കൊച്ചി: ഉപേക്ഷിച്ച കാറിൽ നിന്നും 50 ലക്ഷം രൂപ വിലവരുന്ന 177 കിലോ ഗ്രാം കഞ്ചാവ് കണ്ടെടുത്ത സംഭവത്തിലെ പ്രതികൾ അമ്പലമേട് പൊലീസ് അറസ്റ്റ് ചെയ്ത ബോക്സർ ദിലീപും സംഘവും. വെള്ളിയാഴ്ചയാണ് പള്ളുരുത്തി മധുരക്കമ്പനി ഭാഗത്ത് നിർത്തിയിട്ടിരുന്ന കാറിൽനിന്ന് ചാക്കുകളിൽ സൂക്ഷിച്ചിരുന്ന കഞ്ചാവ് കണ്ടെടുത്തത്. ഈ കാർ വാടകയ്ക്ക് എടുത്തത് പ്രതികളിൽ ഒരാളായ അക്ഷയ് രാജായിരുന്നു.

അമ്പലമേട്ടിലെ ഹോംസ്റ്റേയിൽ നിന്നും കരുനാഗപ്പള്ളി സ്വദേശികളായ ബോക്‌സർ ദിലീപ്(27), ജ്യോതിസ്(22), ശാസ്താംകോട്ട സ്വദേശികളായ ശ്രീലാൽ(26), ഹരികൃഷ്ണൻ(26), എറണാകുളം തിരുവാങ്കുളം സ്വദേശി അക്ഷയ് രാജ്(24), ആലപ്പുഴ മാവേലിക്കര കുറത്തികാട് സ്വദേശിനി മേഘാ ചെറിയാൻ(21), കായംകുളം സ്വദേശിനി ശിൽപാ ശ്യാം(19) എന്നിവർ പിടിയിലായത് വ്യാഴാഴ്ചയാണ്.

അന്ന് രാത്രി മുതൽ ഈ കാർ റോഡരികിൽ കിടക്കുകയായിരുന്നു. എറണാകുളത്തെ ആൻ ഗ്രൂപ്പിന്റേതാണ് കാർ. 10 ദിവസം മുമ്പ് തൃപ്പൂണിത്തുറ സ്വദേശി അക്ഷയ്‌രാജ് എന്നയാളാണ് കാർ വാടകക്ക് എടുത്തത്. നാല് ദിവസമായി ഇയാളുടെ ഫോൺ സ്വിച്ഡ് ഓഫായിരുന്നു. ഇയാളെക്കുറിച്ച് വിവരമൊന്നും ഇല്ലാതിരുന്നതോടെ കാറുടമ ജി.പി.എസ് സംവിധാനം ഉപയോഗിച്ച് നടത്തിയ പരിശോധനയിലാണ് കാർ മധുര കമ്പനിക്ക് സമീപം ഉണ്ടെന്ന് കണ്ടെത്തിയത്.

മൂടിയിട്ട നിലയിൽ കണ്ടെത്തിയ കാറിൽ വലിയ പൊതികൾ കിടക്കുന്നതുകണ്ട് ഡിവിഷൻ കൗൺസിലർ ലൈലാദാസിനെയും പൊലീസിലും വിവരം അറിയിക്കുകയായിരുന്നു. തുടർന്ന്, പരിശോധിച്ചപ്പോഴാണ് കഞ്ചാവ് ചാക്കുകൾ കണ്ടെത്തിയത്. മട്ടാഞ്ചേരി അസി.പൊലീസ് കമീഷണർ കെ.ആർ. മനോജിന്റെ നേതൃത്വത്തിലെത്തിയ പൊലീസ് സംഘം വിശദമായ പരിശോധന നടത്തി. കാർ വാടകയ്ക്ക് എടുത്ത ആളുടെ വിശദാംശങ്ങൾ പരിശോധിച്ചപ്പോഴാണ് അമ്പലമേട്ടിൽ കഞ്ചാവുമായി അറസ്റ്റിലായ അക്ഷയ് രാജാണ് എന്ന് മനസ്സിലായത്.

