തിരുവനന്തപുരം: ബ്ലേഡ് മാഫിയയുടെ ഭീഷണിയെ തുടര്‍ന്ന് വരന്‍ വിവാഹത്തില്‍ നിന്ന് പിന്മാറിയതില്‍ മനംനൊന്ത് പ്രതിശ്രുത വധു ജീവനൊടുക്കാന്‍ ശ്രമിച്ചു. കല്യാണം മുടങ്ങുമെന്ന വിഷമത്തില്‍ പെണ്‍കുട്ടി ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു. വര്‍ക്കല കല്ലമ്പലത്താണ് സംഭവം. സംഭവത്തില്‍ വരന്റെ കുടുംബത്തെ ഭീഷണിപ്പെടുത്തിയ കല്ലമ്പലം സ്വദേശി സുനില്‍ അടക്കം എട്ട് പേര്‍ക്ക് എതിരെ കേസ് എടുത്തു. പെണ്‍കുട്ടിയെ വര്‍ക്കലയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പെണ്‍കുട്ടിയുടെ അമ്മ പണം കടംവാങ്ങിയിരുന്നു. മുതലും പലിശയും ഏറെക്കുറെ അടച്ചുതീര്‍ത്തെങ്കിലും പലിശക്കാര്‍ വീണ്ടും ഇവരുടെ വീട്ടിലെത്തി ഭീഷണി മുഴക്കിയിരുന്നു. ഇതിനിടെ പെണ്‍കുട്ടിയുടെ അച്ഛന്‍ മരിച്ചു. ഇതോടെ ഇവര്‍ കടംവീട്ടാന്‍ കഴിയാത്ത അവസ്ഥയിലായി. തുടര്‍ന്നാണ് പലിശക്കാര്‍ ഭീഷണിയുമായി വരന്റെ വീട്ടിലെത്തിയത്. ഇതോടെ വരന്റെ വീട്ടുകാര്‍ വിവാഹം വേണ്ടെന്നുവെക്കുകയായിരുന്നു.

പെണ്‍കുട്ടിയുടെ അമ്മ വാങ്ങിയ പണവും പലിശയും തിരികെ ആവശ്യപ്പെട്ട് ഒരു സംഘം ആളുകള്‍ വരന്റെ വീട്ടിലെത്തി ഭീഷണിപ്പെടുത്തുകയായിരുന്നു. യുവാവിന്റെ അയല്‍വീടുകളില്‍ എത്തി പെണ്‍കുട്ടിയുടെ വീട്ടുകാര്‍ കടക്കെണിയിലാണെന്നു പറഞ്ഞു നാണംകെടുത്തുകയും ചെയ്തു. പിന്നാലെയാണ് വിദേശത്ത് ജോലി ചെയ്യുന്ന കൊല്ലം സ്വദേശിയായ യുവാവ് വിവാഹത്തില്‍ നിന്ന് പിന്മാറിയത്. വിവാഹപ്പന്തലിലേക്കു പോയാല്‍ കൊന്നുകളയുമെന്നു പറഞ്ഞതായും പെണ്‍കുട്ടിയുടെ പരാതിയില്‍ പറയുന്നു. ജനുവരി ഒന്നിനാണ് വിവാഹം നിശ്ചയിച്ചത്.

