- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കണ്ണിലെണ്ണയൊഴിച്ചു കാത്തുനിൽക്കുന്നവരെ വെട്ടിച്ചു വീണ്ടും ബ്ളാക്ക് മാൻ; വീടിന്റെ വാതിലിൽ ആഞ്ഞടിച്ചത് കേട്ട് വീട്ടുകാർ ലൈറ്റിട്ടപ്പോൾ അപ്രത്യക്ഷമായി; വളർത്തുപൂച്ച ചത്ത നിലയിൽ; കണ്ണൂരിന്റെ മലയോരത്തെ വിറപ്പിക്കുന്ന ബ്ലാക്ക്മാന് പിന്നിൽ മയക്കുമരുന്ന് മാഫിയ? സിസി ടിവിയിൽ കുടുങ്ങിയ ആളെ തിരിച്ചറിഞ്ഞില്ല
കണ്ണൂർ ജില്ലയുടെ മലയോരങ്ങളെ വിറപ്പിക്കുന്ന ബ്ളാക്ക് മാനുപിന്നിൽ മയക്കുമരുന്ന് മാഫിയാസംഘമെന്ന് പൊലിസ്, നാട്ടുകാർ ജാഗ്രതാസമിതി രൂപീകരിച്ചു രാത്രികാലങ്ങളിൽ കാവലിരുന്നിട്ടും പിടികൂടാനായില്ല, ചെറുപുഴ മേഖലയിൽപൊലിസ് റെയ്ഡ് ശക്തമാക്കി, സി.സി.ടി.വി ദൃശ്യങ്ങളിൽ കുടുങ്ങിയ മനുഷ്യരൂപത്തെ തിരിച്ചറിയാനാവാതെ പൊലിസ്
കണ്ണൂർ: കണ്ണൂർ ജില്ലയിലെ മലയോര മേഖലയിൽ ഭീതി വിതയ്ക്കുന്ന ബ്ളാക്ക് മാനുപിന്നിൽ മയക്കുമരുന്ന് മാഫിയ സംഘങ്ങളാണെന്ന കണക്കുകൂട്ടലിൽ പൊലീസ് പരിശോധന ശക്തമാക്കി. ചെറുപുഴ മേഖലകളിലാണ് പൊലീസ് രാത്രികാല പരിശോധന ശക്തമാക്കിയത്. അസ്വാഭാവിക സാഹചര്യത്തിൽ കാണുന്നവരെ കസ്റ്റഡിയിലെടുക്കാൻ റൂറൽ എസ്‌പിഹേമലത ഉത്തരവിട്ടിട്ടുണ്ട്.
ഒരേസമയം പലയിടങ്ങളിലായി ബ്ളാക്ക് മാൻ സാന്നിധ്യമുണ്ടാകുന്നതാണ് സംഭവത്തിനു പിന്നിൽ വൻ റാക്കറ്റ് പ്രവർത്തിക്കുന്നതായി പൊലീസിനു സൂചന ലഭിച്ചത്. കർണാടകയിൽ നിന്നും മലയോരം വഴി ലഹരിക്കടത്തുന്ന മാഫിയ സംഘങ്ങളാണ് ഇതിനു പിന്നിലെന്നാണ് പൊലീസിന്റെ കണക്കുകൂട്ടൽ. ഇതിനിടെയിൽ ബ്ളാക്ക്മാനെന്നു കരുതുന്നയാൾ സി.സി.ടി.വി.യിൽ കുടുങ്ങിയെങ്കിലും തിരിച്ചറിയാൻ കഴിയാത്തത് പൊലിസിനു തിരിച്ചടിയായിട്ടുണ്ട്. ഇതൊന്നും കൂസാതെ, മലയോര മേഖലയിൽ ബ്ളാക്ക് മാൻ വിളയാട്ടം തുടരുന്നത് ഭീതിയുടെ അന്തരീക്ഷം ശക്തമാക്കിയിട്ടുണ്ട്.
