- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
ജെസിബിയും ടിപ്പറും വര്‍ക്ഷോപ്പും നടത്തിയ ബിജു; വാഹനം നന്നാക്കാന്‍ വര്‍ക് ഷോപ്പില്‍ വന്ന് തുടങ്ങിയ പരിചയം; കാറ്ററിങില്‍ ഒരുമിച്ചെങ്കിലും കൂട്ടുകെട്ട് പൊളിഞ്ഞു; ജോമോനുണ്ടായത് 60 ലക്ഷം നഷ്ടം; ജപ്തിയും ഭാര്യയുടെ അസുഖവും പ്രതിസന്ധി കൂട്ടി; പദ്ധതിയിട്ടത് പഴയ പാര്‍ട്ണറെ വിരട്ടി പണം തട്ടാന്‍; ആ ക്വട്ടേഷന്‍ കൊലയ്ക്ക് പിന്നിലെ കാരണം
തൊടുപുഴ: ബിജു ജോസഫിന്റെ കൊലയ്ക്ക് പിന്നിലെ പ്രതികാരം പുറത്ത്. മൂന്നാം തവണയാണു ബിജുവിനെതിരെ ജോമോന്‍ ക്വട്ടേഷന്‍ കൊടുക്കുന്നത്. കഴിഞ്ഞ രണ്ടുതവണയും പൊളിഞ്ഞു. തുടര്‍ന്ന് തന്റെ ഡ്രൈവര്‍ വഴി എറണാകുളത്തെ ക്വട്ടേഷന്‍ സംഘത്തെ സമീപിക്കുകയായിരുന്നു. അത് കൊലയായി. പിടിക്കില്ലെന്നാണ് കരുതിയത്. പക്ഷേ കാപ്പാ കേസ് പ്രതിയെ പോലീസ് പിടിച്ചത് കണക്കു കൂട്ടലുകള്‍ തെറ്റിച്ചു. തൊടുപുഴ ചുങ്കം മുളയിങ്കല്‍ ബിജു ജോസഫ്(50) ആണ് കൊല്ലപ്പെട്ടത്. പ്രതികള്‍ അറസ്റ്റിലായി. ബിജുവിന്റെ ബിസിനസ് പങ്കാളിയായ ദേവമാതാ കേറ്ററിങ് ഉടമ കലയന്താനി തേക്കുംകാട്ടില്‍ ജോമോന്‍ ജോസഫ് (51), ക്വട്ടേഷന്‍ സംഘാംഗങ്ങളായ എറണാകുളം ഇടവനക്കാട് പള്ളത്ത് മുഹമ്മദ് അസ്ലം(36), കണ്ണൂര്‍ ചെറുപുഴ കളരിക്കല്‍ ജോമിന്‍ കുര്യന്‍(25) എന്നിവരെ അറസ്റ്റ്‌ചെയ്തു.
ബിജുവും ജോമോനും അടുത്ത സുഹൃത്തുക്കളായിരുന്നു. കലയന്താനിയില്‍ ദേവമാതാ കേറ്ററിങ് സ്ഥാപനം നടത്തിയിരുന്നത് ജോമോനായിരുന്നു. ടിപ്പര്‍, മണ്ണുമാന്തി, വര്‍ക്ഷോപ് അടക്കമുള്ള ബിസിനസുകള്‍ ബിജുവിന്. വാഹനം നന്നാക്കാനും മറ്റുമായി വര്‍ക്ഷോപ്പില്‍ ചെല്ലുമ്പോള്‍ ബിജുവുമായി ജോമോന്‍ പരിചയത്തിലായി. തുടര്‍ന്നു ബിസിനസ് പങ്കാളികളായി. ആദ്യഘട്ടത്തില്‍ കുഴപ്പമില്ലാതെ പോയി. ബിസിനസില്‍ കൂടുതല്‍ തുക ജോമോനു നിക്ഷേപിച്ചു. ഇത് വഴക്കായി. പിന്നാലെ ഇവര്‍ പിരിഞ്ഞു. പാര്‍ട്‌നര്‍ഷിപ് പിരിഞ്ഞപ്പോള്‍ അര്‍ഹതപ്പെട്ട ഷെയറോ വാഹനങ്ങളോ വസ്തുക്കളോ ലഭിച്ചില്ലെന്നതായിരുന്നു ജോമോന്റെ പരാതി. ഇതിന് ശേഷം ജോമോന്റെ കേറ്ററിങ് ബിസിനസ് നഷ്ടത്തിലായി. പല ഹോട്ടലുകള്‍ തുടങ്ങിയെങ്കിലും പരാജയപ്പെട്ടു. മേശയും കസേരയും ഫ്രീസറും വാടകയ്ക്കു നല്‍കിത്തുടങ്ങി. ബാങ്കില്‍ നിന്നുള്ള ജപ്തി നടപടികള്‍ പ്രതിസന്ധി കൂട്ടി. ഇതോടെ ബിജുവിനെ തട്ടിക്കൊണ്ടു വന്ന് ഭീഷണിയില്‍ പണം തട്ടിയെടുക്കാന്‍ തീരുമാനിച്ചു. കൊല്ലുകയെന്ന ഉദ്ദേശം ഉണ്ടായിരുന്നില്ല. ബിജുവിനെതിരെ ക്വട്ടേഷന്‍ നല്‍കി പണം കൈക്കലാക്കാനായിരുന്നു ശ്രമം.
