- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വ്യാജ നമ്പർ പ്ലേറ്റുമായി പച്ച ബുള്ളറ്റ് പിടിച്ചപ്പോൾ അനക്കമില്ല; രണ്ടാഴ്ചയ്ക്ക് ശേഷം ഇതേ വീട്ടിൽ നിന്ന് വീണ്ടും വ്യാജ നമ്പരുള്ള ബൈക്ക് കണ്ടെത്തിയപ്പോൾ കേസെടുത്ത് ഏനാത്ത് പൊലീസ്; കേസൊഴിവാക്കാൻ വിളി എത്തുന്നതുകൊല്ലം ജില്ലയിലെ സിപിഎം നേതാക്കളിൽ നിന്നടക്കം; കടമ്പനാട്ടെ അഖിലിന്റെ വീട്ടിൽ നിന്ന് പിടികൂടിയത് 5000 രൂപ ബൈക്കെന്ന് സംശയം
അടൂർ: ഒന്നിന് പിറകെ ഒന്നായി വ്യാജ നമ്പർ പ്ലേറ്റുള്ള ഇരുചക്രവാഹനങ്ങൾ ഒരേ വീട്ടിൽ നിന്ന് പിടികൂടിയ സംഭവത്തിൽ ഒടുവിൽ പൊലീസ് ഇടപെടൽ. മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ പരാതിയിൽ ഏനാത്ത് പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. വ്യാജ നമ്പർ പ്ലേറ്റുള്ള പച്ച ബുള്ളറ്റ് പിടികൂടി 11 ദിവസത്തിന് ശേഷമാണ് കേസ് രജിസ്റ്റർ ചെയ്യുന്നത് എന്നതാണ് ശ്രദ്ധിക്കേണ്ട വസ്തുത. കടമ്പനാട് സ്വദേശി അഖിലിന്റെ വീട്ടിൽ നിന്ന് ഇന്നലെ മറ്റൊരു ബജാജ് സിടി 100 ബൈക്ക് കൂടി പിടികൂടിയതിന് ശേഷമാണ് പൊലീസ് ഒന്ന് അനങ്ങിയിരിക്കുന്നത്. അതിനിടെ കേസ് അട്ടിമറിക്കാൻ കടമ്പനാട്ടുള്ള സിപിഎം നേതാക്കൾക്ക് പിന്നാലെ കൊല്ലം ജില്ലയിൽ നിന്നുള്ള ഉന്നത നേതാവിന്റെ വിളിയും എത്തിയിട്ടുണ്ട്. അഖിൽ ഉപയോഗിച്ചിരുന്നത് 5000 രൂപ ബൈക്ക് ആണെന്ന വിവരവും പുറത്തു വന്നു.
വ്യാജ ബൈക്കിലേക്കുള്ള മോട്ടോർ വാഹന വകുപ്പിന്റെ പ്രയാണം തുടങ്ങുന്നത് മാർച്ച് നാലിനാണ്. വാഹന പരിശോധനയ്ക്കിടെ ഒരു യുവാവ് പച്ചബുള്ളറ്റിൽ ഹെൽമറ്റ് വയ്ക്കാതെ പോകുന്നത് അടൂർ ജോയിന്റ് ആർടി ഓഫീസിലെ എ.എം വിഐ മാരായ എം.ആർ മനോജ്, പി.കെ. അജയൻ എന്നിവർ കാണുന്നു. വാഹനം കൈകാട്ടി നിർത്താനുള്ള സാവകാശം ഇവർക്ക് ലഭിച്ചില്ല. പക്ഷേ, നമ്പർ മനസിലാക്കിയിരുന്നു. കെ.എൽ.03 സി. 7433 എന്ന നമ്പരിന്റെ ഉടമയ്ക്ക് ഇതിൻ പ്രകാരം ഓൺലൈൻ ചെല്ലാൻ തയാറാക്കി പിഴ അടയ്ക്കാൻ അയച്ചു. മാർച്ച് ആറിന് മാവേലിക്കര സ്വദേശി ഇതേ നമ്പരിലുള്ള ചുവന്ന ബുള്ളറ്റുമായി അടൂർ ആർടി ഓഫീസിൽ ഹാജരായി. മാർച്ച് നാലിന് താൻ കടമ്പനാട് വഴി പോയിട്ടില്ലെന്നും തന്റെ രേഖകൾ എല്ലാം കൃത്യമാണെന്നും അദ്ദേഹം അറിയിച്ചു.
ഇതോടെ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ പച്ച ബുള്ളറ്റ് കണ്ടെത്താൻ ശ്രമം തുടങ്ങി. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചും ചോദിച്ചറിഞ്ഞും കഴിഞ്ഞ എട്ടിന് ഇവർ കടമ്പനാട് സ്വദേശി അഖിലിന്റെ വീടിന്റെ പോർച്ചിൽ വാഹനം കണ്ടെത്തി. രജിസ്ട്രേഷൻ നമ്പർ വ്യാജമാണെങ്കിലും എൻജിൻ നമ്പർ ഒറിജിനൽ ആയിരുന്നു. വാഹനം എവിടെ നിന്ന് കിട്ടിയെന്ന് ചോദിച്ചെങ്കിലും അഖിൽ ഉരുണ്ടു കളിക്കുകയും പരസ്പര വിരുദ്ധമായി മറുപടി നൽകുകയും ചെയ്തു. ഉദ്യോഗസ്ഥർ വാഹനം പിടിച്ചെടുത്ത് അടൂർ പൊലീസിന് കൈമാറി. വാഹനം മോഷ്ടിച്ചതോ കൃത്രമമായി നമ്പർ ഉപയോഗിച്ച് ഓടിയതോ ആണെന്നിരിക്കേ അടൂർ പൊലീസ് കേസെടുക്കാൻ തയാറായില്ല. പിടികൂടിയത് ഏനാത്ത് സ്റ്റേഷൻ പരിധിയിലാണെന്നതിനാൽ അവിടേക്ക് കൊടുക്കാൻ പറഞ്ഞു.
