- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചെറുപുഴയിൽ അർധരാത്രി വീട്ടിൽ കയറി ഭീതിപരത്തിയപ്പോൾ വളർത്തുനായയുടെ കടിയേറ്റത് ബ്ലാക്ക്മാനോ അതോ മോഷ്ടാക്കൾക്കോ? ഇരുട്ടിൽ തപ്പി പൊലീസ്; കണ്ണൂരിന്റെ മലയോര മേഖലയിൽ ബ്ലാക്ക്മാന്റെ വിളയാട്ടം തുടരുമ്പോൾ ഒരാളല്ല പലരാണെന്നു പൊലീസ്; ജാഗ്രതാസമിതി രൂപീകരിച്ചു കാത്തിരിപ്പ്
ചെറുപുഴ: ചെറുപുഴ പഞ്ചായത്തിനെ ഭീതിയിലാഴ്‌ത്തിയ ബ്ളാക്ക് മാന് വീട്ടിലെ വളർത്തു നായയുടെ കടിയേറ്റു. രാത്രി അതിക്രമിച്ചുവീട്ടിൽ കയറിയ ബ്ളാക്ക് മാനെ അഴിച്ചുവിട്ടിരുന്ന വളർത്തു നായ കടിച്ചു പരുക്കേൽപ്പിച്ചുവെന്നാണ് വിവരം. ചെറുപുഴ പഞ്ചായത്തിലെ ആറാംവാർഡിൽപ്പെട്ട ഇടവരമ്പിലെ തെക്കെടത്ത് അഖിൽ മനോജിന്റെ വീട്ടിലെത്തിയ ബ്ളാക്ക് മാന് വളർത്തു നായയുടെ കടിയേറ്റിട്ടുണ്ടെന്നാണ് വീട്ടുകാർ പറയുന്നത്. വെള്ളിയാഴ്‌ച്ച അർധരാത്രി പന്ത്രണ്ടരയോടെയാണ് സംഭവം.
വീട്ടുമുറ്റത്ത് നിന്നും വരാന്തയിലേക്ക് ചുമരിൽ കോറിവരയ്ക്കാൻ കയറിയ ബ്ളാക്ക്മാനു നേരെ രാത്രികാലങ്ങളിൽ അഴിച്ചുവിട്ട വർളത്തുനായ്ക്കൾ കുരച്ചുകൊണ്ടു ചാടുകയായിരുന്നു. ഇതിനിടെയിൽ നല്ല കടിയും ഇയാൾക്കു കിട്ടി. ബ്ളാക്ക് മാന്റെ നിലവിളി തങ്ങൾ കേട്ടുവെന്നാണ് വീട്ടുകാർ പറയുന്നത്.
മനോജിന്റെ സഹോദരിയുടെ കുട്ടിക്ക് സുഖമില്ലാത്തതിനാൽ വീട്ടുകാർ ഉറങ്ങിയിരുന്നില്ല. പുറത്തു ശബ്ദം കേട്ടയുടൻ വീട്ടുകാർ ലൈറ്റിട്ടപ്പോൾ കറുത്ത രൂപം ഓടിമറയുന്നത് കാണുകയായിരുന്നു. ബഹളത്തിനിടെയിൽ വീട്ടുമുറ്റത്തുണ്ടായ മൺതിട്ട ഇടിഞ്ഞുവീഴുകയും ചെയ്തു. എന്നാൽ ബ്ളാക്ക് മാന് പട്ടിയുടെ കടിയേറ്റ കാര്യം അറിയില്ലെന്നാണ് പൊലിസും പഞ്ചായത്ത് അംഗവും പറയുന്നത്. ഈക്കാര്യം ആരും ശ്രദ്ധയിൽപ്പെടുത്തിയിട്ടില്ലെന്നും പഞ്ചായത്തംഗം പറഞ്ഞു.
