കൊച്ചി: ഭൂട്ടാന്‍ കാര്‍ കടത്തില്‍ അന്വേഷണം പുതിയ തലത്തിലേക്ക്. കസ്റ്റംസിന് നിര്‍ണ്ണായക വിവിരങ്ങള്‍ കിട്ടിയെന്നാണ് സൂചന. ഭൂട്ടാന്‍ പട്ടാള വണ്ടി തട്ടിപ്പു കേസില്‍ ഇന്ത്യന്‍ ഏജന്‍സികള്‍ കണ്ടെത്തിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഭൂട്ടാനിലെ മുന്‍ സൈനിക ഉദ്യോഗസ്ഥനെ റോയല്‍ ഭൂട്ടാന്‍ കസ്റ്റംസ് ചോദ്യം ചെയ്തു. കൊച്ചി കസ്റ്റംസ് പ്രിവന്റീവ് യൂണിറ്റിനു ഭൂട്ടാനില്‍ നിന്നും കിട്ടുന്ന വിവരങ്ങള്‍ നിര്‍ണ്ണായകമാകും. കൊച്ചി കസ്റ്റംസിന്റെ ഓപ്പറേഷന്‍ 'നുമ്‌ഖോറില്‍' മറനീക്കി പുറത്തുവന്നത് വലിയ തട്ടിപ്പാണെന്ന് ഭൂട്ടാനും മനസ്സിലാക്കിയിട്ടുണ്ട്. 20 വര്‍ഷത്തിനിടയില്‍ ഭൂട്ടാനില്‍ റജിസ്റ്റര്‍ ചെയ്ത മുഴുവന്‍ വാഹനങ്ങളുടെയും ഷാസി നമ്പര്‍, എന്‍ജിന്‍ നമ്പര്‍ എന്നിവ കേന്ദ്രീകരിച്ചാണ് അന്വേഷണം. ഭൂട്ടാന്‍ പട്ടാളം 20 വര്‍ഷത്തിനിടയില്‍ ലേലം ചെയ്തു വിറ്റ മുഴുവന്‍ വാഹനങ്ങളുടെയും പട്ടിക ഭൂട്ടാന്‍ കസ്റ്റംസ് ശേഖരിച്ചിട്ടുണ്ട്, ഇതിന്റെ പകര്‍പ്പ് ഇന്ത്യന്‍ ഏജന്‍സികളും ആവശ്യപ്പെട്ടിട്ടുണ്ട്. ഭൂട്ടാന്‍ കസ്റ്റംസ് സമാന്തര അന്വേഷണവും നടത്തുന്നുണ്ട്.

ഭൂട്ടാനില്‍ നിന്നു കടത്തിയ വണ്ടികള്‍ കണ്ടുകെട്ടാനും കള്ളക്കടത്തുകാര്‍ക്കെതിരെ പ്രോസിക്യൂഷന്‍ നടപടി സ്വീകരിക്കുന്നതിനും റോയല്‍ ഭൂട്ടാന്‍ കസ്റ്റംസിനെ നിയമം അധികാരപ്പെടുത്തിയിട്ടുണ്ട്. അതിന് ഇന്ത്യ ഗവണ്‍മെന്റിന്റെ സഹകരണം വേണം. കേസന്വേഷണത്തിന്റെ ഭാഗമായി റോയല്‍ ഭൂട്ടാന്‍ കസ്റ്റംസ് സേനയിലെ അംഗങ്ങള്‍ കൊച്ചിയിലെത്തും. ചോദ്യം ചെയ്യലിലും മറ്റും ഇവര്‍ സഹകരിക്കും. തട്ടിപ്പിന്റെ വഴി കണ്ടെത്താനാണ് ഇത്. ഭൂട്ടാന്‍ നിയമപ്രകാരം ഒന്നിലധികം ക്രിമിനല്‍ കുറ്റങ്ങള്‍ ഈ കേസില്‍ നിലനില്‍ക്കും. ഇന്ത്യയടക്കമുള്ള വിദേശരാജ്യങ്ങളില്‍ വേരുകളുള്ള ഒരു കള്ളക്കടത്ത് റാക്കറ്റ് ഭൂട്ടാന്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുക, ഭൂട്ടാന്‍ പട്ടാളം ഒഴിവാക്കിയ വണ്ടികള്‍ ഇന്ത്യയിലേക്കു കടത്തുക, അതിനായി വ്യാജരേഖകള്‍ ചമയ്ക്കുക, ഭൂട്ടാനിലേക്ക് വിദേശങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്ത വാഹനങ്ങള്‍ സംഘടിതമായി ഇന്ത്യയിലേക്കു കടത്തുക തുടങ്ങിയ കുറ്റങ്ങള്‍ ഭൂട്ടാന്‍ ചുമത്തിയേക്കും.

ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലേക്കു കടത്തിയ ആയിരത്തോളം വാഹനങ്ങള്‍ എവിടെ നിന്ന് കണ്ടെത്തുകയാണ് ഇന്ത്യന്‍ ഏജന്‍സികള്‍ക്ക് മുന്നിലുള്ള വെല്ലുവിളി. എങ്ങനെ എത്തിച്ചു എന്നതാണ്. അതില്‍ ഭൂട്ടാന്‍ വഴി കടത്തിയ വാഹനങ്ങള്‍ എത്രയുണ്ടെന്ന് അറിയേണ്ടതും പ്രധാനമാണ്. ഭൂട്ടാന്‍ സൈന്യം ഉപയോഗിച്ച ശേഷം ആക്രിയായി വില്‍ക്കുന്ന വാഹനങ്ങള്‍ ചെറിയ വില കൊടുത്ത് വാങ്ങി ഇന്ത്യയിലേക്ക് കടത്തി റജിസ്‌ട്രേഷന്‍ നടത്തി വന്‍ വിലയ്ക്ക് വില്‍ക്കുന്നു എന്ന വിവരമാണ് ഇതുവരെ പുറത്തുവന്നത്. പര്‍വതമേഖലകളില്‍ പട്രോളിങ്ങിനും മറ്റും ഉപയോഗിക്കുന്ന വാഹനങ്ങളാണ് ഭൂട്ടാന്‍ ആര്‍മി മൂന്നോ നാലോ വര്‍ഷം കഴിയുമ്പോള്‍ ഉപേക്ഷിക്കുന്നത്. ഇതിനൊപ്പം മറ്റ് രാജ്യങ്ങളില്‍ നിന്നും മോഷ്ടിക്കുന്ന കാറുകളും ഭൂട്ടാന്‍ വഴി ഇന്ത്യയിലെത്തിയിട്ടുണ്ട്.

13 വര്‍ഷത്തിനിടെ ഭൂട്ടാന്‍ സൈന്യം ഇത്തരത്തില്‍ ലേലം ചെയ്തിട്ടുള്ളത് വെറും 117 വാഹനങ്ങള്‍ മാത്രമമാണ്. അതായത്, ഭൂട്ടാന്‍ സൈന്യത്തിന്റേത് എന്ന പേരില്‍ ഹിമാചല്‍ പ്രദേശ്, അരുണാചല്‍ പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളുടെ റജിസ്‌ട്രേഷനോടെ വിറ്റഴിച്ച വാഹനങ്ങള്‍ ഭൂരിഭാഗവും മറ്റു രാജ്യങ്ങളില്‍നിന്ന് ഭൂട്ടാന്‍ വഴിയോ അല്ലെങ്കില്‍, ഇന്ത്യന്‍ തുറമുഖങ്ങള്‍ വഴിയോ എത്തിച്ചതായിരിക്കാം എന്നാണ് സൂചന. കേരളത്തില്‍ മാത്രം 200ഓളം ആഡംബര വാഹനങ്ങള്‍ ഇത്തരത്തില്‍ എത്തിയുണ്ട് എന്നാണ് കസ്റ്റംസ് പറയുന്നത്. അതില്‍ 39 എണ്ണം മാത്രമാണ് ഇതുവരെ കണ്ടെടുക്കാനായതും. ജപ്പാന്‍, കൊറിയ തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് പഴക്കം ചെന്ന പ്രീമിയം കാറുകള്‍ ഇത്തരത്തില്‍ ഭൂട്ടാനിലേക്കോ നേരിട്ട് ഇന്ത്യയിലേക്കോ എത്തിച്ചിരിക്കാം എന്നതാണ് ഒരു നിഗമനം.

