- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബിജെപി നേതാവും മറ്റു ചിലരും തമ്മിൽ വഴക്കുണ്ടായപ്പോൾ ഇടനിലക്കാരനായി; പിന്നീട് ആത്മമിത്രവും; ചിറ്റപ്പന്റെ ബൈക്കിന്റെ ചിത്രം ഗ്രൂപ്പിൽ സഹോദരന്റെ മക്കൾ കണ്ടത് തുമ്പായി; വിളിച്ചോ എന്ന് അറിയില്ലെന്ന കൊലപാതകിയുടെ ഒഴുക്കൻ മട്ടിലുള്ള മറുപടിയും സംശയമായി; ഒടുവിൽ ദൃശ്യം മോഡലൊരുക്കിയ മുത്തുകുമാർ പിടിയിൽ; ബിന്ദന്റെ കൊലയ്ക്ക് പിന്നിൽ മൂന്ന് പേർ
കോട്ടയം: ചങ്ങനാശ്ശേരിയിൽ യുവാവിനെ കൊന്ന് വീടിനുള്ളിൽ കുഴിച്ചിട്ട കേസിലെ പ്രതി മുത്തുകുമാർ അറസ്റ്റിലായി. കലവൂർ ഐടിസി കോളനിയിൽനിന്നാണ് ഇയാൾ പിടിയിലായത്. ആലപ്പുഴ നോർത്ത് സിഐ രാജേഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്. കേസിൽ മറ്റ് രണ്ടുപേർക്ക് കൂടി പങ്കുണ്ടെന്നാണ് സൂചന. ഇവർ സംസ്ഥാനം വിട്ടതായി പൊലീസ് പറയുന്നു. പ്രതിയെ ചങ്ങനാശ്ശേരി പൊലീസിന് കൈമാറും. ആലപ്പുഴ നഗരസഭ ആര്യാട് അവല്ലക്കുന്ന് കിഴക്കേവെളിയിൽ പുരുഷന്റെ മകൻ ബിന്ദുകുമാറി (ബിന്ദുമോൻ-45) ന്റെ മൃതദേഹമാണ് വീടിനുള്ളിൽ കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയത്.
ശനിയാഴ്ച ഉച്ചയ്ക്ക് ബിന്ദുമോന്റെ (ബിന്ദൻ) മരണവാർത്തയറിഞ്ഞു ബന്ധുക്കൾ വീട്ടിലെത്തുമ്പോൾ അമ്മ കമലമ്മയും അച്ഛൻ പുരുഷനും ഊണുകഴിക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു. ആരും ഒന്നുംപറഞ്ഞിരുന്നില്ല. വീട്ടുമുറ്റത്തു പന്തലുയർന്നപ്പോഴാണു മകന്റെ വിയോഗം അവരറിഞ്ഞത്. അതോടെ ആ വൃദ്ധദമ്പതിമാർ തളർന്നുപോയി. പുരുഷന്റെയും കമലമ്മയുടെയും ഇളയമകനാണു ബിന്ദുമോൻ. ജ്യേഷ്ഠൻ സജിയുടെ മക്കളായ അപർണയോടും അഭിരാമിനോടുമായിരുന്നു ഏറെയടുപ്പം. തിങ്കളാഴ്ച വീട്ടിൽനിന്നുപോയ ബിന്ദുമോൻ ചൊവ്വാഴ്ച രാത്രിയായിട്ടും എത്തിയില്ല. വീട്ടിലേക്കു വിളിച്ചുമില്ല. ഇതോടെയാണു സഹോദരൻ സജി പൊലീസിൽ പരാതി നൽകിയത്. അമ്മയ്ക്കുമച്ഛനും ഒപ്പം കുടുംബവീട്ടിലാണു ബിന്ദുമോന്റെ താമസം.
ആര്യാട് സ്വദേശി ബിന്ദു കുമാറിനെ കൊലപ്പെടുത്തി വീടിനുള്ളിൽ കുഴിച്ചു കോൺക്രീറ്റ് ചെയ്ത് മൂടുകയായിരുന്നു മുത്തുകുമാർ . മുത്തുകുമാറിനെ കാണാനില്ലെന്ന പരാതി കിട്ടിയപ്പോൾ പൊലീസ് മൊബൈൽ ഫോണിന്റെ കാൾ റെക്കോർഡ് പരിശോധിച്ച് ബിന്ദു കുമാറിന് അവസാനം വന്ന ഫോൺ വിളി മുത്തു കുമാറിന്റേതാണെന്ന് കണ്ടെത്തിയിരുന്നു . ഇതിന് പിന്നാലെ പൊലീസ് മുത്തു കുമാറിനെ വിളിച്ച് അന്വേഷിക്കുമ്പോൾ ആ ദിവസം വിളിച്ചോ എന്ന് അറിയില്ല എന്ന തരത്തിൽ ഒഴുക്കൻ മട്ടിലായിരുന്നു മറുപടി . പൊലീസ് സ്റ്റേഷനിൽ ഹാജരാകാൻ നിർദ്ദേശം നൽകിയെങ്കിലും മുത്തുകുമാർ സ്ഥലം വിടുകയായിരുന്നു. ഇതിൽ സംശയം തോന്നിയ പൊലീസ് മുത്തു കുമാർ താമസിക്കുന്ന വാക വീട്ടിലെത്തി പരിശോധിച്ചു . അപ്പോഴാണ് വീടന്റെ ചായ്പിൽ കോൺക്രീറ്റ് നിർമ്മാണം കണ്ടതും അത് പൊളിച്ച് പരിശോധിച്ചതും . അതിനുള്ളിൽ കണ്ടെത്തിയ മൃതദേഹം ബിന്ദുകുമാറിന്റേതാണെന്ന് സ്ഥിരീകരിക്കുകയും ചെയ്യുകയായിരുന്നു . പ്രതിയെ ചങ്ങനാശ്ശേരി പൊലീസിന് കൈമാറും .
