- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തമിഴ്നാട്ടിൽ നിന്ന് ബൈക്കും മോഷ്ടിച്ച് കേരളത്തിലേക്ക് കടന്നു; ടവർ ലൊക്കേഷൻ പിന്തുടർന്ന് വന്ന തമിഴ്‌നാട് പൊലീസ് ചിറ്റാറിൽ നിന്ന് മോഷ്ടാവിനെ കസ്റ്റഡിയിൽ എടുത്തു; സാഹസിക ദൗത്യത്തിന് നേതൃത്വം കൊടുത്തത് കേരളാ പൊലീസ്
ചിറ്റാർ: തമിഴ്‌നാട് പൊലീസ് ഒന്നരവർഷമായി തെരഞ്ഞു കൊണ്ടിരുന്ന നിരവധി മോഷണ കേസുകളിലെ പ്രതിയെ നീലിപിലാവിൽ നിന്നും ചിറ്റാർ പൊലീസ് പിടികൂടി. പിന്നീട് തമിഴ്‌നാട് പൊലീസിന് കൈമാറി. തിരുനെൽവേലി മുന്നീർപള്ളം മേലകരുൺകുളം സുഭാഷ് ചന്ദ്രബോസ് സ്ട്രീറ്റിൽ മൈദീൻ പിച്ചയാണ് അറസ്റ്റിലായത്.
എസ്‌ഐ രവീന്ദ്രൻ നായർ, സിപിഓമാരായ മിഥുൻ, അനീഷ് എന്നിവരടങ്ങിയ സംഘമാണ് ഒളിവിൽ കഴിഞ്ഞുവന്ന മോഷ്ടാവിനെ പിടികൂടിയത്. തിരുനെൽവേലി കല്ലിടിക്കുറിച്ചി എസ്‌ഐ അൽവറും സംഘവും ഇയാളെ ഏറ്റു വാങ്ങി. വാഹനമോഷണം ശീലമാക്കിയ മൈദീൻ പിച്ച കഴിഞ്ഞ 30 ന് കല്ലിടിക്കുറിച്ചിയിൽ നിന്നും ബജാജ് പ്ലാറ്റിന മോട്ടോർ സൈക്കിൾ മോഷ്ടിച്ചു കടക്കുകയായിരുന്നു.
അതിർത്തി കടന്ന് സീതത്തോട് എത്തിയ മോഷ്ടാവ് ടൈൽസ് പണിയും മേസ്തിരി പണിയുമൊക്കെയായി പലർക്കൊപ്പം കൂടി. ഇയാളുടെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് തമിഴ്‌നാട് പൊലീസ് നടത്തിയ അന്വേഷണത്തിൽ ലൊക്കേഷൻ ഇവിടെ കാണിച്ചതിനെ തുടർന്ന് ചിറ്റാർ പൊലീസിനെ വിവരം ധരിപ്പിച്ചു.
അങ്ങനെയാണ് എസ്‌ഐ രവീന്ദ്രന്റെ നേതൃത്വത്തിൽ മോഷ്ടാവിനെ കുടുക്കാൻ പൊലീസ് മലകയറിയത്. തമിഴ്‌നാട് പൊലീസ് അയച്ച ഇയാളുടെ ഫോട്ടോ കാട്ടി തദ്ദേശവാസികളിൽ ചിലരോട് അന്വേഷണം നടത്തി. ഇന്നലെ രാത്രി ഒമ്പതോടെ ഇയാളുടെ താമസസ്ഥലം കണ്ടെത്തി തിരിച്ചറിഞ്ഞു പിടികൂടുകയായിരുന്നു. തമിഴ്‌നാട് പൊലീസ് സംഘവും ഒപ്പമുണ്ടായിരുന്നു. ശ്രമകരമായ ദൗത്യത്തിലൂടെ കസ്റ്റഡിയിലെടുത്ത മോഷ്ടാവിനെ താഴെ റോഡിൽ എത്തിച്ചപ്പോൾ അവിടെ ഒളിച്ചു വച്ചിരുന്ന മോഷണ ബൈക്ക് പ്രതി കാട്ടിക്കൊടുത്തു. ഇതും കസ്റ്റഡിയിൽ എടുത്തു.
ശ്രീലാല് വാസുദേവന് മറുനാടന് മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്