അങ്ങനെയിരിക്കുമ്പോഴാണ് ഇന്നലെ മോട്ടോർ വാഹനവകുപ്പിലെ ഉദ്യോഗസ്ഥർ അഖിലിന്റെ വീടിന് മുന്നിലൂടെ കടന്നു പോകുമ്പോൾ പോർച്ചിൽ ഒരു ബജാജ് സിടി 100 ബൈക്ക് കാണുന്നത്. സംശയം തോന്നിയ ഇവർ മോട്ടോർ വാഹനവകുപ്പിന്റെ വെബ്സൈറ്റിൽ തെരഞ്ഞപ്പോൾ വാഹനത്തിന്റെ രേഖകൾ കാലഹരണപ്പെട്ടതാണെന്ന് മനസിലായത്. തുടർന്ന് വീട്ടിലെത്തി വാഹനം വിശദമായി പരിശോധിച്ചപ്പോൾ വാഹനത്തിന്റെ എൻജിൻ നമ്പരും ചേസിസ് നമ്പരും വേറെയാണെന്ന് മനസിലായി. അതനുസരിച്ചുള്ള രജിസ്റ്റർ നമ്പരായിരുന്നില്ല വാഹനത്തിലുണ്ടായിരുന്നത്. ഉദ്യോഗസ്ഥരുടെ ചോദ്യം ചെയ്യലിൽ അഖിൽ ഉരുണ്ടു കളി തുടർന്നു. പതിവു പോലെ വാഹനം മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ പിടിച്ചെടുത്തു. ഞായറാഴ്ച രാവിലെ തന്നെ ഇരുവാഹനങ്ങളും ജോയിന്റ് ആർ.ടിഓയുടെ റിപ്പോർട്ട് സഹിതം ഏനാത്ത് പൊലീസിന് കൈമാറി. ഉദ്യോഗസ്ഥരുടെ മൊഴി വാങ്ങി കേസ് രജിസ്റ്റർ ചെയ്യാനുള്ള നടപടി ക്രമങ്ങൾ പൂർത്തീകരിച്ചതായി ഏനാത്ത് എസ്എച്ച്ഒ കെ.ആർ. മനോജ് കുമാർ അറിയിച്ചു.
അഖിലിന്റെ കൈയിൽ നിന്ന് രണ്ടാമത്തെ വാഹനവും പിടികൂടിയെന്ന് അറിഞ്ഞതോടെ സിപിഎം നേതാക്കൾ നെട്ടോട്ടം തുടങ്ങി. ജില്ലാ കമ്മറ്റിയംഗം, ലോക്കൽ കമ്മറ്റിയംഗം എന്നിവർ കേസൊതുക്കാനുള്ള ശ്രമങ്ങൾക്ക് ചുക്കാൻ പിടിക്കുന്നു. ഇതിന് പുറമേ കൊല്ലം ജില്ലയിൽ നിന്നുള്ള നേതാവും ഇടപെടൽ നടത്തിയിട്ടുണ്ട്. ഒരു ലോക്കൽ കമ്മറ്റിയംഗത്തിന്റെ മകന്റെ ഉറ്റ സുഹൃത്ത് കൂടിയാണ് അഖിൽ. ഇത്തരം വാഹനങ്ങൾക്ക് എക്സൈസ് ഉദ്യോഗസ്ഥർ നൽകിയിരിക്കുന്ന പേര് 5000 രൂപ ബൈക്ക് എന്നാണ്. ഇതിന്റെ കച്ചവടം നടക്കുന്നത് പത്തനംതിട്ട കുലശേഖരപതിയിലാണ്. രേഖകൾ ഇല്ലാത്ത ഇത്തരം ബൈക്കുകൾ ഉപയോഗിക്കുന്നത് കഞ്ചാവും എംഡിഎംഎയും പോലുള്ള ലഹരി മരുന്ന് കടത്തിന് വേണ്ടിയാണ്.
അടൂർ അടുത്തകാലത്തായി ലഹരി മാഫിയയുടെ ഹബ് ആണ്. ഇവിടെ ഇത്തരം നിരവധി വാഹനങ്ങൾ തലങ്ങും വിലങ്ങും പായുന്നുണ്ട്. അടൂരിലെ സിപിഎമ്മിന്റെ ഒരു നഗരസഭ കൗൺസിലർ ഇത്തരമൊരു വാഹനം ഉപയോഗിച്ചിരുന്നു. തന്റെ വാഹനത്തിന്റെ നമ്പരുള്ള മറ്റൊരു സ്കൂട്ടർ നിരത്തിലൂടെ പായുന്നത് കണ്ട് യഥാർഥ ആർസി ഉടമ പരാതി നൽകിയപ്പോഴാണ് വാഹനം പൊലീസ് പിടികൂടിയത്. ഇത് ഉപയോഗിച്ചിരുന്നത് സിപിഎം ജില്ലാ നേതാവിന്റെ മാനസ പുത്രനായിരുന്നതിനാൽ തുടർ നടപടി ഉണ്ടായില്ല. പരാതിക്കാരനെ അനുനയിപ്പിച്ച് പറഞ്ഞു വിടുകയായിരുന്നു.
ശ്രീലാല് വാസുദേവന് മറുനാടന് മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്