- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
കുഴിച്ചിട്ട മൃതദേഹം നാളുകള്‍ക്കു ശേഷം അഴുകി അസ്ഥി മാത്രമായപ്പോള്‍ പുറത്തെടുത്തു വെട്ടിനുറുക്കി കത്തിച്ചു ചാരമാക്കി; കത്തിച്ച അവശിഷ്ടങ്ങള്‍ തണ്ണീര്‍മുക്കം ബണ്ടില്‍ നിന്നു കായലിലേക്കും തള്ളി; മറ്റിടങ്ങള്‍ ഓര്‍മയില്‍ വരുന്നില്ലെന്നാണ് സെബാസ്റ്റ്യന്റെ മൊഴി; ചേര്ത്തലക്കാരുടെ 'അമ്മാവന്‍' ആളു ചില്ലറക്കാരന്‍ അല്ല; ബിന്ദു പത്മനാഭന്റെ കൊലയ്ക്ക് കാരണം ആ ഒന്നര ലക്ഷം രൂപ!
ആലപ്പുഴ: ചേര്‍ത്തല ബിന്ദു പത്മനാഭന്‍ കൊലപാതക്കേസില്‍ നിര്‍ണ്ണായക വിവരങ്ങള്‍ ക്രൈംബ്രാഞ്ചിന്. തണ്ണീര്‍മുക്കം ബണ്ടിലാണ് ബിന്ദുവിന്റെ അസ്ഥികള്‍ ഉപേക്ഷിച്ചതെന്ന് പ്രതി സെബാസ്റ്റ്യന്‍ മൊഴി നല്‍കി. കൊലപാതകശേഷം സെബാസ്റ്റ്യന്‍ മൃതദേഹം കഷ്ണങ്ങളാക്കി പള്ളിപ്പുറത്തെ വീട്ടുപറമ്പില്‍ കുഴിച്ചിടുകയായിരുന്നു. ശേഷം അസ്ഥിക്കഷണങ്ങള്‍ പുറത്തെടുത്ത് കത്തിക്കുകയും തണ്ണീര്‍മുക്കം ബണ്ടില്‍ ഉപേക്ഷിക്കുകയുമായിരുന്നു . ജെയ്‌നമ്മ കൊലക്കേസുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിനിടെയായിരുന്നു ബിന്ദു പത്മനാഭനെ കൊലപ്പെടുത്തിയത് സംബന്ധിച്ച് സെബാസ്റ്റ്യനില്‍ നിന്നും വിവരങ്ങള്‍ ലഭിക്കുന്നത്. തുടര്‍ന്ന് ആലപ്പുഴ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തു. 2006 മേയിലാണ് കൊലപാതകം. അമ്പലപ്പുഴയില്‍ ബിന്ദുവിന്റെ പേരിലുണ്ടായിരുന്ന ഭൂമിയുടെ ഇടപാടുമായി ബന്ധപ്പെട്ട പണം കൈമാറ്റം സെബാസ്റ്റ്യന്റെ വീട്ടില്‍ നടന്നിരുന്നു. സ്ഥലം വാങ്ങാന്‍ കരാറിലേര്‍പ്പെട്ട പള്ളിപ്പുറം സ്വദേശിയാണ് തുക നല്‍കിയത്. ഇതു പങ്കുവയ്ക്കുന്നതിലെ തര്‍ക്കത്തിനൊടുവില്‍ ബിന്ദുവിനെ കൊലപ്പെടുത്തിയതാണെന്നാണ് മൊഴി. കൊലപാതകത്തില്‍ മറ്റാര്‍ക്കെങ്കിലും പങ്കുണ്ടോയെന്നതില്‍ ഇതുവരെയും വ്യക്തത വന്നിട്ടില്ല. 19 വര്‍ഷം മുമ്പു നടന്ന കൊലപാതകമാണെന്നതിനാല്‍ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തുക അസാധ്യമാണ്.
