തിരുവനന്തപുരം: ഇൻസ്റ്റഗ്രാം ഇൻഫ്‌ളുവൻസറായ പതിനെട്ടു വയസ്സുകാരി ജീവനൊടുക്കിയ കേസിൽ പുറത്തു വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ. ഈ പെൺകുട്ടിയുടെ സ്‌കൂൾ കേന്ദ്രീകരിച്ച് വൻ മാഫിയ സജീവമാണ്. മയക്കു മരുന്ന് മാഫിയയ്ക്ക് പിന്നിൽ ചില ടാറ്റു കേന്ദ്രങ്ങളുമുണ്ട്. ഇവരെല്ലാം ചേർന്നൊരുക്കിയ ചതിക്കുഴിയാണ് പെൺകുട്ടിയുടെ ജീവനെടുത്തത്. ഈ പെൺകുട്ടിയുടെ സഹപാഠിയും ഒരു വർഷം മുമ്പ് ആത്മഹത്യ ചെയ്തിരുന്നു. ഇതും ദുരൂഹമാണ്. ഇതിൽ വ്യക്തമായ അന്വേഷണം നടന്നുമില്ല. സ്‌കൂളുമായി ബന്ധപ്പെട്ട് നിരവധി പരാതികൾ ഉയർന്നുവെങ്കിലും മാഫിയകളെ നിയന്ത്രിക്കാൻ ആരും ഒന്നും ചെയ്യുന്നില്ല. ടാറ്റു മാഫിയയാണ് ഈ പെൺകുട്ടിയുടെ ആത്മഹത്യയ്ക്ക് പിന്നിലെന്ന സൂചന പൊലീസിന് കിട്ടിയിട്ടുണ്ട്.

അതിനിടെ അറസ്റ്റിലായ സുഹൃത്ത് ബിനോയിയെ (21) മൂന്നു ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട പെൺകുട്ടിയും ബിനോയിയും തമ്മിൽ 2 വർഷത്തോളം പ്രണയത്തിലായിരുന്നെന്നു പൊലീസ് പറയുന്നു. ഈ സമയത്ത് റിസോർട്ടിലും വീട്ടിലും വച്ച് ലൈംഗികാതിക്രമത്തിന് ഇരയാക്കിയതായും പൊലീസ് കോടതിയെ അറിയിച്ചു. ഇതിനിടെ പ്രതി ഗർഭഛിദ്രം നടത്തുന്നതിനായി ഗുളികകൾ വാങ്ങി നൽകിയിരുന്നു. വർഷങ്ങളായി അടുപ്പത്തിലായിരുന്ന ഇവർ 5 മാസം മുൻപ് തമ്മിൽ പിരിഞ്ഞു. ഇതിനുശേഷം പെൺകുട്ടിക്കു നേരെ സമൂഹമാധ്യമങ്ങളിൽ പ്രചരണമുണ്ടായി. ഇതാണ് ആത്മഹത്യയിലേക്ക് വഴിവച്ചത്. പെൺകുട്ടി പീഡിപ്പിക്കപ്പെട്ടപ്പോൾ പ്രായപൂർത്തിയായിരുന്നില്ല. ഈ സാഹചര്യത്തിലാണ് ബിനോയിയ്‌ക്കെതിരെ പോക്‌സോ കേസ് ചുമത്തിയത്. അനധികൃതമായി ഗർഭഛിദ്രം നടത്തിയതിന് 312-ാം വകുപ്പും ചുമത്തിയിട്ടുണ്ട്.