തിങ്കളാഴ്ച രാവിലെ അമ്മയ്ക്കു കുടിക്കാൻ വെള്ളം കൊടുത്തിട്ടാണു ബിന്ദുമോൻ വീട്ടിൽനിന്നിറങ്ങിയത്. വ്യാഴാഴ്ച വാകത്താനത്ത് തോട്ടിൽനിന്നു ലഭിച്ച ബൈക്ക് ആര്യാട് സ്വദേശിയുടേതാണെന്നു മനസ്സിലാക്കിയ പൊലീസ് ഉടമയെ തിരിച്ചറിയാൻ ദൃശ്യം സാമൂഹികമാധ്യമങ്ങളിൽ പ്രചരിപ്പിച്ചിരുന്നു. പ്രദേശത്തെ വാട്സാപ്പ് ഗ്രൂപ്പിൽ വന്ന ബൈക്കിന്റെ ചിത്രം തിരിച്ചറിഞ്ഞത് സഹോദരന്റെ മക്കളായ അപർണയും അഭിരാമുമാണ്. ഇതാണ് നിർണ്ണായകമായത്. ബിന്ദുമോനും മുത്തുകുമാറും ആത്മമിത്രങ്ങളായിരുന്നു. ഒരു കിലോമീറ്ററോളം ദൂരത്തിലായിരുന്നു ഇവരുടെ വീടുകൾ. കൈതത്തിൽ പ്രദേശത്തായിരുന്നു മുത്തുകുമാറിന്റെ താമസം.
എട്ടുവർഷംമുമ്പ് ആദ്യം വലിയ കലവൂരിലേക്കും തുടർന്നു ചങ്ങനാശ്ശേരിക്കും താമസംമാറിയ മുത്തുകുമാറുമായി ബിന്ദുമോൻ എന്നും അടുപ്പം തുടർന്നു. കഴിഞ്ഞാഴ്ച ബിന്ദുമോനൊടൊപ്പം മുത്തുകുമാറിനെ പാതിരപ്പള്ളിയിൽവെച്ചു ചില സുഹൃത്തുക്കൾ കണ്ടിരുന്നു. കഴിഞ്ഞ തിങ്കളാഴ്ച രാവിലെ നേതാജി ഷണ്മുഖം പ്രദേശത്തെ മരണാനന്തരച്ചടങ്ങിലും മണ്ണഞ്ചേരിയിലെ ഒരുമരണവീട്ടിലും പോകുകയാണെന്നു പറഞ്ഞാണു ബിന്ദുമോൻ വീട്ടിൽനിന്നിറങ്ങിയത്. എന്നാൽ, മണ്ണഞ്ചേരിയിൽ എത്തിയില്ല. അന്നുരാവിലെ മറ്റു ചില സുഹൃത്തുക്കൾ ക്ഷണിച്ചെങ്കിലും അത്യാവശ്യകാര്യമുണ്ടെന്നു പറഞ്ഞ് ബിന്ദുമോൻ ഒഴിവായി. മുത്തുകുമാറുമായി നാട്ടിൽ ബന്ധമുണ്ടായിരുന്നതു ബിന്ദുമോനു മാത്രമാണ്. മുമ്പൊരുതവണ വീട്ടിൽ വന്നുപോയതായി ബിന്ദുമോന്റെ വീട്ടുകാർ പറയുന്നു.
ചെറുകിട കയർഫാക്ടറിയിലെ ജോലിക്കു പുറമെ സ്ഥലക്കച്ചവടത്തിൽ ചില ബ്രോക്കർമാരെയും ബിന്ദുമോൻ സഹായിക്കാറുണ്ടായിരുന്നു. ബിജെപി. ആര്യാട് കിഴക്ക് മൂന്നാംവാർഡ് ചുമതലവഹിച്ചിരുന്ന ബിന്ദുമോൻ പാർട്ടി പഞ്ചായത്തു കമ്മിറ്റിയംഗവും ആയിരുന്നു മുത്തുകുമാറും ബിജെപി. അനുഭാവിയാണ്. ഏതാനും വർഷം മുമ്പ് ഒരുസംഘം ചെറുപ്പക്കാരും ബിന്ദുമോനും തമ്മിൽ വഴക്കുണ്ടായപ്പോൾ ഇടനിലനിന്നതു മുത്തുകുമാറായിരുന്നു. തുടർന്നാണ് ഇവർ ആത്മമിത്രങ്ങളായത്.
മറുനാടന്‍ മലയാളി ബ്യൂറോ