കഴിഞ്ഞ രണ്ടു ദിവസങ്ങളുടെ ഇടവേളയ്ക്കു ശേഷം ചെറുപുഴ മേഖലയിൽ ബ്ളാക്ക് മാൻ വീണ്ടും സജീവമായിട്ടുണ്ട്. അതുകൊണ്ടു തന്നെ മോഷ്ടാക്കൾക്കാവാം പട്ടിയുടെ കടിയേറ്റതെന്ന നിഗമനത്തിലാണ് പൊലിസ്. കഴിഞ്ഞ പതിനാറു ദിവസമായ ജനങ്ങളുടെ ഉറക്കം നഷ്ടപ്പെടുത്തി വിവരിക്കുന്ന ബ്ളാക്ക് മാൻ രണ്ടുദിവസം നിശബ്ദനായിരുന്നു. പൊലിസും നാട്ടുകാരും ചേർന്ന് ജാഗ്രതാസമിതി രൂപീകരിച്ചു രാത്രികാലങ്ങളിൽ കാവൽ നിൽക്കാൻ തുടങ്ങിയതിനെ തുടർന്നാണ് തന്ത്രപരമായ പിന്മാറ്റമെന്ന് കരുതുന്നു. എന്നാൽ വെള്ളിയാഴ്‌ച്ച രാത്രിയോടെ ബ്ളാക്ക് മാൻ വീണ്ടും സജീവമായെന്നാണ് നാട്ടുകാർ പറയുന്നത്.
അന്നേ ദിവസം രാത്രി പ്രാപ്പൊയിൽ ഈസ്റ്റിലെ ചെറുപുഴപഞ്ചായത്ത് ആയുർവേദ ആശുപത്രിക്ക് സമീപമുള്ള കളപുരയ്ക്കൽ ഷീബാ പോളിന്റെ വീട്ടുചുമരിലും മ്ളാങ്കുഴിയിൽ ശാന്തവർഗീസിന്റെ വീടിന്റെ ഭിത്തിയിലും കരികൊണ്ടു ബ്ളാക്ക് മാനെന്നു എഴുതുകയും ചിത്രം വരയ്ക്കുകയും ചെയ്തിട്ടുണ്ട്. പെരുന്തടം ചങ്ങാതിമുക്കിലെ കൃഷ്ണന്റെ വീട്ടിലെ വാതിലിൽ ഇടിച്ചു ശബ്ദുമുണ്ടാക്കുകയും ചെയ്തിട്ടുണ്ട്. ചെറുപുഴ - പെരുങ്കുടൽ റോഡിലെ പടമാട്ടുമ്മൽ ജസ്റ്റിന്റെ വീട്ടിലെത്തിയ ബ്ളാക്ക് മാൻ കതകിൽചവുട്ടി ശബ്ദമുണ്ടാക്കുകയും ശബ്ദമുണ്ടാക്കി ഭീതി പരത്തുകയും ചെയ്തു. ഈ സമയം വീട്ടമ്മയും കുഞ്ഞും മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളൂ.
ഇവരുടെ ബഹളം കേട്ടു എത്തിയ നാട്ടുകാർ പൊലിസിൽ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് പൊലിസും നാട്ടുകാരും ചേർന്ന് നടത്തിയ സംയുക്ത പരിശോധനയിൽ ആരെയും കണ്ടെത്താനായില്ല. കഴിഞ്ഞ മൂന്നു ദിവസങ്ങളിൽ നാട്ടുകാരും പൊലിസും ചേർന്ന് പ്രദേശത്ത് അതിശക്തമായ തെരച്ചിൽ നടത്തിയിരുന്നു. ജാഗ്രാതസമിതി രൂപീകരിച്ചാണ് ഇവർ നാട്ടിൽ കാവലിരുന്നത്. ഇതോടെ ബ്ളാക്ക് മുൻ ഉൾവലിഞ്ഞുവെന്നു കരുതിയെങ്കിലും വീണ്ടും സജീവമായി രംഗത്തിറങ്ങുകയായിരുന്നു.
