കണ്ണൂർ: ആർ. എസ്. എസ് പ്രവർത്തകന്റെ വീട്ടിൽ ഉണ്ടായ ബോംബ് സ്ഫോടനത്തിൽ മുഴക്കുന്ന് പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി. ആസൂത്രിതമായ ഗൂഢാലോചന ഇക്കാര്യത്തിൽ നടന്നിട്ടുണ്ടോ എന്നാണ് പൊലീസ് അന്വേഷിച്ചുവരുന്നത്. ഇതിനായി ജുഡീഷ്യൽ കസ്റ്റഡിയിലുള്ള പ്രതിയെ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിൽ വാങ്ങും.

ഇതിനിടെ സംഭവത്തിൽ ആർ. എസ്. എസ് നേതൃത്വത്തിന് പങ്കുണ്ടെന്ന ആരോപണം സി.പി. എമ്മും മറ്റു പാർട്ടികളും ഉയർത്തുന്നുണ്ട്. ഈ സാഹചര്യത്തിലാണ് സമഗ്രാന്വേഷണത്തിന് പൊലീസ് ഒരുങ്ങുന്നത്. കാക്കയങ്ങാട് ആയിച്ചോടത്ത് വീട്ടിലുണ്ടായ സ്ഫോടനവുമായി ബന്ധപ്പെട്ടു അറസ്റ്റിലായ ആർ. എസ്. എസ് പ്രവർത്തകനായ മുക്കോലപറമ്പത്ത് വീട്ടിൽ കെ.കെ സന്തോഷിനെ(32) കോടതി റിമാൻഡ് ചെയ്തു. സ്ഫോടക വസ്തുക്കൾ കൈക്കാര്യം ചെയ്തതടക്കമുള്ള കുറ്റങ്ങൾ ചുമത്തി ജാമ്യമില്ലാവകുപ്പ് പ്രകാരമാണ് ഇയാളെ അറസ്റ്റു ചെയ്തത്.

സ്ഫോടനത്തിന് പിന്നിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഇക്കാര്യം അന്വേഷിച്ചുവരികയാണെന്ന് മുഴക്കുന്ന് പൊലിസ് അറിയിച്ചു. ഇതുവരെ നടത്തിയ അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ ഒരാൾക്കെതിരെ മാത്രമാണ് കേസെടുത്തിട്ടുള്ളത്. എന്നാൽ സ്ഫോടനത്തിന്റെ പുറകിലുള്ള ഗൂഢാലോചനയെ കുറിച്ചു അന്വേഷിച്ചുവരികയാണെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ എസ്. ഐ ഷിബു എസ്. പോൾ പറഞ്ഞു.

സ്ഫോടനത്തിൽ സന്തോഷിനും ഭാര്യ ലസിതയ്ക്കും പരുക്കേറ്റിരുന്നു. കോാഴിക്കോട് ഉളേള്യരിയിലെ ഒരു സ്വകാര്യ ആശുപത്രയിൽ ചികിത്സയിലായിരുന്ന സന്തോഷ് ചികിത്സ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് പൊലിസ് കസ്റ്റഡിയിലെടുത്ത് അറസ്റ്റു രേഖപ്പെടുത്തിയത്. സി. ഐ റജീഷ് തെരുവത്തു പീടികയിലിന്റെ നേതൃത്വത്തിലാണ് പൊലിസ് പ്രതിയെ അറസ്റ്റു ചെയ്തത്.

ഇക്കഴിഞ്ഞ പന്ത്രണ്ടിനായിരുന്നു വീട്ടിൽ സ്ഫോടനം നടന്നത്. സ്ഫോടനം നടക്കുമ്പോൾ സന്തോഷിന്റെ അമ്മയും കുട്ടികളും വീട്ടിലുണ്ടായിരുന്നുവെങ്കിലും ഇവർ മറ്റൊരു മുറിയിലായതിനാൽ പരുക്കേൽക്കാതെ രക്ഷപ്പെടുകയായിരുന്നു. ബോംബ് നിർമ്മാണത്തിനിടെയാണ് സ്ഫോടനമുണ്ടായതെന്നാണ് ഫോറൻസിക് പരിശോധനയിൽ കണ്ടെത്തിയത്. 2018-ലും സമാന സാഹചര്യത്തിലുണ്ടായ സ്ഫോടനത്തിൽ സന്തോഷിന്റെ കൈവിരലുകൾ നഷ്ടപ്പെട്ടിരുന്നു.