- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിജിലൻസിനെ കണ്ട പാടേ ചാടിയോടി; കൈക്കൂലി വാങ്ങിയ അഴീക്കോട്ടെ കെ എസ് ഇ ബി എൻജിനീയർ 500 രൂപ നോട്ടുകൾ വിഴുങ്ങിയതായി സംശയം; എൻഡോസ്കോപി ചെയ്യാൻ വിസമ്മതം; വെട്ടിലായി വിജിലൻസ്; കോടതി അനുമതി തേടും
കണ്ണൂർ: കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസിനെ കണ്ട് ഓടിയ കെ. എസ്. ഇ.ബി സബ് എൻജിനിയർ പണം വിഴുങ്ങിയെന്ന് സംശയം. അഴീക്കോട് കെ. എസ്. ഇ.ബി സബ് എൻജിനിയർജിയോ എം ജോസഫാണ് പണം വിഴുങ്ങിയതായി സംശയിക്കുന്നത്. ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ടരയ്ക്കാണ് സംഭവം. അഴീക്കോട് ഇലക്ട്രിക് സെക്ഷൻ ഓഫീസിലെ സബ് എൻജിനിയറായ ജിയോ എം. ജോസഫാണ് കുടുങ്ങിയത്.
പൂതപ്പാറ സ്വദേശി അബ്ദുൽ ഷുക്കൂർ നൽകിയ ഫിനാത്തലിൻ പുരട്ടിയ ആയിരം രൂപയാണ് ഈയാൾ കൈക്കൂലിയായി വാങ്ങിയതായി സംശയിക്കുന്നത്. അബ്ദുൽ ഷുക്കൂറിന്റെ വീട്ടിൽ ഇലക്ട്രിസിറ്റി ലൈൻ വലിക്കുന്നതുമായി ബന്ധപ്പെട്ടു അബ്ദുൽ ഷുക്കൂറിനോട് ഇയാൾ പലതവണ കൈക്കൂലിക്ക് ആവശ്യപ്പെടുകയായിരുന്നു. ഇതേ തുടർന്നാണ് അബ്ദുൽ ഷുക്കൂർ വിജിലൻസുമായി ബന്ധപ്പെട്ടത്.
ഇതേ തുടർന്ന് അബ്ദുൽ ഷുക്കൂറിനോട് കൈക്കൂലി വാങ്ങുന്ന സമയത്ത് വിജിലൻസ് ഡി.വൈ. എസ്‌പി ബാബു പെരിങ്ങോത്തിന്റെ നേതൃത്വത്തിൽ പിടികൂടിയത്. അപ്രതീക്ഷിതമായി വിജിലൻസിനെ കണ്ടപ്പോൾ ഇയാൾ അബ്ദുൾ ഷുക്കൂർ നൽകിയ രണ്ടു 500രൂപ നോട്ടുകളുമായി പുറത്തേക്ക് ഓടുകയായിരുന്നു. ഇതിനിടെയാണ് നോട്ടുകൾ വിഴുങ്ങിയതെന്ന് കരുതുന്നു.
എന്നാൽ ഇയാൾ ഓടിയ ഭാഗങ്ങളിൽ നോട്ടുകൾ കണ്ടെത്താത്തതിനെ തുടർന്നാണ് വിജിലൻസ് ഇക്കാര്യം ഉറപ്പിച്ചത്. ഇയാളുടെ കൈയിൽ നോട്ടിൽ പുരണ്ട ഫിനാത്തലിന്റെ പൊടിപുരണ്ടിട്ടുണ്ട്. അതുകൊണ്ടു തന്നെ ജിയോ എം. ജോസഫ കൈക്കൂലി വാങ്ങിയെന്നു തന്നെയാണ് വിജിലൻസ് ഉറപ്പിക്കുന്നത്. ഇയാളെ എൻഡോസ്‌കോപ്പി ചെയ്യാൻ ചാല ബി. എച്ച്. എം. എസ് ആശുപത്രിയിൽകൊണ്ടു പോയെങ്കിലും വിസമ്മതിച്ചതിനാൽ നടന്നില്ല.
ഇതിനു ശേഷം എക്സറേയെടുത്ത് നോക്കിയെങ്കിലും കുടലിൽ നോട്ടുകൾ കണ്ടെത്തിയിട്ടില്ല. എന്നാൽ കോടതിയിൽ ഹാജരാക്കി മജിസ്ട്രേറ്റിന്റെ അനുമതിയോടെ എൻഡോസ്‌കോപ്പി ചെയ്യാനാണ് വിജിലൻസ് ഒരുങ്ങുന്നത്. ഇതിനായി അപേക്ഷ നൽകുമെന്ന് വിജിലൻസ് ഡി. വൈ. എസ്. പി ബാബുപെരിങ്ങോത്ത് അറിയിച്ചു. വിവിധ ആവശ്യങ്ങളുമായി എത്തുന്ന പൊതുജനങ്ങളോട് നിരന്തരം കൈക്കൂലി ആവശ്യപ്പെടുന്നുവെന്ന് നേരത്തെ എറണാകുളം മണ്ണങ്ങാട് സ്വദേശിയായ ലിയോ എം. ജോസഫിനെ കുറിച്ചു പരാതിയുണ്ടായിരുന്നു. ഇതുകൊണ്ടു തന്നെ ഏറെക്കാലമായി വിജിലൻസ് നിരീക്ഷണത്തിലാണ് ലിയോ.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്