കൊല്ലം: പ്രസാർ ഭാരതിയുടെ വ്യാജ ലെറ്റർ ഹെഡ് ഉണ്ടാക്കി ജോലി വാഗ്ദാനം ചെയ്ത് 21 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ അറസ്റ്റിലായ ബിജു കല്ലേലി ഭാഗം വിദേശത്തും ജോലി തട്ടിപ്പ് നടത്തിയിരുന്നു. കൗമുദി ടി.വിയിൽ ജോലി വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ് നടത്തിയത്. കൗമുദി ടി.വിയുടെ കരാമയിലെ ഓഫീസിൽ ജോലി വാഗ്ദാനം ചെയ്ത് ഇരിങ്ങാലക്കുട സ്വദേശികളായ റനീഷിനെയാണ് തട്ടിപ്പിനിരയാക്കിയത്. റനീഷിന്റെ ഭാര്യ വിസിറ്റിങ് വിസയിൽ എത്തിയപ്പോഴാണ് ബിജു 2000 ദിർഹം നൽകിയാൽ ജോലി ശരിയാക്കി നൽകാമെന്ന് പറഞ്ഞത്. ഇതിന്റെ അടിസ്ഥാനത്തിൽ പണം നൽകിയെങ്കിലും പിന്നീട് ജോലി ലഭിച്ചില്ല. ഇതോടെ റാഫാ സ്റ്റേഷനിൽ റനീഷ് പരാതി നൽകുകയായിരുന്നു.

ബിജു, റനീഷിന്റെ ഭാര്യയെ ഇന്റർവ്യൂ ചെയ്യുകയും ഉടൻ വിസ ശരിയാകുമെന്നും അറിയിച്ചു. എന്നാൽ മാസങ്ങൾ പിന്നിട്ടിട്ടും വിസ ലഭിക്കാതെ വന്നതോടെ കൂടുതൽ അന്വേഷിച്ചപ്പോഴാണ് തട്ടിപ്പാണെന്ന് മനസ്സിലായത്. ഇതോടെയാണ് ദമ്പതികൾ റാഫാ സ്റ്റേഷനിൽ പരാതി നൽകിയത്. കൗമുദി ടിവിയുടെ ദുബായിലെ ഓഫീസ് അന്വേഷിച്ചിറങ്ങിയ റനീഷും ഭാര്യയും എത്തിപ്പെട്ടത് കരാമയിലെ ഡെൽറ്റാ വിഷനിലാണ്. കൗമുദിയുടെ ഫ്രാഞ്ചൈസി ഏറ്റെടുത്തിരിക്കുന്നത് ഡെൽറ്റാ ഗ്രൂപ്പാണ്. ഇവിടുത്തെ വെറും കരാറുകാരനാണ് ബിജു കല്ലേലിഭാഗം എന്നറിഞ്ഞപ്പോൾ ദമ്പതികൾ ഞട്ടി. ഓഫീസ് പ്രതിനിധിയായ ദിലീപുമായി സംസാരിച്ചപ്പോഴാണ് അവിടെ ഒരു ഒഴിവും ഇല്ലെന്നും ഇന്റർവ്യൂ നടത്തിയിട്ടില്ലെന്നും അറിയുന്നത്. ഇതോടെയാണ് തങ്ങൾക്ക് ചതിവ് പറ്റിയെന്ന് മനസ്സിലായത്.

