കോയിപ്രം: യുവതിയുടെ സ്‌കൂട്ടർ നൈസായി മോഷ്ടിച്ചു കടന്ന സ്ഥിരം മോഷ്ടാവിനെ സിസിടിവി സഹായത്തോടെ പൊലീസ് പൊക്കി. കോയിപ്രം മുട്ടുമൺ വെയ്റ്റിങ് ഷെഡിന് സമീപം വച്ചിരുന്ന സ്‌കൂട്ടർ മോഷ്ടിച്ച ചെങ്ങന്നൂർക്രിസ്ത്യൻ കോളേജിന് സമീപം ലക്ഷം വീട് കോളനിയിൽ കൈലാത്ത് വീട്ടിൽ സുബിൻ ജേക്കബ് (27) ആണ് അറസ്റ്റിലായത്.

കഴിഞ്ഞമാസം 7 ന് രാവിലെ 10 മണിക്ക് ശേഷമാണ് മോഷണം നടന്നത്. തൊട്ടപ്പുഴശ്ശേരി കുറിയന്നൂർ നിരവിൽ കോളനിയിൽ നിരവിൽ വീട്ടിൽ ശരണ്യ ഓടിച്ചുകൊണ്ടുവന്നതാണ് സ്‌കൂട്ടർ.ശരണ്യയുടെ ഭർതൃസഹോദരന്റെ ഭാര്യയുടെ പേരിലുള്ളതാണ് സ്‌കൂട്ടർ, 75000 രൂപ വിലവരും. 14 ന് ഇവർ കോയിപ്രം പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ എസ് ഐ താഹാകുഞ്ഞ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

പ്രാഥമിക നടപടിക്രമങ്ങൾ സ്വീകരിക്കുകയും, മോഷണം നടന്ന സ്ഥലത്തിന് സമീപത്തെ കടകളിലെയും സ്ഥാപനങ്ങളിലെയും സി സി ടി വി ദൃശ്യങ്ങൾ പരിശോധിക്കുകയും ചെയ്തു. ജയിലുകളിൽ നിന്നും സമീപകാലത്ത് മോചിതരായ കുറ്റവാളികളെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ, സംഭവദിവസത്തിന് തൊട്ടുമുമ്പ് ജയിലിൽ നിന്നും പുറത്തിറങ്ങിയ സുബിൻ ജേക്കബിലേക്ക് എത്തുകയുമായിരുന്നു.

നിരീക്ഷണത്തിനിടെ ഇയാളുടെ പ്രവർത്തനങ്ങളിൽ സംശയം തോന്നിയ അന്വേഷണസംഘം, ഇന്നലെ ഉച്ചയ്ക്ക് 12.30 ഓടെ ചെങ്ങന്നൂർ ബസ് സ്റ്റാന്റിന് സമീപത്തുനിന്നും കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിൽ കൊണ്ടുവന്ന് ചോദ്യം ചെയ്തപ്പോഴാണ് മോഷണത്തിന്റെ ചുരുളഴിഞ്ഞത്. ചെങ്ങന്നൂർ ഹാച്ചറി ജംഗ്ഷനിൽ വണ്ടി വച്ചിട്ടുണ്ടെന്ന് മോഷ്ടാവ് അറിയിച്ചതിനെതുടർന്ന്, അവിടെയെത്തി പൊലീസ് സ്‌കൂട്ടർ കണ്ടെടുത്തു. അവിടെ ഒരു വീടിന്റെ മുൻവശം റോഡിനോട് ചേർന്നുള്ള കൽക്കെട്ടിന് സമീപം വച്ചിരിക്കുകയായിരുന്നു വണ്ടി. പ്രതിയുടെ മൊബൈൽ ഫോണും കസ്റ്റഡിയിലെടുത്തു. പിന്നീട് ഇവ കോടതിയിൽ ഹാജരാക്കി.

പ്രതി ആലപ്പുഴ മാന്നാർ പൊലീസ് സ്റ്റേഷനിലെ 4 മോഷണകേസുകളിൽ പ്രതിയായി ജയിൽശിക്ഷ അനുഭവിച്ചിട്ടുള്ളതാണെന്ന് അന്വേഷണത്തിൽ വ്യക്തമായി. ഇയാൾ കൂടുതൽ കേസുകളിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് തുടങ്ങിയ കാര്യങ്ങളിൽ വിശദമായ അന്വേഷണം നടക്കുകയാണ്. തിരുവല്ല ഡി വൈ എസ് പി അഷദിന്റെ നിർദേശപ്രകാരം, കോയിപ്രം പൊലീസ് ഇൻസ്പെക്ടർ സജീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് മോഷ്ടാവിനെ പിടികൂടിയത്.

അന്വേഷണസംഘത്തിൽ എസ് ഐമാരായ ഉണ്ണികൃഷ്ണൻ, സന്തോഷ് എ എസ് ഐ പ്രകാശ്, സി പി ഓമാരായ രതീഷ്, അനന്തകൃഷ്ണൻ എന്നിവരാണ് ഉണ്ടായിരുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.