അടൂർ: വീടിന്റെ കാർ പോർച്ചിൽ നിന്ന് മോഷ്ടിച്ച ബൈക്ക് വഴിയരികിൽ ഉപേക്ഷിച്ചു. കേസുള്ളതിനാൽ ഉടമ തന്നെ അതെടുത്ത് പൊലീസ് സ്റ്റേഷനിലെത്തിച്ചു. സ്റ്റേഷൻ വളപ്പിൽ സൂക്ഷിച്ചിരുന്ന ബൈക്ക് അവിടെ നിന്നും മോഷണം പോയി. ഇതേ ബൈക്ക് സഹിതം ഒരു ചെറുപ്പക്കാരനെ പൊലീസ് പിടികൂടി സ്റ്റേഷനിലെത്തിച്ചു. പിന്നാലെ ഇയാൾ കസ്റ്റഡിയിൽ നിന്നും ചാടിപ്പോയി. അടൂർ പൊലീസ് സ്റ്റേഷനിലാണ് ഒരു പാട് ട്വിസ്റ്റുകളുള്ള ഒരു ബൈക്ക് മോഷണക്കഥയുള്ളത്.

ബൈക്കുമായി പിടിയിലായ പന്നിവിഴ കൈമലപ്പാറ പുത്തൻ വീട്ടിൽ അഖിൽ (22) ആണ് സ്റ്റേഷനിൽ നിന്നും ഇന്നലെ രാത്രി എട്ടു മണിയോടെ ഓടിപ്പോയിട്ടുള്ളത്. അടൂർ പുന്തല ടൂറിസ്റ്റ് ഹോമിന് സമീപത്തെ പേ ആൻഡ് പാർക്കിൽ നിന്നുമാണ് മോഷണം പോയ ബൈക്ക് സഹിതം ഇന്നലെ രാത്രി ഏഴിന് അഖിലിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്.

കഴിഞ്ഞ മാസം ഒമ്പതിനും പത്തിനും ഇടയിൽ രാത്രി സമയത്തെപ്പോഴോ ആണ് ഇളമണ്ണൂർ വടക്കേതോപ്പിൽ വീട്ടിൽ സാംകുട്ടിയുടെ ഉടമസ്ഥതയിലുള്ള ബജാജ് പൾസർ ബൈക്ക് കാർ പോർച്ചിൽ നിന്ന് മോഷണം പോയത്. ഇതു സംബന്ധിച്ച് സാംകുട്ടി പൊലീസിൽ പരാതി നൽകിയിരുന്നു. 11 ന് പൊലീസ് കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെ പറക്കോടിന് സമീപം ബൈക്ക് ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളതിനാൽ പരാതിക്കാരനായ സാംകുട്ടി തന്നെ ബൈക്ക് എടുത്ത് അടൂർ പൊലീസ് സ്റ്റേഷനിൽ എത്തിച്ചു. കോടതിയിൽ ഹാജരാക്കുന്നതിന വേണ്ടി വാഹനം സ്റ്റേഷൻ വളപ്പിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു.

പിന്നീട് എപ്പോഴോ സ്റ്റേഷൻ വളപ്പിൽ നിന്ന് വാഹനം കാണാതായി. കഴിഞ്ഞ മാസം 28 നാണ് പൊലീസിന്റെ ശ്രദ്ധയിൽ ഈ വിവരം പതിയുന്നത്. കസ്റ്റഡിയിലുള്ള ബൈക്ക് മോഷണം പോയ വിവരം രഹസ്യമാക്കി വച്ച് പൊലീസ് അന്വേഷണം നടന്നു വരികയായിരുന്നു. അങ്ങനെ ഇരിക്കുമ്പോഴാണ് ഇന്നലെ വൈകിട്ട് പേ ആൻഡ് പാർക്കിൽ ബൈക്കുമായി അഖിലിനെ കണ്ടത്. പിന്നാലെ ഇയാളെ കസ്റ്റഡിയിൽ എടുക്കുകയും ഒരു മണിക്കൂർ തികയുന്നതിന് മുൻപ് ചാടിപ്പോവുകയുമായിരുന്നു.