'ഞാന്‍ പൈസ വാങ്ങിച്ചെന്നത് സത്യമാണ്. എന്റെ ഭര്‍ത്താവ് മരിച്ചതാണ്. പതിനാറിന്റെ അന്ന് ഒരു ലക്ഷം രൂപ ഇട്ടുകൊടുത്തു. പിന്നെ നാല്‍പ്പതിനായിരം കൊടുത്തു. പതിനായിരം രൂപവച്ച് പലിശ കൊടുത്തു. മുതലും പലിശയുമടക്കം തിരിച്ചുകൊടുത്തു. എന്നിട്ടും പല തവണ വീട്ടില്‍വന്ന് ഭീഷണിപ്പെടുത്തി. പരാതി കൊടുത്തിരുന്നു. ഞാന്‍ പൊതിച്ചോറ് വിറ്റാണ് ജീവിക്കുന്നത്.ഒരു വര്‍ഷം കൊണ്ട് മോളും പ്രതിശ്രുത വരനും സംസാരിക്കുന്നതാണ്. എന്‍ഗേജ്മെന്റ് നല്ല രീതിയില്‍ നടത്തിയതാണ്. അന്നൊന്നും ആരും പ്രശ്‌നത്തിന് വന്നില്ല. വിവാഹം നടക്കുന്നുണ്ടെന്ന് അറിഞ്ഞുകൊണ്ടാണ് പ്രശ്‌നമുണ്ടാക്കിയത്. വിവാഹം മുടങ്ങിയപ്പോള്‍ എന്റെ മോള്‍ ബോധംകെട്ടുവീണു, മേശയ്ക്കകത്തെ ഗുളിക കഴിച്ചതാണ്. അപ്പോഴേ ആശുപത്രിയില്‍ കൊണ്ടുപോയി. ഐസിയുവിലാക്കി.'- യുവതിയുടെ അമ്മ പറഞ്ഞു.

വിവാഹത്തിനു മുന്‍പ് പണം വേണമെന്നും ഇനിയും വഴക്കിനു വരുമെന്നും ഒരാള്‍ ഭീഷണിപ്പെടുത്തുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. നൂറിന് 10 രൂപ പലിശയ്ക്കാണ് 2022ല്‍ ഒന്നര ലക്ഷം രൂപ കടം വാങ്ങിയതെന്ന് പെണ്‍കുട്ടിയുടെ അമ്മ പറഞ്ഞു. പൊതിച്ചോറു വിറ്റാണ് ജീവിക്കുന്നത്. സ്വര്‍ണം പണയം വച്ച് പല തവണയായി പണം തിരികെ നല്‍കിയിരുന്നു. മകളുടെ കല്യാണം നടത്തിയിട്ടു ബാക്കി പണം നല്‍കാമെന്നും അറിയിച്ചു. എന്നാല്‍ അതൊന്നും അവര്‍ കേട്ടില്ല. ഇനിയും പണം കിട്ടാനുണ്ടെന്നു പറഞ്ഞു രാത്രിയില്‍ ഉള്‍പ്പെടെ വീട്ടിലെത്തി ഭീഷണിപ്പെടുത്തി. വിവാഹം മുടങ്ങിയതില്‍ മനംനൊന്താണ് മകള്‍ ജീവനൊടുക്കാന്‍ ശ്രമിച്ചതെന്നും അമ്മ പറഞ്ഞു.

സംഭവത്തില്‍ എട്ട് പേര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ഒരു ലക്ഷം രൂപ കടം വാങ്ങിയത്. മാസം പതിനായിരം രൂപയാണ് പലിശയായി വാങ്ങിക്കുന്നതെന്നാണ് വിവരം. അഞ്ച് മാസം മുമ്പാണ് പ്രതിശ്രുത വധുവിന്റെ പിതാവ് മരിച്ചത്.വിദേശത്ത് ജോലി ചെയ്യുന്ന കൊല്ലം സ്വദേശിയുമായിട്ടാണ് യുവതിയുടെ വിവാഹം നിശ്ചയിച്ചിരുന്നത്. ജനുവരി ഒന്നിനായിരുന്നു വിവാഹം നടക്കേണ്ടിയിരുന്നത്. എന്നാല്‍ വരന്റെ വീടിന്റെ പരിസരത്തെ പല വീടുകളിലും പോയി യുവതിയേയും അമ്മയേയും മോശമായി ചിത്രീകരിച്ചുകൊണ്ട് സംസാരിച്ചു.

കഴിഞ്ഞ ഞായറാഴ്ച കൊല്ലത്ത് പ്രതിശ്രുത വരന്റെ വീട്ടിലും ഗുണ്ടാസംഘമെത്തി. വിവാഹത്തില്‍ നിന്ന് പിന്മാറിയില്ലെങ്കില്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. ഇതോടെയാണ് യുവാവ് പിന്മാറിയതെന്നും പ്രദേശവാസികള്‍ പറയുന്നു. ഗുരുതരാവസ്ഥയിലായ പെണ്‍കുട്ടി വര്‍ക്കലയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.