പതിവായി പുലര്‍ച്ചെ ടൗണിലേക്കു പോകുന്ന സമയത്തായിരുന്നു ബിജുവിനെ തട്ടിക്കൊണ്ടുപോയത്. ജോമോനും ക്വട്ടേഷന്‍ സംഘവും കുറച്ചുദിവസങ്ങളായി ബിജുവിനെ നിരീക്ഷിച്ചിരുന്നു. 60 ലക്ഷം രൂപ വാങ്ങിയെടുക്കുയായിരുന്നു ലക്ഷ്യം. ഇതില്‍ 6 ലക്ഷം രൂപ ക്വട്ടേഷന്‍ തുകയായി നല്‍കാം എന്നായിരുന്നു ധാരണ. അതായത് പത്ത് ശതമാനം കമ്മീഷന്‍. 12,000 രൂപ അഡ്വാന്‍സ് തുകയായി വാങ്ങിയതായി മറ്റു പ്രതികളും മൊഴി നല്‍കി. തട്ടിക്കൊണ്ടുവന്നു ഗോഡൗണിലെത്തിച്ചപ്പോഴേക്കും ബിജു കൊല്ലപ്പെട്ടെന്നാണു മൊഴി. പുലര്‍ച്ചെ വാഹനത്തില്‍നിന്നു നിലവിളി കേട്ടെന്ന സമീപവാസികളുടെ മൊഴിയെത്തുടര്‍ന്നു സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാണു മുഖ്യപ്രതി ജോമോനാണെന്നു പൊലീസ് കണ്ടെത്തിയത്. കടന്നുകളയാനുള്ള ശ്രമത്തിനിടെ ആലുവ റെയില്‍വേ സ്റ്റേഷനില്‍ നിന്നാണു ജോമോനെ പിടികൂടിയത്. തട്ടികൊണ്ടു പോകും വഴി വാഹനത്തില്‍ വച്ചുണ്ടായ ഉപദ്രവം മരണ കാരണമായെന്നാണ് സൂചന.
ജോമോന്റെ പേരില്‍ നേരത്തേയും പൊലീസ് കേസുകള്‍ ഉണ്ടായിട്ടുണ്ട്. കോവിഡ് സമയത്ത് ഇതേ ഗോഡൗണില്‍ ചാരായം വാറ്റിയതിനു റിമാന്‍ഡിലായിട്ടുണ്ട്. മറ്റു 3 പ്രതികളും ക്രിമിനല്‍ പശ്ചാത്തലം ഉള്ളവരാണ്. കാപ്പ പ്രതിയായ ആഷികിനെ അറസ്റ്റു ചെയ്തതാണ് നിര്‍ണ്ണായകമായത്. ജോമോന്റെ കേറ്ററിങ് സ്ഥാപനത്തിന്റെ ഗോഡൗണിലെ മാന്‍ഹോളിലാണ് മൃതദേഹം തള്ളിയത്. മണ്ണും കോണ്‍ക്രീറ്റും ഉപയോഗിച്ച് മൂടിയ മൃതദേഹം പൊലീസ് കണ്ടെടുത്തു. സംഭവത്തില്‍ ഉള്‍പെട്ട കാപ്പ കേസ് പ്രതി ആഷിക് ജോണ്‍സനെ(27) പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ അന്ന് ഈ കേസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ലഭിച്ചിരുന്നില്ല. ജോമോനെ ആലുവയില്‍നിന്നും മറ്റ് രണ്ടുപ്രതികളെ എറണാകുളത്തുനിന്നുമാണ് പിടിച്ചത്. ബിജുവിനെ കാണാതായെന്ന് ഭാര്യ മഞ്ജു തൊടുപുഴ പൊലീസില്‍ നല്‍കിയ പരാതിയിലാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.
