കണ്ണൂർ:കണ്ണൂർ ജില്ലയിലെ മലയോരങ്ങളിൽ രാത്രിവിഹാരം വഴി ഭീതിപരത്തുന്ന ബ്ളാക്ക്മാൻ ശല്യം മറ്റിടങ്ങളിലും പടരുന്നു. ചെറുപുഴ, പ്രാപ്പൊയിലിൽ ഭീതിപരത്തുന്ന ബ്ളാക്ക് മാൻ പഴയങ്ങാടിയിലുമെത്തിയത് പൊലിസിനെ കുഴക്കിയിരിക്കുകയാണ്. പഴയങ്ങാടി അടുത്തിലയിൽ ബ്ലാക്ക് മാന്റെ വിളയാട്ടം ജനങ്ങളിൽ ഭീതിപരത്തിയിരിക്കുകയാണ്.

കഴിഞ്ഞ ദിവസം രാത്രി പതിനൊന്ന് മണിയോടെ ഏഴോം പഞ്ചായത്തിലെ അടുത്തില ഈസ്റ്റ് പാറാന്തട്ട അമ്പലത്തിന് സമീപത്തെ റിട്ടയേർഡ് കേണൽ ഗംഗാധരൻ മാസ്റ്ററിന്റെയും മാടായി റൂറൽ ബാങ്ക് ജീവനക്കാരൻ പി. രമേശന്റെയും വീടുകളിലാണ് ബ്ലാക്ക് മാൻ എത്തിയത്. ഗംഗാധരന്റെ വീടിന്റെ ചുമരിലും മതിലിലും ബ്ലാക്ക്മാൻ എന്ന് ഇഗ്ളീഷിൽ എഴുതുകയും ജനാലിൽ തട്ടി വിളിക്കുകയും ചെയ്തു.രമേശന്റെ വീടിന്റെ ചുമരിൽ അവ്യക്തമായി മലയാളത്തിൽ ബ്ലാക്ക്മാൻ എന്ന് എഴുതുകയും ജനാലിൽ തട്ടി വിളിക്കുകയും ചെയ്തുട്ടുണ്ട്.

ശബ്ദം കേട്ട് വീട്ടുകാർ പുറത്ത് ഇറങ്ങിയപ്പോൾ കറുത്ത വസ്ത്രം ധരിച്ച ഒരാൾ ഓടി മറിയുന്നതായി കണ്ടുവെന്ന് വീട്ടുകാർ പറഞ്ഞു. സംഭവത്തിന് മുമ്പ് അറിയാത്ത ഒരു ഓമ്നി വാൻ പ്രദേശത്ത് കറങ്ങിയതായും നാട്ടുകാർ പറഞ്ഞു.അടുത്തിലയുടെ അടുത്ത പ്രദേശമായ അതിയിടത്തെ വാടക ക്വാർട്ടേഴ്സുകളിലും ഇതിനുസമാനമായ സംഭവം നടന്നതായി താമസക്കാർ പറഞ്ഞു.രണ്ട് പ്രദേശത്തും പഴയങ്ങാടി പൊലീസ് എത്തി പരിശോധന നടത്തിയെങ്കിലും ആരെയും കണ്ടെത്താൻ കഴിഞ്ഞില്ല.ഗംഗാധരൻ പഴയങ്ങാടി പൊലീസിൽ നൽകിയ പരാതിയെ തുടർന്ന് പൊലീസ് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്.

ഇതിന് മുമ്പ് മാടായി പഞ്ചായത്തിലെ സദ്ദാംഹുസൻ റോഡിലും ചടയൻ കോളനി പരിസരത്തും അജ്ഞാതന്റെ ശല്യം ഉണ്ടായിരുന്നു.ജനങ്ങൾ ആശങ്കപെടേണ്ടകാര്യമില്ലെന്നും ഏതെങ്കിലും സാമൂഹ്യ വിരുദ്ധരുടെ പേടിപ്പിക്കൽ മാത്രമാണ് ഇതെന്നും പഴയങ്ങാടി സിഐ ടി.എൻ സന്തോഷ് കുമാർ പറഞ്ഞു. കഴിഞ്ഞ പതിനെട്ടു ദിവസമായി ചെറുപുഴ, പ്രൊപ്പയിൽ മേഖലയിൽ ബ്ളാക്ക് മാന്റെ രാത്രികാലങ്ങളിലെ വിളയാട്ടം വ്യാപകമാണ്. ഇതു തടയുന്നതിനായി പൊലിസും നാട്ടുകാരും ചേർന്ന് ജാഗ്രതാസമിതി രൂപീകരിച്ചു.

നാട്ടുമ്പുറങ്ങളിൽ രാത്രികാലങ്ങളിൽ കാവൽ നിൽക്കുന്നുണ്ടെങ്കിലും വീടുകളിൽ കയറി ഭീതി പരത്തുന്ന അജ്ഞാതനെ മാത്രം കണ്ടെത്താനായിട്ടില്ല. ബ്ളാക്ക് മാനെന്ന അജ്ഞാത ശക്തിക്കു പിന്നിൽ മയക്കുമരുന്ന് മാഫിയയാണെന്നാണ് പൊലിസ് പറയുന്നത്. ജനങ്ങളിൽ ഭീതിപരത്തി പുറത്തിറങ്ങാതെയാക്കിയിട്ടു വൻതോതിൽ മയക്കുമരുന്ന് വിൽപനയാണ് ഇവർ ലക്ഷ്യമിടുന്നതെന്നാണ് പൊലിസിന്റെ പ്രാഥമിക നിഗമനം.