടുത്തിരുന്നു. കുട്ടി കരഞ്ഞതോടെ മുഖം പൊത്തിപ്പിടിച്ച് കൊല്ലുകയായിരുന്നു. തുടര്‍ന്ന് മൃതദേഹം മുണ്ടില്‍പ്പൊതിഞ്ഞ് മുറിയിലെ കോണ്‍ക്രീറ്റ് തട്ടില്‍ വെച്ചു. പിറ്റേദിവസം ഉച്ചയ്ക്കുശേഷമാണ് സഞ്ചിയിലിട്ട് സ്‌കൂട്ടറില്‍ ആമ്പല്ലൂരിലേക്ക് കൊണ്ടുവന്നത്. ഭവിന്റെ നിര്‍ദേശപ്രകാരമായിരുന്നു. വീടിനു സമീപമുള്ള റോഡില്‍ വെച്ചാണ് മൃതദേഹമുള്ള സഞ്ചി ഭവിന്‍ വാങ്ങിയത്. തുടര്‍ന്ന് നെന്‍മണിക്കരയിലെ അമ്മയുടെ വീടിനോടുചേര്‍ന്നാണ് കുഴിച്ചിട്ടത്. നാലു മാസത്തിനു ശേഷമാണ് കുഴിയില്‍നിന്ന് കൈ-കാല്‍ അസ്ഥിയും തലയോട്ടിയുടെ ഭാഗങ്ങളും ശേഖരിച്ചത്.

അനീഷ ഉപയോഗിച്ചിരുന്ന രണ്ടാമത്തെ ഫോണില്‍ ആദ്യത്തെ കുട്ടിയുടെ ചിത്രം ഉണ്ടായിരുന്നെന്ന് ഭവിന്‍ മൊഴി നല്‍കിയിട്ടുണ്ട്. രണ്ടാമതൊരു ഫോണ്‍ ഉപയോഗിക്കുന്നത് ഇയാള്‍ വിലക്കിയിരുന്നു. എന്നാല്‍, ഈ വര്‍ഷം ജനുവരിയിലാണ് ഫോണ്‍ ഉപയോഗിക്കുന്ന കാര്യം ഭവിന്‍ അറിയുന്നത്. ഇതിനെത്തുടര്‍ന്ന് വലിയ വാക്കുതര്‍ക്കം ഇരുവരും തമ്മിലുണ്ടായി. ഇയാള്‍ വീട്ടിലെത്തി അനീഷയെ വിവാഹം കഴിക്കാന്‍ താത്പര്യമുണ്ടെന്ന് അമ്മയോട് സംസാരിച്ചിരുന്നു. അമ്മയ്ക്ക് താത്പര്യമില്ലെന്ന് മനസ്സിലാക്കിയതോടെ അനീഷയോട് നിരന്തരം വഴക്കായി. തര്‍ക്കമുണ്ടായ ഒരു ദിവസം ഈ ഫോണ്‍ ഭവിന്‍ എറിഞ്ഞുടച്ചു.