മുൻപ് ഏഷ്യാനെറ്റിന്റെ ഓഫീസ് കരുനാഗപ്പള്ളിയിൽ തുടങ്ങാൻ പോകുന്നു എന്ന് കാട്ടി വ്യാജ ലെറ്റർ ഹെഡ് ഉപയോഗിച്ച് കരുനാഗപ്പള്ളിയിലെ ഒരു കംപ്യൂട്ടർ സ്ഥാപനത്തിൽ നിന്നും രണ്ട് ലക്ഷം രൂപയുടെ കംപ്യൂട്ടറും അനുബന്ധ ഉപകരണം വാങ്ങി തട്ടിപ്പ് നടത്തിയ കേസ് ഇപ്പോഴും കോടതിയിൽ നിലനിൽക്കുന്നുണ്ട്. കൂടാതെ നിരവധി പേരെ ഗൾഫിൽ കൊണ്ടു പോകാമെന്ന വ്യാജേന ലക്ഷക്കണക്കിന് രൂപ തട്ടിയിട്ടുണ്ട്. കഴിഞ്ഞ വർഷം മംഗളം ദിന പത്രത്തിന്റെ കരുനാഗപ്പള്ളി ലേഖകനായ മാധ്യമ പ്രവർത്തകന്റെ പക്കൽ നിന്നും വിസ വാഗ്ദാനം ചെയ്ത് പണം തട്ടുകയും തട്ടിപ്പ് മനസ്സിലായ ലേഖകൻ പരാതി നൽകിയതോടെ വ്യാജ ഇമെയിൽ ഐ.ഡി നിർമ്മിച്ച് ബിജു താൻ മരിച്ചു എന്ന് വ്യാജവാർത്ത നൽകി ജോലി തെറിപ്പിച്ചിരുന്നു.

ഗൾഫിൽ ജോലി വാങ്ങിനൽകാം എന്ന വ്യാജേന ബിജു പണം വാങ്ങി കബളിപ്പിച്ചുവെന്നു കാട്ടി കൊല്ലം സിറ്റി പൊലീസ് കമ്മീഷണർക്ക് വിസാ ചീറ്റിങ്ങിന് പരാതി നൽകിയിരുന്നു. ഇക്കാര്യം സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുകയും ചെയ്തു. തുടർന്ന് കമ്മീഷണറുടെ നിർദ്ദേശപ്രകാരം കരുനാഗപ്പള്ളി സിഐ പരാതിയിന്മേൽ അന്വേഷണം നടത്തി വരുന്നതിനിടെയാണ് ബിജുവിന്റെ മരണവാർത്ത മംഗളം പത്രത്തിൽ അച്ചടിച്ചുവന്നത്. ഇതിനായി ലേഖകന്റെ മെയിൽ ഐഡിയോട് ഏറെ സാദൃശ്യമുള്ള മറ്റൊരു മെയിൽ ഐഡിയി നിർമ്മിച്ച് വാർത്ത മംഗളത്തിലേക്ക് അയക്കുകയായിരുന്നു. മംഗളം കൊല്ലം ബ്യൂറോയിലേക്കാണ് മരണവാർത്ത ചിത്രം സഹിതം അയച്ചത്. ബ്യൂറോ ഉടൻ തന്നെ വാർത്ത ഓഫീസിലേക്ക് അയച്ചു. കരുനാഗപ്പള്ളി ലേഖകൻ അയച്ചതാണെന്നു കരുതി അടുത്ത ദിവസം ചരമകോളത്തിൽ വാർത്ത വരുകയും ചെയ്തു.

സംഭവം നടന്ന് ഒരുദിവസം പിന്നിട്ടപ്പോൾ ലേഖകൻ തന്നെയാണ് മംഗളം മാനേജ്മെന്റിനെ വിവരം ധരിപ്പിച്ചത്. താൻ അങ്ങനെയൊരു വാർത്ത നൽകിയിട്ടില്ലെന്നും നിരപരാധിയാണെന്നും പറഞ്ഞിട്ടും മാനേജ്മെന്റ് ലേഖകനെ പുറത്താക്കുകയായിരുന്നു. തന്റേ പേരിൽ വ്യാജ മെയിൽ ഐഡി നിർമ്മിച്ച് വഞ്ചിച്ചതിനെതിരെ ലേഖകൻ കൊല്ലം സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി നൽകിയെങ്കിലും യാതൊരു നടപടിയും സ്വീകരിച്ചില്ല.

കഴിഞ്ഞ ദിവസം ബിജു അറസ്റ്റിലായതോടെ തട്ടിപ്പിനിരയായ നിരവധിപേർ പൊലീസ് സ്റ്റേഷനിൽ വിളിച്ച് പരാതി പറയുന്നുണ്ട്. പരാതികൾ ലഭിക്കുന്ന മുറക്ക് ഇയാൾക്കെതിരെ കൂടുതൽ എഫ്.ഐ.ആറുകൾ രജിസ്റ്റർ ചെയ്യാനുള്ള നീക്കത്തിലാണ് പൊലീസ്.