പൊലീസും നാട്ടുകാരും ജാഗ്രതാസമിതി രൂപീകരിച്ചു കണ്ണിലൊണ്ണയൊഴിച്ചു കാത്തുനിൽക്കുമ്പോഴാണ് അവരെ വെട്ടിച്ചു വീണ്ടും ബ്ളാക്ക് മാൻ രംഗത്തിറങ്ങിയത്. കഴിഞ്ഞ ദിവസം രാത്രി പതിനൊന്നുമണിയോടെ ബ്ളാക്ക് മാൻ ചെറുപുഴ-തിരുമേനി റോഡിൽ കോക്കടവിൽ പുത്തോത്ത് ജയ്‌സന്റെ വീടിന്റെ വാതിലിൽ ആഞ്ഞടിച്ചു. ശബ്ദം കേട്ട് വീട്ടുകാർ ലൈറ്റിട്ടപ്പോൾ ഓടി റോഡിൽ കയറി. ഇവിടെ നിന്ന് ഇയാൾ ഉച്ചത്തിൽ ശബ്ദമുണ്ടാക്കിയത് സമീപത്തെ വീട്ടുകാർ കേട്ടു. എല്ലാവരും കൂടി തെരച്ചിൽ നടത്തിയെങ്കിലും ആളെ കണ്ടില്ല. വീടിന്റെ സിറ്റൗട്ടിൽ ഇട്ടിരുന്ന കസേരയിൽ ഇരുന്നിട്ടുണ്ട്. കസേരയിലും കതകിനടുത്തും കട്ടിളപ്പടിയിലും വെള്ളമുണ്ട്. ഇവരുടെ വളർത്തുപൂച്ചയെ ചത്ത നിലയിൽ വീടിന് സമീപത്ത് കണ്ടു.
ചൊവ്വാഴ്ച രാത്രി ഒൻപതരയ്ക്ക് പ്രാപ്പൊയിൽ പഴയ റേഷൻകടയ്ക്കു സമീപം മൊണങ്ങാട്ട് സഫിയയുടെ വീടിന്റെ ഗ്രില്ലിനടിച്ചു ബ്ളാക്ക് മാൻ ഓടിരക്ഷപ്പെട്ടു. വീട്ടുകാരുടെ ബഹളം കേട്ടു നാട്ടുകാർ ഓടിയെത്തി തെരച്ചിൽ നടത്തിയെങ്കിലും വനത്തിനുള്ളിൽ ഓടിക്കയറിയ ബ്ളാക്ക് മാനെന്നു വിശേഷിപ്പിക്കുന്നയാളെ കണ്ടെത്തിയില്ല. ഇതിനിടെ ബ്ളാക്ക്മാന്റെ ശല്യം ഒഴിവാക്കുന്നതിനായി നാട്ടുകാർ പ്രാപ്പൊയിൽ സ്‌കൂളിൽ ജാഗ്രത സമിതി യോഗം ചേർന്നു. പൊലീസും ജനപ്രതിനിധികളും നാട്ടുകാരുമാണ് യോഗത്തിൽ പങ്കെടുത്തത്.
കഴിഞ്ഞ ദിവസങ്ങളിൽ രാത്രിയും പുലർച്ചെയുമായി കോക്കടവ്, പ്രാപ്പൊയിൽ ഈസ്റ്റ് എന്നിവിടങ്ങളിലാണ് ഇയാൾ ചുവരെഴുത്ത് നടത്തിയത്. ഞായറാഴ്ച പുലർച്ചെ 12.31-നാണ് ഇയാൾ പ്രാപ്പൊയിൽ പെരുന്തടം ചങ്ങാതിമുക്കിലെ മുട്ടുചിറ സതീഷ് കുമാറിന്റെ വീട്ടിലെത്തിയത്. ഇവിടത്തെ സി.സി.ടി.വി.യിൽ ഇയാളുടെ അവ്യക്തദൃശ്യങ്ങൾ പതിയുകയും ചെയ്തു. ഇവിടെ മറ്റ് നാല് വീടുകളുടെ ചുമരിൽ എഴുതുകയും ഒരിടത്ത് മുട്ടിവിളിക്കുകയും ചെയതിരുന്നു.
ചെറുപുഴ മേഖലകളിൽ പൊലീസ് കാവൽ തുടരുമ്പോഴാണ് ബ്ളാക്ക്മാൻ വിളയാട്ടം തുടരുന്നത്. പുതപ്പു മൂടി പുതച്ചു വീടുകളെ ചുമരിൽ കോറിവരയ്ക്കാനായി കയറുന്ന ബ്ളാക്ക്മാന്റെ സി.സി.ടി.വി ദൃശ്യം ലഭിച്ചുവെങ്കിലും ഇയാളെ തിരിച്ചറിയാൻ പൊലീസിനു ഇതുവരെ കഴിഞ്ഞിട്ടില്ല. പ്രദേശത്തെ കുറിച്ചു കൃത്യമായി ധാരണയുള്ളയാളുകൾക്കു മാത്രമേ ഓരോവീട്ടിലും കയറി കോറിയിട്ടു അപശബ്ദമുണ്ടാക്കി പേടിപ്പിച്ചതിനു ശേഷം വനത്തിനുള്ളിലേക്ക് കയറി പോകാൻ കഴിയുകയുള്ളൂവെന്നാണ് പ്രദേശവാസികൾ പറയുന്നത്. കഴിഞ്ഞ ഒരു മാസക്കാലമായി തുടരുന്ന ബ്ളാക്ക്മാൻ വിളയാട്ടം കാരണം മലയോര ജനത ഭീതിയുടെ പിടിയിലാണ്.