- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
ദേവിയുടെയും നവീന്റെയും ഇമെയിൽ ചാറ്റുകളിൽ നിർണായക വിവരങ്ങൾ
തിരുവനന്തപുരം: അരുണചൽ പ്രദേശിൽ മലയാളികള മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ സാത്താൻ സേവയെന്ന നിഗമനത്തിലേക്ക് പൊലീസ്. മരിച്ച ആര്യ, ദേവി, നവീൻ എന്നിവരുടെ ഇമെയിൽ ചാറ്റുകൾ പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇത് വിശദമായി പരിശോധിച്ചപ്പോൾ മൂവരും ആഭിചാരങ്ങളിൽ മുഴുകിയിരുന്നതായാണ് കണ്ടെത്തിയത്. നവീനാണ് ഇതിൽ പ്രധാന ബുദ്ധികേന്ദ്രം എന്നാണ് സൂചന.
2021 മുതലുള്ള ഇമെയിൽ ചാറ്റുകളാണ് കണ്ടെത്തിയിരിക്കുന്നത്. ചാറ്റിന്റെ ഉള്ളടക്കം ഇപ്പോൾ പുറത്തുപറയാനാകില്ലെന്നും കൂടുതൽ യഅന്വേഷണം ആവശ്യമാണെന്നുമാണ് പൊലീസ് പറയുന്നത്. നാലു വർഷമായി ഇവർക്ക് പരസ്പരം പരിചയമുണ്ട്. അതേസമയം, ഇവർ മരണത്തിന് തിരഞ്ഞെടുത്ത അരുണാചൽ പ്രദേശിലെ സിറോയിൽ ആഭിചാരം നടത്തുന്നവരുടെ കൺവെൻഷൻ നടന്നിരുന്നുവെന്നും ഇവർ അതിൽ പങ്കാളികളായി എന്നും വിവരമുണ്ട്.
ഈസ്റ്റർ ദിവസം രാത്രി മരണത്തിനായി മനഃപൂർവം തിരഞ്ഞെടുത്തതാണ്. ഹോട്ടലിലെത്തി ആദ്യ മൂന്നുദിവസങ്ങളിൽ ആര്യയും നവീനും ആര്യയും പുറത്തുപോയിരുന്നതായി ഹോട്ടൽ ജീവനക്കാർ പറയുന്നുണ്ട്. ഇത് കൺവെൻഷനിൽ പങ്കെടുക്കാൻ പോയതാകാമെന്നാണ് പൊലീസ് സംശയം. ആഭിചാര കൃയ ചെയ്തു മരിച്ചാൽ അന്യഗ്രഹത്തിൽ പുനർജനിക്കാമെന്ന് കരുതിയാണ് ഇതെല്ലാം ചെയ്തത് എന്നാണ് സൂചനകൾ.
നവീൻ തോമസിന്റെ സ്വാധീനത്തിലാണ് മൂവരും അരുണാചലിലേക്ക് പോയതെന്നാണ് പൊലീസിന്റെ പ്രാഥമികനിഗമനം. അതേസമയം സംഭവത്തിൽ മറ്റേതെങ്കിലും സംഘങ്ങളുടെ ഇടപെടലുണ്ടോ എന്നതും പൊലീസ് അന്വേഷിക്കുന്നുണ്ട്. പ്രത്യേകരീതിയിലുള്ള മരണത്തിലൂടെ അന്യഗ്രഹത്തിൽ എത്താൻ കഴിയുമെന്നും നവീൻ ഇവരെ വിശ്വസിപ്പിച്ചു. വിചിത്രവിശ്വാസത്തിന്റെ ആശയങ്ങൾ നവീൻ നേടിയെടുത്തത് ഡാർക്ക്‌നെറ്റിൽ നിന്നാണെന്നാണ് സൂചന. ഇവരെ സ്വാധീനിച്ച മറ്റുഗ്രൂപ്പുകളുണ്ടോ എന്നതും പൊലീസ് പരിശോധിച്ചുവരികയാണ്.
ആര്യ സുഹൃത്തുക്കൾക്കയച്ച ഇമെയിൽ സന്ദേശങ്ങൾ പരിശോധിക്കുമെന്ന് ഡിസിപി നിതിൻ രാജ് പറഞ്ഞിരുന്നു. ആര്യ സുഹൃത്തുക്കൾക്ക് രഹസ്യ കോഡുള്ള ഒരു ഇമെയിൽ സന്ദേശം അയച്ചിരുന്നു. ഇതാണ് പരിശോധിച്ചത്. മരണപ്പെട്ടവരുടെ ഇമെയിൽ സന്ദേശങ്ങൾ വീണ്ടെടുക്കാൻ കഴിഞ്ഞിട്ടുണ്ട്. ആ ഇമെയിലിന് പുറകിൽ ചില സംശയാസ്പദമായ കാര്യങ്ങൾ നോട്ട് ചെയ്തിട്ടുണ്ട്. ആ സന്ദേശത്തിന്റെ ഓരോ ഭാഗങ്ങളും പരിശോധിച്ചുകൊണ്ടിരിക്കുകയാണ്.