ക്വട്ടേഷന്‍ ഒന്നല്ല, മൂന്ന്
ബിജു ജോസഫിനെതിരെ ജോമോന്‍ നല്‍കിയത് മൂന്ന് ക്വട്ടേഷനുകളെന്ന് വിവരം. ആദ്യശ്രമത്തില്‍ ബിജുവിനെ തട്ടിക്കൊണ്ടുപോകാന്‍ സാധിച്ചില്ല. രണ്ടാം പദ്ധതി വീടാക്രമിക്കുകയായിരുന്നു. ഇത് ഉപേക്ഷിച്ചു. ഇരുവരും ഒന്നിച്ച് ആംബുലന്‍സ് സര്‍വീസും കേറ്ററിങും ഇവന്റ് മാനേജ്‌മെന്റും ആരംഭിച്ചു. കുറച്ചുകഴിഞ്ഞപ്പോള്‍ ഇവര്‍ക്കിടയില്‍ പ്രശ്‌നങ്ങള്‍ തുടങ്ങിയെന്ന് സുഹൃത്തുക്കളും നാട്ടുകാരും പറയുന്നു. ഇതോടെ പിരിയാന്‍ തീരുമാനിച്ചു. എന്നാല്‍ പണം, വാഹനങ്ങള്‍, വസ്തുക്കള്‍ തുടങ്ങിയവ പങ്കുവച്ചപ്പോള്‍ ജോമോന് അര്‍ഹമായത് കിട്ടിയില്ലെന്നാണ് ആരോപണം. ഇതുസംബന്ധിച്ച് ഒന്നിലധികം പൊലീസ് സ്റ്റേഷനുകളില്‍ ഒത്തുതീര്‍പ്പുണ്ടായെങ്കിലും വ്യവസ്ഥകള്‍ പാലിക്കപ്പെട്ടില്ല. ഇതിനിടെ ജോമോന്റെ കാറ്ററിങ് നഷ്ടത്തിലായി. ഭാര്യക്ക് രോഗവുമായി. തുടര്‍ന്നാണ് ക്വട്ടേഷന്‍ നല്‍കി ഭീഷണിപ്പെടുത്തി പണം വാങ്ങാന്‍ ശ്രമിച്ചത്. എന്നാല്‍ തട്ടിക്കൊണ്ടുപോകല്‍ കൊലപാതകമായി.
ബിജുവിനെ കൊലപ്പെടുത്തി ഗോഡൗണിലെ മാന്‍ഹോളില്‍ തള്ളിയതായി ജോമോന്‍ സമ്മതിച്ചതും നിര്‍ണ്ണായകമായി. ഇതിന് ശേഷമാണ് മൃതദേഹം കണ്ടെത്തിയത്. ജോമോന്റെ ഡ്രൈവര്‍കൂടിയായ ജോമിനിലൂടെയാണ് ക്വട്ടേഷന്‍ സംഘത്തിലേക്കെത്തുന്നത്. കാറിനുള്ളില്‍ വച്ച് തലയില്‍ മര്‍ദ്ദിച്ചു. ശബ്ദം പുറത്തുവരാതിരിക്കാന്‍ കഴുത്തിന് ചവിട്ടിപ്പിടിച്ചു. ഇതോടെ ബിജു മരിച്ചതായാണ് സൂചന. തുടര്‍ന്നാണ് മാലിന്യക്കുഴിയുടെ മാന്‍ഹോളില്‍ മൃതദേഹം ഒളിപ്പിക്കാന്‍ തീരുമാനിച്ചത്. മാന്‍ഹോളിന് അഞ്ചടിയോളം താഴ്ചയുണ്ട്. ഇതിലിറങ്ങി മൂന്നടിയോളം കുഴിയെടുത്ത് അതിനുള്ളില്‍ തള്ളിക്കയറ്റിയ നിലയിലായിരുന്നു മൃതദേഹം. പൊലീസും അഗ്‌നിരക്ഷാസേനയും ഏറെ ശ്രമകരമായാണ് മൃതദേഹം പുറത്തെടുത്തത്.