അടൂർ: വ്യാജനമ്പർ പ്ലേറ്റുമായി മോട്ടോർ വാഹന വകുപ്പ് ബുള്ളറ്റ് പിടികൂടിയ അതേ വീട്ടിൽ നിന്ന് വീണ്ടും വ്യാജ നമ്പർ പ്ലേറ്റുള്ള ബൈക്ക് പിടികൂടി. കടമ്പനാട് മണ്ണടി റൂട്ടിൽ ഉള്ളിലേക്ക് കടന്ന് താമസിക്കുന്ന അഖിലിന്റെ വീട്ടിൽ നിന്നാണ് ബജാജ് സിടി 100 ബൈക്ക് പിടികൂടിയത്. നേരത്തേ വ്യാജ നമ്പർ പ്ലേറ്റുള്ള പച്ചബുള്ളറ്റ് ബൈക്ക് എം.എം വിവെ എം.ഐമാരായ ആർ. മനോജ്, പി.കെ. അജയൻ ഡ്രൈവർ അജേഷ് എന്നിവരുടെ നേതൃത്വത്തിൽ പിടികുടിയിരുന്നു. വാഹന പരിശോധനയ്ക്കിടെ നിർത്താതെ പോയ വാഹനത്തിന്റെ നമ്പർ നോക്കി പിഴ അടയ്ക്കാനുള്ള ഓൺലൈൻ ചെല്ലാൻ അയച്ചപ്പോഴാണ് ഇത് വ്യാജ നമ്പർ ആണെന്ന് വ്യക്തമായത്.

ചെല്ലാൻ കിട്ടിയ യഥാർഥ ഉടമ ബുക്കും മറ്റു രേഖകളും ചുവന്ന നിറത്തിലുള്ള തന്റെ ബുള്ളറ്റ് ബൈക്കുമായി അടൂർ ആർടിഓഫീസിൽ ഹാജരായപ്പോഴാണ് പച്ച ബുള്ളറ്റ് വ്യാജമാണെന്ന് കണ്ടെത്തിയത്. തുടർന്ന് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് ഏറെ പണിപ്പെട്ടാണ് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ വ്യാജ നമ്പരുള്ള പച്ച ബുള്ളറ്റ് കണ്ടെത്തിയത്. ഇതിന്റെ നമ്പർ പ്ലേറ്റ് വ്യാജമായിരുന്നെങ്കിലും ചേസിസ് നമ്പർ കൃത്യമായിരുന്നു. മോഷണം നടന്നതായി സംശയിക്കുന്നതിനാൽ അടൂർ പൊലീസിന് കൈമാറി. മാർച്ച് ആറിനാണ് ഇത് കസ്റ്റഡിയിൽ എടുത്തത്.

ശനിയാഴ്ച രാവിലെ വീണ്ടും ഈ വാഹനം പിടികൂടിയ വീടിന് മുന്നിലൂടെ പോയപ്പോൾ ഒരു ബജാജ് സിടി 100 ബൈക്ക് പോർച്ചിൽ ഇരിക്കുന്നത് കണ്ടു. കെ.എൽ.03 എം 1223 എന്നതായിരുന്നു ഇതിന്റെ നമ്പർ. സംശയം തോന്നി ഊദ്യോഗിക വാഹനതതിലിരുന്ന് തന്നെ എം.എം വിഐ മനോജ് ആർടി സൈറ്റിൽ പരിശോധിച്ചപ്പോൾ ഈ നമ്പരിലുള്ള വാഹനത്തിന്റെ രേഖകൾ കാലാവധി കഴിഞ്ഞതാണെന്ന് മനസിലാക്കി. പക്ഷേ, വാഹനം നിലവിൽ ഓടക്കൊണ്ടിരിക്കുന്നതാണ്. പന്തികേട് മണത്ത് ഉദ്യോഗസ്ഥർ വീട്ടിലേക്ക് ചെന്ന് പരിശോധിച്ചപ്പോൾ വണ്ടിയുടെ എൻജിൻ നമ്പരും ചേസിസ് നമ്പരും പരിശോധിച്ചപ്പോൾ വാഹനം വ്യാജമാണ്.

വണ്ടിയിലുള്ള എൻജിൻ നമ്പരും ചേസിസ് നമ്പരും വച്ച് പരിശോധിച്ചപ്പോൾ യഥാർഥ നമ്പർ കെ.എൽ.03 എൽ 6663 ആണെന്ന് വെബ്സൈറ്റിൽ നിന്ന് മനസിലാക്കി. വാഹനം കസ്റ്റഡിയിൽ എടുത്ത് അടൂർ സ്റ്റേഷനിലേക്ക് കൊണ്ടു വന്നു. 10 ദിവസത്തെ ഇടവേളയിലാണ് ഒരാളുടെ കൈയിൽ നിന്ന് രണ്ട് വ്യാജവാഹനങ്ങൾ പിടികൂടുന്നത്. ജോയിന്റ ആർടിഓയുടെ റിപ്പോർട്ട് സഹിതമാണ് പച്ച ബുള്ളറ്റ് പൊലീസിന് കൊടുത്തത്. ഇപ്പോൾ പിടികൂടിയ ബൈക്കും ഇതേ പോലെ നൽകും. എന്നാൽ, പച്ചബുള്ളറ്റിന്മേൽ ഇതു വരെ അന്വേഷണം തുടങ്ങിയിട്ടില്ല.

വാഹനം പിടികൂടിയത് ഏനാത്ത് സ്റ്റേഷൻ പരിധിയിൽ നിന്നാണെന്നതാണെന്നതാണ് കാരണമായി പറയുന്നത്. ഒരാളിൽ നിന്ന് രണ്ട് വ്യാജവാഹനം പിടികൂടിയ സ്ഥിതിക്ക് ഇതിന് പിന്നിൽ വൻ റാക്കറ്റ് തന്നെയുള്ളതായി സംശയിക്കേണ്ടിയിരിക്കുന്നു. ഇത്രയും ഗൗരവത്തോടെ കാണേണ്ട കേസായിട്ടും പൊലീസ് നിസംഗത പുലർത്തുന്നുവെന്നാണ് പരാതി.