തിരുവനന്തപുരം: ബാലരാമപുരത്ത് സുഹൃത്തിനെ വീട്ടിൽനിന്ന് വിളിച്ചിറക്കി ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിയെ പിടികൂടി. വഴിമുക്ക് പച്ചിക്കോട് സ്വദേശി കുമാറിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ബാലരാമപുരം ആലുവിള കൈതോട്ടുകോണം കരിപ്ലാംവിള പുത്തൻ വീട്ടിൽ ബിജു(40) ആണ് ഇന്നലെ കൊല്ലപ്പെട്ടത്.

ഞായറാഴ്ച വൈകിട്ട് അഞ്ച് മണിയോടെ ബിജുവിന്റെ വീടിന് സമീപത്തുവച്ചാണ് സംഭവം നടന്നത്. ഉറ്റ സുഹൃത്തുക്കളായ ഇരുവരും രാവിലെ മുതൽ ഉച്ചവരെ ഒരുമിച്ചിരുന്ന് മദ്യപിച്ചിരുന്നു. മദ്യപാനത്തിനുശേഷം ഇരുവരും വീട്ടിലേക്ക് പോയി. തുടർന്ന് വൈകിട്ട് 4.45 ഓടെ ബിജുവിനെ കുമാർ ഫോണിൽ വിളിച്ചു. നിരവധി തവണ ബെല്ലടിച്ചിട്ടും ബിജു ഫോണെടുത്തില്ല. പിന്നാലെയാണ് കുമാർ വീട്ടിലെത്തി കൃത്യം നിർവഹിച്ചത്.

പിന്നീട് ബിജു വീട്ടിൽനിന്ന് പുറത്തിറങ്ങി ബൈക്കിലിരിക്കുകയായിരുന്ന കുമാറിന്റെ അടുത്തേയ്ക്ക് എത്തി. ഉടനെതന്നെ കുമാർ കയ്യിൽ കരുതിയിരുന്ന ആയുധം ഉപയോഗിച്ച് ബിജുവിന്റെ കഴുത്തിൽ വെട്ടുകയും നെഞ്ചിൽ കുത്തുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ബിജുവിന്റെ നിലവിളി കേട്ട് ഭാര്യ മഞ്ജു ഓടിയെത്തി. വെട്ടുകൊണ്ട ബിജു, കുമാറിന്റെ പുറകേ ഓടിയെങ്കിലും നിലത്തുവീഴുകയായിരുന്നു.

ഉടൻതന്നെ നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു. മരിച്ച ബിജു ചക്കവെട്ട് തൊഴിലാളിയാണ്. കുമാർ കൂലിപ്പണിക്കാരനാണ്. ഇരുവരും സ്ഥിരമായി ഒരുമിച്ചിരുന്ന് മദ്യം കഴിക്കുന്നത് പതിവാണെന്ന് പൊലീസ് പറഞ്ഞു. രാവിലെയുള്ള മദ്യപാനത്തിലുണ്ടായ തർക്കമാകാം കൊലപാതകത്തിന് കാരണമെന്നാണ് പൊലീസ് സംശയിക്കുന്നത്.

കുമാർ ബൈക്ക് സംഭവസ്ഥലത്ത് ഉപേക്ഷിച്ചശേഷമാണ് രക്ഷപ്പെട്ടത്. നെയ്യാറ്റിൻകര ഡിവൈ.എസ്‌പി.യുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം കുമാറിന്റെ വീടും പരിസരവും പ്രദേശവും നിരീക്ഷിണത്തിലാക്കിയരുന്നു. അച്ചു, അശ്വതി എന്നിവരാണ് ബിജുവിന്റെ മക്കൾ. വിഷ്ണു മരുമകനാണ്. മൃതദേഹം നെയ്യാറ്റിൻകര ജനറൽ ആശുപത്രി മോർച്ചറിയിൽ.