ഈ പെൺകുട്ടിയുടെ സ്‌കൂളിന് ചുറ്റം മയക്കു മരുന്ന് മാഫിയയുടെ താവളമാണ്. ബിനോയിയുമായി പിരിഞ്ഞതിനെ തുടർന്ന് മനോവിഷമത്തിലായിരുന്ന പെൺകുട്ടി ഈ മാസം 10നു രാത്രിയാണ് വീട്ടിൽ തൂങ്ങിമരിക്കാൻ ശ്രമിച്ചത്. 16ന് മരിച്ചു. ബിനോയിയുടെ ഫോണിൽനിന്നാണ് നിർണായക വിവരങ്ങൾ ലഭിച്ചതെന്ന് പൊലീസിൽ അറിയിച്ചു. ജീവനൊടുക്കുന്നതിന്റെ തലേദിവസം അമ്മയ്ക്ക് അയച്ച വാട്സാപ് സന്ദേശത്തിൽ വീട് മാറണമെന്നല്ലാതെ പെൺകുട്ടി മറ്റൊന്നും പറഞ്ഞിരുന്നില്ല. മുറിയിൽ വാതിലടച്ച് ഇരിക്കുകയായിരുന്നു. തന്റെ മരണത്തിന് ആരും ഒന്നും ചെയ്തിട്ടില്ലെന്നും ഈ ലോകത്ത് ജീവിക്കേണ്ടെന്നും മുറിയിൽനിന്ന് കണ്ടെടുത്ത ആത്മഹത്യാക്കുറിപ്പിൽ പറയുന്നു. ബിനോയിയ്‌ക്കെതിരെ വ്യക്തമായ സൂചനകൾ ഈ ആത്മഹത്യാ കുറിപ്പിലുണ്ട്.

ബിനോയിയോടു പറയണം സന്തോഷമായിരിക്കാൻ. ഇനി തോൽവികൾ ഏറ്റുവാങ്ങാൻ സാധിക്കില്ലയെന്നും കുറിപ്പിലുള്ളതായി പൊലീസ് പറഞ്ഞു. കൗൺസിലിങ്ങിനു വിധേയയായി പെൺകുട്ടി രണ്ടു മാസമായി മരുന്നു കഴിച്ചുവരികയായിരുന്നു. ബിനോയിയുടെ സുഹൃത്തുക്കൾ പെൺകുട്ടിയെ ഫോണിൽ വിളിച്ചു ഭീഷണിപ്പെടുത്തിയെന്ന് ബന്ധുക്കൾ ആരോപിക്കുന്നു. ഈ സുഹൃത്തുക്കളിലേക്കും അന്വേഷണം കടക്കും. പെൺകുട്ടിയെ പീഡിപ്പിച്ചെന്ന കേസിൽ മാത്രമായിരുന്നു പ്രതിയെ നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തത്. ഇതിൽ പോക്‌സോ നിയമപ്രകാരമുള്ള വകുപ്പുകളും ചുമത്തി. എന്നാൽ പെൺകുട്ടിയെ ആത്മഹത്യയിലേക്ക് തള്ളിവിട്ടതും ബിനോയ് ആണെന്നാണ് പൊലീസ് കണ്ടെത്തിയത്.

ഇതുപ്രകാരം ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തിക്കൊണ്ടുള്ള റിപ്പോർട്ട് തിരുവനന്തപുരം അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ സമർപ്പിച്ചു. പല തവണ പെൺകുട്ടി പീഡനത്തിനിരയായി. പ്രമോഷൻ ഷൂട്ടിനെന്ന് പറഞ്ഞ് പെൺകുട്ടിയെ വർക്കല റിസോർട്ടിൽ കൊണ്ടുപോയി പീഡിപ്പിച്ചു. ഗർഭിണിയായ പെൺകുട്ടിയെ നിർബന്ധിച്ച് മരുന്നുകൾ കഴിപ്പിച്ച് ഗർഭച്ഛിദ്രം നടത്തി. ഇതിന് ശേഷവും പീഡനം നടന്നു. തുടർന്ന് ഇരുവരും തമ്മിൽ പിണക്കത്തിലായി. സുഹൃത്തുക്കൾ വഴി പെൺകുട്ടിക്ക് നേരെ സൈബർ അധിക്ഷേപം നടത്തിയതും ബിനോയ് ആണ്. ഇതോടെയാണ് പെൺകുട്ടി വിഷാദത്തിന് അടിമപ്പെട്ട് ആത്മഹത്യ ചെയ്തതെന്നും പൊലീസ് കോടതിയെ അറിയിച്ചു.

പ്രതി കുറ്റം സമ്മതിച്ചെന്നും പൊലീസ് വ്യക്തമാക്കി. 3 ദിവസത്തേക്കാണ് പ്രതിയെ പൂജപ്പുര പൊലീസിന്റെ കസ്റ്റഡിയിൽ വിട്ടത്. പ്രതിയെ വർക്കലയിലെ റിസോർട്ടിലും വെള്ളനാട്ടെ വീട്ടിലുമെത്തിച്ച് തെളിവെടുപ്പ് നടത്തും.