ബിന്ദു പത്മനാഭനെ സെബാസ്റ്റ്യന്റെ പള്ളിപ്പുറത്തെ വീട്ടില്‍ കൊലപ്പെടുത്തി മൃതദേഹം കുഴിച്ചിട്ടതായാണ് ചോദ്യംചെയ്യലില്‍ ഇയാള്‍ മൊഴി നല്‍കിയിരിക്കുന്നത്. കുഴിച്ചിട്ട മൃതദേഹം നാളുകള്‍ക്കു ശേഷം അഴുകി അസ്ഥി മാത്രമായപ്പോള്‍ പുറത്തെടുത്തു വെട്ടിനുറുക്കി കത്തിച്ചു ചാരമാക്കി പലേടത്തായി തള്ളിയതായും വിവരം ലഭിച്ചിട്ടുണ്ടെന്നു ക്രൈംബ്രാഞ്ച് ഡിറ്റക്ടീവ് ഇന്‍സ്പക്ടര്‍ കെ. ഹേമന്ത്കുമാര്‍ പറഞ്ഞു. കത്തിച്ച അവശിഷ്ടങ്ങള്‍ തണ്ണീര്‍മുക്കം ബണ്ടില്‍നിന്നു കായലിലേക്കു തള്ളി. മറ്റിടങ്ങള്‍ ഓര്‍മയില്‍ വരുന്നില്ലെന്നാണ് സെബാസ്റ്റ്യന്‍ അന്വേഷണ സംഘത്തോടു പറഞ്ഞത്. കൊലപാതകം നടന്ന വീട്ടിലും തണ്ണീര്‍മുക്കം ബണ്ടിലും ഇന്നലെ സെബാസ്റ്റ്യനെ എത്തിച്ചു തെളിവെടുത്തു. ഈ കേസില്‍ ശാസ്ത്രീയ തെളിവുകള്‍ നിര്‍ണ്ണായകമാണ്. 2006ലാണ് ബിന്ദു പത്മനാഭനെ കാണാതായത്. അച്ഛനമ്മമാരുടെ വിയോഗശേഷം ബിന്ദു വസ്തു വില്‍പ്പനയ്ക്കായാണ് പള്ളിപ്പുറം സ്വദേശി സെബാസ്റ്റിയനുമായി ബന്ധപ്പെട്ടത്. കടക്കരപ്പള്ളിയിലെ മറ്റൊരു ഭൂമിയിടപാടുകാരനാണ് ഇവരെ പരസ്പരം ബന്ധിപ്പിച്ചത്.
ബിന്ദു പത്മനാഭനെ കൊലപ്പെടുത്താന്‍ സെബാസ്റ്റ്യനു പെട്ടെന്നുണ്ടായ പ്രകോപനം 1.5 ലക്ഷം രൂപ രൂപയെ ചൊല്ലിയുള്ള തര്‍ക്കമാണ്. ബിന്ദുവിന്റെ അമ്പലപ്പുഴയിലെ സ്ഥലം വാങ്ങാനെത്തിയ ആള്‍ അഡ്വാന്‍സായി ഈ പണം തന്റെ പള്ളിപ്പുറത്തെ വീട്ടില്‍ വച്ചാണു ബിന്ദുവിനു കൈമാറിയതെന്നു സെബാസ്റ്റ്യന്‍ ക്രൈംബ്രാഞ്ചിനോടു സമ്മതിച്ചു. ബിന്ദുവിനെ കുഴിച്ചിട്ട ശരീരഭാഗങ്ങള്‍ രണ്ടും മൂന്നും മാസത്തിനു ശേഷമാണു പല തവണയായി കുഴിച്ചെടുത്തത്. അപ്പോഴേക്കും ഇവ ജീര്‍ണിച്ച് അസ്ഥി മാത്രമാകും. അസ്ഥികള്‍ കത്തിച്ചു ചാരമാക്കി പലയിടത്തായി കളഞ്ഞു. ഒരു തവണ തണ്ണീര്‍മുക്കം ബണ്ടില്‍നിന്നു കായലിലേക്ക് എറിഞ്ഞെന്നും ഇയാള്‍ പറഞ്ഞു. സഹോദരന്‍ വിദേശത്തേക്കു പോയതോടെ 2004 മുതല്‍ പള്ളിപ്പുറത്തെ വീട് സെബാസ്റ്റ്യന്റെ കൈവശമായിരുന്നു. ഇതു കൊലപാതകത്തിനും മൃതദേഹം മുറിച്ചു കുഴിച്ചുമൂടാനും പിന്നീട് അസ്ഥികള്‍ കത്തിക്കാനുമെല്ലാം സൗകര്യമായി. ചേര്‍ത്തലക്കാര്‍ 'അമ്മാവന്‍' എന്നാണ് സെബാസ്റ്റ്യനെ വിളിച്ചിരുന്നത്. വസ്തു ഇടപാടുകള്‍ക്ക് ബ്രോക്കറായതു കൊണ്ടായിരുന്നു ഈ വിളി.
