ന്യൂഡൽഹി: ഭോജ്പുരി നടി ആകാംക്ഷ ദുബെയുടെ മരണത്തിൽ ഗായകൻ സമർ സിങ്ങിനും സഹോദരനുമെതിരെ ഗുരുതര ആരോപണവുമായി നടിയുടെ കുടുംബം. ഭോജ്പുരി ഗായകൻ സമർ സിങ്ങും അദ്ദേഹത്തിന്റെ സഹോദരൻ സഞ്ജയ് സിങ്ങുമാണ് ആകാംക്ഷയുടെ മരണത്തിന് ഉത്തരവാദിയെന്ന് നടിയുടെ അമ്മ മധു ദുബെ ആരോപിച്ചു.

സമർ സിങ്ങും സഞ്ജയ് സിങ്ങും ആകാംക്ഷയെ നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നു. കഴിഞ്ഞ മൂന്നുവർഷമായി കോടിക്കണക്കിന് രൂപയുടെ ജോലിചെയ്തിട്ടും ഇരുവരും പണം നൽകിയിരുന്നില്ല. സഞ്ജയ് സിങ് മകളെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നതായും ഇക്കാര്യം മാർച്ച് 21-ന് മകൾ വെളിപ്പെടുത്തിയിരുന്നതായും മധു ദുബെ മാധ്യമങ്ങളോട് പറഞ്ഞു.

മരിക്കുന്നതിന് മുൻപുള്ള ആകാംക്ഷയുടെ ഇൻസ്റ്റഗ്രാം ലൈവ് വീഡിയോയും സാമൂഹികമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഏറെനേരം മിണ്ടാതിരുന്നശേഷം വാ പൊത്തി നടി പൊട്ടിക്കരയുന്ന ദൃശ്യങ്ങളാണ് ഇതിലുള്ളത്.

കഴിഞ്ഞദിവസം ഉത്തർപ്രദേശിലെ സാരനാഥിലെ ഹോട്ടൽമുറിയിലാണ് നടിയെ മരിച്ചനിലയിൽ കണ്ടെത്തിയത്. സംഭവം ആത്മഹത്യ തന്നെയാണെന്നാണ് പൊലീസിന്റെ നിഗമനം. അതേസമയം, നടിയുടെ ആത്മഹത്യാക്കുറിപ്പുകളൊന്നും കണ്ടെടുത്തിട്ടില്ല. 

ശനിയാഴ്ച രാത്രിയാണ് നടി ഇൻസ്റ്റഗ്രാമിൽ ലൈവായി പ്രത്യക്ഷപ്പെടുകയും പൊട്ടിക്കരയുകയും ചെയ്തത്. യുപിയിലെ ഭദോഹി ജില്ലയിലെ പാർസിപുരിൽനിന്നുള്ള ആകാംക്ഷ മ്യൂസിക് വിഡിയോകളിലൂടെയാണു പ്രശസ്തി നേടിയത്. കസം പൈദ കർണേ വാലേ കി 2, മുജ്‌സേ ഷാദി കരോഗി, വീറോൻ കി വീർ തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. ആകാംക്ഷയുടെ അവസാന മ്യൂസിക് വിഡിയോ ഗാനമായ 'യേ ആരാ കഭി ഹാരാ നഹി' ഇന്നലെ യുട്യൂബിൽ റിലീസ് ചെയ്തു.

17-ാം വയസ്സിൽ 'മേരി ജുങ് മേരാ ഫൈസ്ല' എന്ന ചിത്രത്തിലൂടെയാണ് ആകാംക്ഷ ഭോജ്പുരി സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. വീരോൻ കീ വീർ, ഫൈറ്റർ കിങ്, മുജ്സേ ഷാദി കരോഗി തുടങ്ങിയ ചിത്രങ്ങളിലും ആൽബങ്ങളിലും അഭിനയിച്ചിരുന്നു.