ബെംഗളൂരു: ബെംഗളൂരുവിലെ പ്രശസ്തമായ ബ്രൂക്ക്ഫീൽഡിലെ രാമേശ്വരം കഫേയിൽ വൻസ്‌ഫോടനം. അഞ്ചുപേർക്ക് പരിക്കേറ്റു. കുന്ദലഹള്ളിയിലെ കഫേയിലാണ് സ്‌ഫോടനം. പരിക്കേറ്റവരിൽ മൂന്നുപേർ കഫേ ജീവനക്കാരും, ഒരാൾ ഭക്ഷണം കഴിക്കാൻ വന്നയാളുമാണെന്നാണ് ആദ്യ റിപ്പോർട്ട്.

എന്താണ് സ്ഫോടനത്തിന് കാരണമെന്ന് അന്വേഷിച്ച് വരികയാണെന്ന് പൊലീസ് പറഞ്ഞു. പ്രദേശം പൊലീസ് വളഞ്ഞിരിക്കുകയാണ്. സ്ഫോടനത്തെ തുടർന്ന് വൈറ്റ്ഫീൽഡ് ഏരിയയിലെ ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ സംഭവസ്ഥലത്ത് എത്തി. ബെംഗളൂരുവിലെ ഏറ്റവും പ്രശസ്തമായ ഹോട്ടൽ ശൃഖലകളിൽ ഒന്നാണ് രാമേശ്വരം കഫേ.

ഷോർട്ട് സർക്യൂട്ടാണോ, അതോ, ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചതാണോ എന്ന് പ്രാഥമികാന്വേഷണത്തിൽ വ്യക്തമല്ല. സ്‌ഫോടനത്തിന് ശേഷം തീപിടിത്തമുണ്ടായില്ല. അതുകൊണ്ട് തന്നെ പാചക വാതക സിലിണ്ടർ സ്‌ഫോടനം ആണെന്ന് കരുതുന്നില്ല. വാതക പൈപ്പ് ലൈനിൽ ചോർച്ചയുണ്ടോ എന്ന് പൊലീസ പരിശോധിക്കുന്നു.

കഫേയിൽ ഫോറസൻസിക് സംഘം പരിശോധന നടത്തുകയാണ്. ബോംബ് സ്‌ക്വാഡ് സ്ഥലത്തെത്തി. ഉച്ചയ്ക്ക് 1.30 ഓടെയാണ് സ്‌ഫോടനമുണ്ടായത്. ' രാമേശ്വരം കഫേയിൽ സിലിണ്ടർ പൊട്ടിത്തെറിയുണ്ടായി എന്നാണ് കോൾ കിട്ടിയത്. ഉടൻ തന്നെ ഫയർ എഞ്ചിൻ സ്ഥലത്തെത്തി. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. ഉച്ചയ്ക്ക് 1.30 നും 2 നും ഇടയിലാണ് സ്‌ഫോടനമുണ്ടായത്. ഞങ്ങൾ എല്ലാ വശങ്ങളും പരിശോധിച്ചുവരികയാണ്', ഒരു പൊലീസ് ഉദ്യോഗസ്ഥൻ പി ടി ഐയോട് പറഞ്ഞു.

ആരുടേതാണ് രാമേശ്വരം കഫേ?

2021 ൽ രാഘവേന്ദ്ര റാവു, സിഎ ദിവ്യ രാഘവേന്ദ്ര റാവു എന്നിവർ ചേർന്നാണ് രാമേശ്വരം കഫേ തുടങ്ങിയത്. മുൻ രാഷ്ട്രപതി എ പി ജെ അബ്ദുൾ കലാമിന്റെ ജന്മനാടിനോടുള്ള ആദരസൂചകമായാണ് രാമേശ്വരം എന്ന് പേര് കഫേക്ക് നൽകിയത്. നല്ല ഒന്നാന്തരം ഭക്ഷണത്തിന് പേരുകേട്ട കഫേയാണ്. കൃത്രിമ രുചികളോ, നിറങ്ങളോ ചേർക്കാത്ത റെസിപ്പികളാണ് ഉപയോഗിക്കുന്നത്. ഔട്ട്‌ലെറ്റുകളിൽ റഫ്രിജറേറ്ററുകൾ ഉപയോഗിക്കുന്നില്ല. പുലർച്ചെ രണ്ടുമണി വരെ തുറന്നിരിക്കും.