പ്രത്യക്ഷമായി അവരുടെ പേരുകളല്ല ഉപയോഗിച്ചിരിക്കുന്നത്. ഏതെങ്കിലും പ്രോക്സി സെർവർ ഉപയോഗിച്ചാണോ കമ്മ്യൂണിക്കേഷൻ നടത്തിയിട്ടുള്ളത് എന്നൊക്കെ പരിശോധിക്കേണ്ടതുണ്ട്. 2021ലെ ഇമെയിൽ സന്ദേശങ്ങളാണ് ഇപ്പോൾ ലഭിച്ചിരിക്കുന്നത്. അരുണാചൽ പ്രദേശിലുള്ള ഡിജിറ്റൽ ഡിവൈസ് ഉൾപ്പടെ പൊലീസ് സീസ് ചെയ്ത് ഹാൻഡ് ഓവർ ചെയ്യണം. അത് പരിശോധിച്ചാൽ മാത്രമേ അടുത്തിടെ നടന്ന കമ്മ്യൂണിക്കേഷൻ എന്തൊക്കെയാണെന്ന് നമുക്ക് പറയാൻ സാധിക്കുകയുള്ളൂ'- ഡിസിപി പറഞ്ഞു. ആര്യ അന്യഗ്രഹ ജീവിതത്തെക്കുറിച്ച് ചില ഇമെയിൽ സന്ദേശങ്ങൾ അയച്ചെന്ന് നേരത്തെ റിപ്പോർട്ട് പുറത്തുവന്നിരുന്നു.
മരണാനന്തര ജീവിതം, അന്യഗ്രഹ ജീവിതം എന്നിവയെക്കുറിച്ചുള്ള ആശയങ്ങൾ ആദ്യം പഠിച്ചത് നവീൻ തോമസായിരുന്നു. പിന്നീട് മറ്റു രണ്ടുപേരെയും ഇതിലേക്ക് കൂട്ടികൊണ്ടുവന്നു എന്നാണ് വിവരം.മൂവരെയും മരിച്ചനിലയിൽ കണ്ടെത്തിയ മുറിയിൽ നിന്ന് ഒരുപ്ലേറ്റിൽ തലമുടിയും കറുത്തവളകളും കണ്ടെത്തി. ഈ തെളിവുകളും ചോര വാർന്നുപോയുള്ള മരണത്തിനായി സ്വീകരിച്ച രീതികളും കോർത്തിണക്കിയാണ് സാത്താൻസേവയാണെന്ന സംശയത്തിൽ പൊലീസ് എത്തിയത്. ഇവർ ഇതിനായി തിരഞ്ഞെടുത്ത ദിവസങ്ങളും സംശയം ബലപ്പെടുത്തുന്നു.
മരണസമയത്ത് ദേവിയും ആര്യയും കറുത്ത കല്ല് പതിച്ച കൈവള ധരിച്ചിരുന്നു. ഇത് ആഭിചാരക്രിയയുടെ ഭാഗമായാണ് എന്നു പൊലീസ് സംശയിക്കുന്നു. മുറിയിൽ ആഭിചാരക്രിയ നടത്തുമ്പോൾ അണിഞ്ഞ ആഭരണങ്ങളിൽ ഒന്നാകാം ഇതെന്നാണ് പൊലീസ് കരുതുന്നത്. ശരീരത്തിൽ മുറിവുണ്ടാക്കാൻ ഉപയോഗിച്ച മൂന്ന് സ്റ്റെയിൻലെസ് സ്റ്റീൽ റേസർ ബ്ലേഡുകളും കണ്ടെടുത്തിട്ടുണ്ട്. വെവ്വേറെ ബ്ലേഡുകൾ ഉപയോഗിച്ചാണു മുറിവ് ഉണ്ടാക്കിയിരിക്കുന്നത്. ഇതും ആഭിചാര ക്രിയ നടന്നു എന്ന സംശയത്തെ ബലപ്പെടുത്തുന്നതാണ്.
