- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
പള്ളി ഗ്രൗണ്ടിലെ അതിക്രമത്തിൽ 20 ഓളം പേർ കസ്റ്റഡിയിൽ
പൂഞ്ഞാർ: പള്ളി വളപ്പിൽ അതിക്രമിച്ച് കടന്ന് ബൈക്കിലെത്തിയ യുവാക്കളുടെ സംഘം വൈദികനെ ഇടിച്ചുപരിക്കേൽപ്പിച്ച സംഭവത്തിൽ വൻപ്രതിഷേധം. പൂഞ്ഞാർ സെന്റ് മേരീസ് ഫൊറോനാ പള്ളിയിലെ സഹ വികാരി ജോസഫ് ആറ്റുച്ചാലിലിനാണ് പരിക്കേറ്റത്. ഇദ്ദേഹത്തെ പാലാ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
കേസിൽ പ്രായപൂർത്തിയാകാത്തവർ ഉൾപ്പെടെ 27 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇവർക്കെതിരെ കൊലപാതക ശ്രമത്തിന് പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തു. 27 പ്രതികളിൽ 10 പേർ പ്രായപൂർത്തിയാകാത്തവരാണ്. 17 പ്രതികളെ ചങ്ങാനാശേരി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. 10 പ്രതികളെ ജുവനൈൽ ഹോമിലേക്ക് മാറ്റി. സംഭവത്തിൽ വിശ്വസികൾക്കിടയിൽ കടുത്ത പ്രതിഷേധമാണ് ഉയരുന്നത്.
പള്ളി വളപ്പിലെ കുരിശുംതൊട്ടിയിൽ ബൈക്ക് റേസിംഗുമായി കൗമാരക്കാർ എത്തുകയായിരുന്നു. ഈ സമയം പള്ളിയിൽ ആരാധന നടക്കുകയായിരുന്നു. ബൈക്ക് റേസിങ് മൂലം വലിയ ശബ്ദമുണ്ടായതോടെ സഹ വികാരി പുറത്തെത്തുകയും ശല്യപ്പെടുത്തരുതെന്ന് പറയുകയുമായിരുന്നു. വൈദികനെ കേൾക്കാൻ കൂട്ടാക്കാതെ ഇവർ കൂടുതൽ പ്രകോപനം സൃഷ്ടിക്കുകയാണ് ഉണ്ടായത്. തുടർന്ന് സഹവികാരിയും ഒപ്പമുണ്ടായിരുന്ന ആളും ഗേറ്റ് അടക്കാൻ ശ്രമിക്കവേ കൂട്ടത്തിൽ രണ്ട് പേർ ബൈക്കുമായി വൈദികനും നേരെ പാഞ്ഞടുത്ത് ഇടിച്ചു വീഴ്ത്തുകയാണ് ഉണ്ടായത്. തുടർന്ന് ഇവർ കടന്നുകളയുകയും ചെയ്തു. സംഭവത്തിൽ കുറ്റക്കാരായവരെ കണ്ടെത്തി നടപടി സ്വീകരിക്കണമെന്ന് ഇടവകക്കാർ ആവശ്യപ്പെട്ടു. സാമൂഹിക വിരുദ്ധർക്ക് അഴിഞ്ഞാടാനുള്ള ഇടമല്ല പള്ളിമുറ്റമെന്നും വൈദികനെ പരിക്കേൽപ്പിച്ചവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും പള്ളി ഇടവകക്കാർ ആവശ്യപ്പെട്ടു.
ഇന്നലെ ഉച്ചയ്ക്കു 12.30നാണു സംഭവം. ഇടവകയ്ക്ക് പുറത്ത് നിന്നുള്ള ഒരുസംഘം യുവാക്കളാണ് പള്ളിമുറ്റത്ത് അക്രമം കാട്ടിയത്. ആറു കാറുകളിലും ആറ് ബൈക്കുകളിലുമായാണ് സംഘം അഭ്യാസ പ്രകടനം നടത്തിയത്. ഇതിനുമുമ്പും ഇത്തരം സംഭവങ്ങൾ ഉണ്ടാവുകയും മുന്നറിയിപ്പ് നൽകുകയും ചെയ്തിരുന്നെങ്കിലും കൂടുതൽ ആളുകൾ എത്തുകയായിരുന്നു. സംഭവത്തെ തുടർന്ന് പാലാ ഡിവൈഎസ്പി കെ സദൻ സ്ഥലത്തെത്തി.