ഇതോടെ അറസ്റ്റിലായ സംഘങ്ങൾ വൻതോതിൽ കേരളത്തിലേക്ക് കഞ്ചാവ് കടത്തുകയായിരുന്നു എന്ന് പൊലീസിന് വ്യക്തമായി. കൊച്ചി സിറ്റി ഡാൻസാഫും അമ്പലമേട് പൊലീസുംചേർന്ന് കുഴിക്കാട് ഭാഗത്തെ ലോഡ്ജിൽനിന്ന് അറസ്റ്റ് ചെയ്തിരുന്നു. പള്ളുരുത്തിയിൽനിന്ന് കഞ്ചാവ് കണ്ടെത്തിയ സംഭവവുമായി ഇവർക്ക് ബന്ധമുണ്ടോയെന്നത് സംബന്ധിച്ചും പൊലീസ് അന്വേഷണം നടത്തുന്നുണ്ട്.

ഒഡീഷയിലെ ബാലൻഗീർ ജില്ലയിലെ കഞ്ചാവ് മാഫിയയിൽ നിന്ന് ഇടനിലക്കാരൻവഴി വാങ്ങുന്ന കഞ്ചാവ് എറണാകുളത്തേക്ക് പലചരക്ക്,പച്ചക്കറി എന്നിവയുമായി വരുന്ന ലോറികളിൽ കൊണ്ടുവന്ന് ഹൈവേയിലെ ആളൊഴിഞ്ഞയിടങ്ങളിൽവെച്ച് കാറുകളിലെത്തി വാങ്ങി കൊച്ചിയിലെ വിവിധയിടങ്ങളിൽ എത്തിക്കുകയാണ് ഇവർ ചെയ്തിരുന്നതെന്ന് പൊലീസ് കണ്ടെത്തിയിരുന്നു.

ആലപ്പുഴ, കൊല്ലം ജില്ലകളിലെ പ്രധാന വിതരണക്കാരാണ് പിടിയിലായ പ്രതികൾ. സ്‌ക്കൂൾ കോളേജ് കേന്ദ്രീകരിച്ചായിരുന്നു ഇവരുടെ ഇടപാടുകൾ ഏറെയും. കേസിലെ പ്രദാന പ്രതി കരുനാഗപ്പള്ളി തഴവാ സ്വദേശി ബോക്‌സർ ദിലീപ് നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയാണ്. തഴവാ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ ഗാനമേളയ്ക്ക് റിമി ടോമിയെ ആക്രമിച്ച കേസിലെ പ്രതിയുമാണ്. ഇവരുടെ പക്കൽ ഉണ്ടായിരുന്ന ബാഗിൽ നിന്നും മാരകായുധവും പൊലീസ് കണ്ടെടുത്തിട്ടുണ്ട്.

കൊച്ചി സിറ്റി പൊലീസ് കമ്മീഷ്ണർ കെ.സേതുരാമൻ ഐ.പി.എസി ന് ലഭിച്ചരഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഡെപ്യൂട്ടി കമ്മീഷണർ ടി.ബിജുഭാസക്കറിന്റെ നിർദ്ദേശപ്രകാരം നാർക്കോട്ടിക് അസി.കമ്മീഷ്ണർ കെ.എ.അബ്ദുൾ സലാമിന്റെ നേതൃത്വത്തിൽ അമ്പലമേട് ഇൻസ്‌പെക്ടർ, ലാൽ സി.ബേബി, സബ് ഇൻസ്‌പെക്ടർ, റജി പി.പി, അബ്ദുൾ ജബ്ബാർ, എഎസ്ഐ. അജയകുമാർ, റജി.വി.വർഗീസ്, എന്നിവരും. കൊച്ചി സിറ്റി ഡാൻസാഫും ചേർന്നാണ്പ്രതികളെ അറസ്റ്റ് ചെയ്തത്.