സിംഗപ്പൂര്‍, തായ്‌ലന്‍ഡ് തുടങ്ങിയ രാജ്യങ്ങള്‍ വഴിയും ഇത്തരത്തില്‍ വാഹനങ്ങള്‍ എത്തിച്ചിരിക്കാന്‍ സാധ്യതയുണ്ട്. 2016-17ല്‍ യുകെയില്‍ നിന്ന് മോഷണം പോയ 30 ആഡംബര വാഹനങ്ങള്‍ തായ്‌ലന്‍ഡിലെ ബാങ്കോക്കില്‍ കണ്ടെത്തിയിരുന്നു. യുകെയില്‍ നിന്ന് മോഷ്ടിച്ചതോ മറ്റു മാര്‍ഗങ്ങളിലൂടെ കരസ്ഥമാക്കുകയോ ചെയ്ത വാഹനങ്ങള്‍ വ്യാജരേഖകള്‍ ഉപയോഗിച്ച് വിമാനമാര്‍ഗം സിംഗപ്പൂരിലും കപ്പല്‍ മാര്‍ഗം ബാങ്കോക്കിലും എത്തിക്കുകയായിരുന്നു. ഇന്ത്യയിലെ സെക്കന്‍ഡ് ഹാന്‍ഡ് വാഹന വിപണിയില്‍ ഏറ്റവും ജനപ്രിയ ബ്രാന്‍ഡായ ടൊയോട്ട ലാന്‍ഡ് ക്രൂസര്‍ കാറുകള്‍ 765 എണ്ണമാണ് ഈ വര്‍ഷം ഇതുവരെ ജപ്പാനില്‍ നിന്നു മോഷണം പോയത്. ഈ കാറുകളും ഇന്ത്യയില്‍ എത്താനുള്ള സാധ്യത കൂടുതലാണ്.

ഈ സാഹചര്യത്തില്‍ ഭൂട്ടാന്‍ വാഹനക്കടത്ത് ഏഴ് കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കുന്നുണ്ട്. വാഹന കള്ളക്കടത്ത് കസ്റ്റംസ് പ്രിവന്റിവ് വിഭാഗം അന്വേഷിക്കും. മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരായ പരാതി സിബിഐയും കള്ളപ്പണ ഇടപാടുകള്‍ ഇഡിയും ജി എസ് ടി തട്ടിപ്പ് ജിഎസ്ടി ഇന്റലിജന്‍സ് വിഭാഗവും അന്വേഷിക്കും. വിദേശ ബന്ധവും റാക്കറ്റ് ഉള്‍പ്പെട്ട മറ്റു തട്ടിപ്പുകളും എന്‍ഐഎയും അന്വേഷണത്തിന് ആവശ്യമായ രഹസ്യവിവരങ്ങള്‍ ഐബിയും, ഡിആര്‍ഐയും ശേഖരിക്കും. വിദേശ രാജ്യങ്ങളില്‍ നിന്നും മോഷ്ടിച്ച വാഹനങ്ങള്‍ ഭൂട്ടാന്‍ വഴി കടത്തിയെന്നും സംശയിക്കുന്നു. വാഹനങ്ങള്‍ പൊളിച്ച് ഭൂട്ടാനില്‍ എത്തിച്ച ശേഷം റോഡ് മാര്‍ഗമാണ് ഇന്ത്യയിലെത്തിച്ചത്. പരിവാഹന്‍ സൈറ്റിലടക്കം ക്രമക്കേട് നടത്താന്‍ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ കൂട്ടുനിന്നു. സിനിമാതാരങ്ങള്‍ അടക്കമുള്ളവരെ ഇടനിലക്കാര്‍ തെറ്റിദ്ധരിപ്പിച്ചെന്നും കസ്റ്റംസ് കണ്ടെത്തി.