അതേസമയം സാത്താൻ സേവ സംഘം ഒരുക്കിയ കെണിയിൽ ആര്യ വീഴുകയായിന്നു എന്നും സൂചനയുണ്ട്. അപകടം മനസിലാക്കി ആര്യയെ സംഘത്തിൽ നിന്നു മോചിപ്പിക്കാനുള്ള വീട്ടുകാരുടെ ശ്രമം പാളിയതാണോ മരണത്തിലേക്ക് എത്തിച്ചത്. അരുണാചൽ പ്രദേശിൽ ദമ്പതികളും യുവതിയും മരിച്ച സംഭവവുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന വിവരങ്ങൾ സാത്താൻസേവയുമായി ബന്ധപ്പെട്ട റാക്കറ്റുകൾ നാട്ടിലാകെ വലവിരിച്ചിട്ടുണ്ടോ എന്ന സംശയത്തിലേക്കാണ് വിരൽ ചൂണ്ടുന്നത്. പിതാവ് അനിൽകുമാർ പൊതുപ്രവർത്തകനാണെങ്കിലും ആര്യ നാട്ടുകാർക്ക് സുപരിചിതയായിരുന്നില്ല. അന്തർമുഖയായിരുന്ന ആര്യയുടെ ഒതുങ്ങിക്കൂടുന്ന സ്വഭാവമായിരിക്കാം ഒരുപക്ഷെ സാത്താൻസേവയിലേക്ക് എത്തിക്കാൻ സംഘത്തെ സഹായിച്ചതെന്നാണ് കരുതുന്നത്.
നവീനും ദേവിയും ആര്യയെ കുടുക്കിയതാണെന്നാണ് ബന്ധുക്കളുടെ ബലമായ സംശയം. ആര്യക്ക് ദേവിയും നവീനുമായി ബന്ധമുള്ളതും ഇവർക്ക് സാത്താൻ സേവയുണ്ടെന്നും വീട്ടുകാർക്ക് അറിയാമായിരുന്നു. ഇതു മനസിലാക്കിയ ആര്യയുടെ വീട്ടുകാർ സ്‌കൂളിൽ നിന്നും അവധിയെടുപ്പിച്ച് ആര്യയെ കൗൺസിലിങ്ങിനു കൊണ്ടുപോയി. ആര്യയെന്ന അദ്ധ്യാപികയെ കുറിച്ച് ലക്കോള അധികൃതർക്കും മികച്ച അഭിപ്രായമാണുള്ളത്. കൗൺസിലിങ്ങിനു ശേഷം ദേവിയുമായും നവീനുമായും ആര്യ അടുപ്പം സൂക്ഷിച്ചിരുന്നില്ല. ഇതിനിടെ തമിഴ്‌നാട് അതിർത്തിക്ക് സമീപമുള്ള അമ്മ വീട്ടിലേക്കും ആര്യയെ കൊണ്ടുപോയി. അവിടെവച്ച് മനസ് മാറുന്നതോടെയാണ് ആര്യ കല്യാണത്തിന് സമ്മതിക്കുന്നത്. അതുവരെ കല്യാണം വേണ്ടെന്ന നിലപാടായിരുന്നു ആര്യയ്ക്ക്.
ഇതിനിടെ ആര്യ എങ്ങനെ വീണ്ടും നവീന്റെ വലയിലായി എന്നതാണ് ബന്ധുക്കൾക്ക് മനസിലാകാത്തത്. ആര്യയുടെ കല്യാണം ഉറപ്പിച്ചതോടെ കൂട്ടത്തിൽ നിന്നും ഒരാൾ പോകുന്നുവെന്ന് മനസിലാക്കിയ നവീനും ദേവിയും തങ്ങളുടെ ദൗത്യം വേഗത്തിൽ നിറവേറ്റാനുള്ള നീക്കം തുടങ്ങിയതായാകാം എന്നാണ് ഇവരുടെ ഭാഷ്യം. നാലു മാസം മുൻപ് ആര്യയുടെ അച്ഛന്റെ വീട്ടുകാരുടെ കുടുംബസംഗമത്തിൽ ആര്യ പങ്കെടുത്തിരുന്നു. സന്തോഷവതിയായിരുന്നു ആര്യ. വിവാഹത്തിനുള്ള ഒരുക്കങ്ങളുടെ അവസാന ഘട്ടത്തിലായിരുന്നു വീട്ടുകാർ.
കല്യാണത്തിനായുള്ള ഒരുക്കങ്ങളിൽ വീട്ടുകാർക്കൊപ്പം സജീവമായി ആര്യയുമുണ്ടായിരുന്നു. കല്യാണക്ഷണം അവസാനഘട്ടത്തിലായിരുന്നു. ആര്യയുടെ അച്ഛൻ അനിൽകുമാറിന്റെ ചില ബന്ധുക്കളെ മാത്രമാണ് കല്യാണം വിളിക്കാൻ ശേഷിച്ചിരുന്നത്. കല്യാണത്തിന് ആവശ്യമായ സ്വർണവും സാരിയുമെല്ലാം വീട്ടുകാർ എടുത്തിരുന്നു.