ഒരു കാറിന്റെ സൈലൻസറിൽ മാറ്റം വരുത്തി വലിയ ശബ്ദത്തോടെയാണ് ഓടിച്ചിരുന്നത്. ഈ സമയം ഫാ. ജോസഫ് ഗ്രൗണ്ടിലെത്തി പള്ളിയിൽ ആരാധന നടക്കുന്നുണ്ടെന്നും വാഹനങ്ങളുമായി പുറത്തു പോകണമെന്നും ആവശ്യപ്പെട്ടു. യുവാക്കൾ തയാറാകാതെ വന്നതോടെ വൈദികൻ ഗേറ്റ് അടയ്ക്കാൻ ശ്രമിച്ചു. ഇതിനിടെ പുറത്തേക്ക് ഓടിച്ചുപോയ ബൈക്ക് വൈദികന്റെ കയ്യിൽ തട്ടി. പിന്നാലെയെത്തിയ കാറിന്റെ ഒരു വശം കൂടി തട്ടിയതോടെ വൈദികൻ നിലത്തു വീണെന്നു പൊലീസ് പറഞ്ഞു.
പാലാ ഡിവൈഎസ്പി കെ.സദൻ, ഈരാറ്റുപേട്ട എസ്എച്ച്ഒ പി.എസ്.സുബ്രഹ്മണ്യൻ എന്നിവരുടെ നേതൃത്വത്തിൽ പൊലീസെത്തി അന്വേഷണം ആരംഭിച്ചു. പള്ളിയിലെ നിരീക്ഷണ ക്യാമറകൾ സംഭവസമയത്തു പ്രവർത്തിച്ചിരുന്നില്ലെന്നു പൊലീസ് പറഞ്ഞു. 4 കാറുകളുടെ ചിത്രങ്ങൾ നാട്ടുകാർ പൊലീസിനു കൈമാറി.
ഫൊറോനയിലെ വിവിധ ഇടവകകളിൽ നിന്നുള്ള സംഘടനകളുടെ നേതൃത്വത്തിൽ പൂഞ്ഞാറിൽ പ്രതിഷേധ പ്രകടനം നടത്തി. യോഗത്തിൽ വികാരി ഫാ. മാത്യു കടൂക്കുന്നേൽ, ഫാ.ഡോ. ജോർജ് വർഗീസ്, ഫാ.ജോയി നിരപ്പേൽ എന്നിവർ പ്രസംഗിച്ചു.
ആന്റോ ആന്റണി എംപി, സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ, പൂഞ്ഞാർ പഞ്ചായത്ത് പ്രസിഡന്റ് ഗീത നോബിൾ, പൂഞ്ഞാർ തെക്കേക്കര പഞ്ചായത്ത് പ്രസിഡന്റ് ജോർജ് മാത്യു, മുൻ എംഎൽഎ പി.സി.ജോർജ് എന്നിവർ സ്ഥലത്തെത്തി. കത്തോലിക്കാ കോൺഗ്രസ് ഗ്ലോബൽ സമിതിയും കത്തോലിക്കാ കോൺഗ്രസ് ചങ്ങനാശേരി അതിരൂപതാ സമിതിയും പാലാ രൂപതാ നേതൃയോഗവും പ്രതിഷേധിച്ചു.
പൂഞ്ഞാർ സെന്റ് മേരീസ് പള്ളിവളപ്പിൽക്കയറി ബഹളമുണ്ടാക്കുകയും തടയാൻ ശ്രമിച്ച വൈദികനു പരുക്കേൽക്കുകയും ചെയ്ത സംഭവത്തിൽ കർശന നടപടിയെടുക്കണമെന്നു കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ.മാണി എംപി, തോമസ് ചാഴികാടൻ എംപി എന്നിവർ ആവശ്യപ്പെട്ടു.