സര്‍ക്കാര്‍ ഉദ്യോഗസ്ഥനായിരുന്ന അച്ഛന്റെ പെന്‍ഷന്‍ 2006 പകുതിവരെ ബിന്ദു കൈപ്പറ്റിയെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. ശേഷമാണ് ബിന്ദുവിന്റെ ഭൂമി വ്യാജരേഖ ചമച്ച് സെബാസ്റ്റിയന്റെ നേതൃത്വത്തില്‍ വിറ്റത്. ബിന്ദുവിനെ കൊന്നശേഷമാണിതെന്നാണ് നിഗമനം. ബിന്ദുവിന്റെ സഹോദരന്‍ പ്രവീണ്‍ കുമാറിന്റെ ഉറച്ച നിലപാടും പരാതിയുമാണ് അന്വേഷണമായി മാറിയത്. ബിന്ദുവിനെ കാണാനില്ലെന്ന് 2017ലാണു പ്രവീണ്‍ പരാതി നല്‍കിയത്. സഹോദരിയെ അപായപ്പെടുത്തിയിരിക്കാമെന്നും സെബാസ്റ്റ്യന് അതില്‍ പങ്കുണ്ടെന്നും പ്രവീണ്‍ സംശയിച്ചിരുന്നു. ആ സംശയം ശരിയായി. ബിന്ദുവിനെ കൊലപ്പെടുത്തിയതാണെന്നു സെബാസ്റ്റ്യന്‍ കുറ്റസമ്മതം നടത്തി. അതിന്റെ വിശദാംശങ്ങള്‍ പുറത്തുവരുമ്പോള്‍ പ്രവീണ്‍ ഇറ്റലിയില്‍ ജോലിസ്ഥലത്താണ്. ''വളരെ ക്രൂരമായി ബിന്ദുവിനെ കൊലപ്പെടുത്തിയെന്നാണു കേള്‍ക്കുന്നത്. അതേപ്പറ്റി എന്തെങ്കിലും പ്രതികരിക്കാന്‍ പോലും എനിക്കു ശക്തിയില്ല''ഇതാണ് പ്രവീണിന്റെ പ്രതികരണം.
ബിന്ദുവിന്റെ കൊച്ചിയിലുള്ള വസ്തുവിന്റെ വില്‍പനയ്ക്കു സെബാസ്റ്റ്യന്‍ വ്യാജ മുക്ത്യാര്‍ ഉണ്ടാക്കിയതും ബിന്ദുവെന്ന വ്യാജേന മറ്റൊരു സ്ത്രീയെ സബ് റജിസ്ട്രാര്‍ ഓഫിസില്‍ ഹാജരാക്കിയെന്ന വിവരവും പുറത്തുവന്നതോടെയാണു പ്രവീണിനു ചില സംശയങ്ങള്‍ ഉണ്ടായത്. 2013 മുതല്‍ സഹോദരിയെ കാണാനില്ലെന്നു പ്രവീണ്‍ പരാതി നല്‍കി. എന്നാല്‍, സെബാസ്റ്റ്യന്റെ പള്ളിപ്പുറത്തെ വീട്ടുവളപ്പില്‍നിന്നു കരിഞ്ഞ അസ്ഥിക്കഷണങ്ങള്‍ കണ്ടെത്തിയതോടെ അവ ജെയ്‌നമ്മയുടേതോ ബിന്ദുവിന്റേതോ എന്ന സംശയം അന്വേഷണ ഉദ്യോഗസ്ഥര്‍ക്കുണ്ടായി. തുടര്‍ന്ന്, ഇറ്റലിയിലായിരുന്ന പ്രവീണ്‍ നാട്ടിലെത്തി ഡിഎന്‍എ സാംപിള്‍ നല്‍കി. ഇതിന്റെ പരിശോധനാഫലം ഇതുവരെ ലഭിച്ചിട്ടില്ല. ബിന്ദുവിനെപ്പറ്റി സെബാസ്റ്റ്യന്‍ പറയുന്നതു പലതും കളളമാണെന്നു പ്രവീണ്‍ പൊലീസിനോടു പറഞ്ഞിരുന്നു. ബിന്ദു ജീവിച്ചിരിക്കുന്നുണ്ടെന്നു പ്രവീണിനെ തെറ്റിദ്ധരിപ്പിക്കാന്‍ ഇയാള്‍ പല ശ്രമങ്ങളും നടത്തിയിരുന്നു.