എന്നാൽ ബ്ളാക്ക് മാൻ ഒരാളല്ലെന്നാണ് പൊലിസ് പറയുന്നത്. ഓരോ സ്ഥലത്തും ഇറങ്ങുന്നത് ഒരുകൂട്ടമാളുകൾ വേറെവേറെയായിട്ടാണെന്നാണ് സൂചന. എന്നാൽ വിവിധ സ്ഥലങ്ങളിൽ കരികൊണ്ടു എഴുതുന്നതും ചുമരിൽ ചിത്രങ്ങൾ വരയ്ക്കുന്നതും ഒരാൾ തന്നെയാണെന്നാണ് നാട്ടുകാർ പറയുന്നത്. കൈയക്ഷരത്തിലുള്ള സാമ്യമാണ് ഇവർ ഇതിനു കാരണമായി പറയുന്നത്. എന്നാൽ ബ്ളാക്ക് മാൻ ഭീതി ചെറുപുഴപഞ്ചായത്തിന് സമീപത്തുള്ള ഉദയഗിരിയിലും പടർന്നു കയറിയത് പൊലിസിന് തലവേദനയായിട്ടുണ്ട്.
കഴിഞ്ഞ ദിവസങ്ങളിൽ രാത്രി പഞ്ചായത്തിലെ തൊമരകാട്, ചീക്കാട് പ്രദേശങ്ങളിൽ അജ്ഞാതന്റെ വിളയാട്ടം നടന്നതായി നാട്ടുകാർ പറയുന്നു.
കതകും ജനലും മുട്ടി ശബ്ദമുണ്ടാക്കുകയാണ് ഇയാൾ പ്രധാനമായും ചെയ്തത്. തൊമരകാട് പ്രദേശത്തായിരുന്നു തുടക്കം. വെള്ളിയാഴ്‌ച്ച രാത്രി അജ്ഞാതൻ ചീക്കാടും പ്രത്യക്ഷപ്പെട്ടു. വാതിലുകളിലും ജനലുകളിലും മുട്ടി വീട്ടിലുള്ളവരെ ഉണർത്തുകയും വീട്ടുകാർ കതകു തുറന്ന് പുറത്തിറങ്ങുമ്പോഴെക്കും ഓടിരക്ഷപ്പെടുകയായിരുന്നു. കറുത്തമുണ്ടുടുത്തും ദേഹത്ത് കരി ഓയിൽ പുരട്ടിയുമാണ് സഞ്ചാരം.
അതേ സമയം കർണാടക വനാതിർത്തിയോടു ചേർന്നുകിടക്കുന്ന ചീക്കാട് പ്രദേശത്ത്ബ്ളാക്ക് മാന്റെ രംഗപ്രവേശം ജനങ്ങളിൽ ഭീതിപരത്തിയിട്ടുണ്ട്. നാളിതുവരെ വീടുകളും ആളുകളും കൂടുതലുള്ള പ്രദേശങ്ങളിലായിരുന്നു ബ്ളാക്ക് മാന്റെ വിളയാട്ടമെങ്കിൽ ഇപ്പോൾ അതിൽ നിന്നും വ്യത്യസ്തമായി ഒറ്റപ്പെട്ട വീടുകളിലും ബ്ളാക്ക് മാൻ എത്തി തുടങ്ങിയിട്ടുണ്ട്. ചീക്കാട് കാട്ടാനശല്യത്തെ തുടർന്ന് ഒട്ടനവധി പേർ വീടൊഴിഞ്ഞ പ്രദേശമാണ്.അവിടെ ആൾ താമസമുള്ള വീടുകൾ കുറവാണ്. ചീക്കാട് കല്ലുകൾ നിറഞ്ഞ ചെങ്കുത്തായ പ്രദേശമായതിനാൽ ഇവിടെ നിന്നും ഓടിരക്ഷപ്പെടാനും ബുദ്ധിമുട്ടാണ്. ഇവയെല്ലാം മറികടന്നുകൊണ്ടാണ് ബ്ളാക്ക് മാൻ വിളയാട്ടം നടത്തുന്നത്.