- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വൈദ്യുതി പോസ്റ്റ് മാറ്റുന്നതിന് സബ് എഞ്ചിനിയർ ചോദിച്ചത് ആയിരം രൂപ കൈക്കൂലി; വിവരം വിജിലൻസിൽ അറിയിച്ചതോടെ ഫിനോഫ്തലിൻ പുരട്ടി നോട്ടുമായി ആവശ്യക്കാരനെത്തി; വിജിലൻസ് സംഘത്തെ കണ്ടതോടെ നോട്ടുവിഴുങ്ങി ജിയോ ജോസഫ്; കൈയിൽ ചുവപ്പു പടർന്നത് തെളിവായതോടെ അറസ്റ്റു രേഖപ്പെടുത്തി റിമാൻഡു ചെയ്തു
കണ്ണൂർ: കൈക്കൂലിക്കാർക്കെതിരെ വിജിലൻസ് നടപടികൾ ശക്തമാക്കിയിരിക്കയാണ്. ഇതോടെ അഴിമതിക്കാരാ ഉദ്യോഗസ്ഥർക്ക് കഷ്ടകാലമാണ്. വൈദ്യുത പോസ്റ്റ് മാറ്റുന്നതിന് 1000 രൂപ കൈക്കൂലി വാങ്ങിയ കെ എസ് ഇ ബി സബ് എഞ്ചിനിയറെ വിജിലൻസ് സംഘം ഓടിച്ചിട്ട് പിടികൂടി. കെ.എസ്.ഇ.ബി. അഴീക്കോട് സെക്ഷനിലെ സബ് എൻജിനിയർ ജിയോ എം. ജോസഫ് (37) ആണ് പിടിയിലായത്. അതേസമം പിടിയാലാകുന്ന ഘട്ടം വന്നതോടെ ഇയാൾ പഠിച്ചപണി പതിനെട്ടും പയറ്റിയാണ് രക്ഷപെടാൻ ശ്രമം നടത്തിയത്.
പിടികൂടുന്നതിനിടെ ഇയാൾ കൈക്കൂലി വാങ്ങിയ നോട്ട് വായിലിട്ട് വിഴുങ്ങുകയായിരുന്നു. എന്നാൽ, നോട്ടിൽ ഫിനാഫ്തലിൻ പുരട്ടിയിരുന്നതിനാൽ കൈയിൽ ചുവപ്പ് പടർന്നിരുന്നു. ഇയാളെ പിടികൂടി അറസ്റ്റ് രേഖപ്പെടുത്തുകയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യുകയും ചെയ്തു. എറണാകുളം സ്വദേശിയായ ജിയോ എം ജോസഫിന് സ്വന്തം ജില്ലയിലേക്ക് സ്ഥലംമാറ്റം കിട്ടിയ ദിവസമാണ് കൈക്കൂലി വാങ്ങിയതിന് അറസ്റ്റിലായത്. പൂതപ്പാറ സ്വദേശി അബ്ദുൾ ഷുക്കൂറിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് വിജിലൻസ് സംഘം ഇയാളെ പിടികൂടിയത്.
പരാതിക്കാരന്റെ വീടിന് മുന്നിലെ വൈദ്യുത പോസ്റ്റ് മാറ്റിസ്ഥാപിക്കാൻ ജിയോ 1000 രൂപ കൈക്കൂലി ആവശ്യപ്പെട്ടുവെന്നായിരുന്നു അബ്ദുൾ ഷുക്കൂർ വിജിലൻസിന് പരാതി നൽകിയത്. വീടിനോട് ചേർന്ന് കാർ ഷെഡ് നിർമ്മിക്കാൻ വൈദ്യുത പോസ്റ്റ് തടസമായതിനാലാണ് അത് മാറ്റി സ്ഥാപിക്കാൻ ശ്രമിച്ചത്. പോസ്റ്റ് മാറ്റുന്നതിനായി 5550 രൂപ കെഎസ്ഇബി സെക്ഷൻ ഓഫീസിൽ അടച്ചെങ്കിലും നടപടിക്രമങ്ങൾ വൈകുകയായിരുന്നു. ഇതേത്തുടർന്നാണ് ജിയോ എം ജോസഫിനെ അബ്ദുൾ ഷുക്കൂർ കണ്ടത്. 1000 രൂപ തന്നാൽ ഉടൻ പോസ്റ്റ് മാറ്റിയിടാമെന്ന് ജിയോ, അബ്ദുൾ ഷുക്കൂറിനെ അറിയിച്ചു. ഇക്കാര്യം അബ്ദുൾ ഷുക്കൂർ വിജിലൻസിനെ അറിയിക്കുകയായിരുന്നു.
വീട്ടിലെത്തി പണം വാങ്ങി മടങ്ങുന്നതിനിടെ വിജിലൻസ് ഡിവൈ.എസ്‌പി. ബാബു പെരിങ്ങേത്തിന്റെ നേതൃത്വത്തിലുള്ള വിജിലൻസ് സംഘം ജിയോയെ വളഞ്ഞു. ഓടിരക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടയിൽ പിന്നാലെ ഓടിയാണ് വിജിലൻസ് ഇയാളെ പിടികൂടിയത്. ഓട്ടത്തിനിടയിൽ കൈക്കൂലിയായി വാങ്ങിയ നോട്ട് ഇദ്ദേഹം വിഴുങ്ങിയതായി സംശയിക്കുന്നു.
എന്നാൽ, നോട്ടിൽ ഫിനാഫ്തലിൻ പുരട്ടിയിരുന്നതിനാൽ കൈയിൽ ചുവപ്പ് പടർന്നു. ആശുപത്രിയിലെത്തി വൈദ്യപരിശോധനയ്ക്ക് വിധേയനാകാൻ ഇദ്ദേഹം വിസമ്മതിച്ചു. കോഴിക്കോട് വിജിലൻസ് കോടതി ജഡ്ജിയുടെ മുന്നിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. എസ്‌ഐ. പങ്കജാക്ഷൻ, എഎസ്ഐ.മാരായ നാരായണൻ, പി.പി. നിജേഷ്, ഇ.വി. ജയശ്രീ എന്നിവരും പരിശോധനയിൽ പങ്കെടുത്തു.
മറുനാടന് മലയാളി ബ്യൂറോ