കോട്ടയം: പാലക്കയത്ത് വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് കൈക്കൂലിയിലൂടെ കോടിപതിയായ വാർത്തയുടെ ചൂട് മായും മുമ്പേ കോട്ടയത്ത് നിന്ന് മറ്റൊരു കിമ്പള കേസ് കൂടി. ഇലക്ട്രിക്കൽ ഇൻസ്‌പെക്ടറേറ്റിലെ ഇലക്ട്രിക്കൽ ഇൻസ്‌പെക്ടർ കെ.കെ. സോമനെ 10,000 രൂപ കൈക്കൂലി വാങ്ങവേ ഇന്ന് വിജിലൻസ് പിടികൂടി.കോട്ടയം ജില്ലയിലെ ഒരു വാണിജ്യ സ്ഥാപനത്തിനായി പണി ഏറ്റെടുത്തിട്ടുള്ള കരാറുകാരനായ പരാതിക്കാരൻ സമർപ്പിച്ചിരുന്ന ഇലക്ട്രിക്കൽ ഡ്രോയിങ് അപ്രൂവൽ ചെയ്യുന്നതിന് സ്ഥലപരിശോധനക്ക് പോയ സമയത്ത് സോമൻ പരാതിക്കാരനിൽ നിന്നും 10,000 കൈക്കൂലി വാങ്ങിയിരുന്നു.

തുടർന്ന് ഡ്രോയിങ് അപ്രൂവൽ ചെയ്യുന്നതിനുവേണ്ടി വീണ്ടും 10,000 രൂപ കൈക്കൂലി ആവശ്യപ്പെട്ടതിനെ തുടർന്ന് പരാതിക്കാരൻ വിവരം കോട്ടയം കിഴക്കൻ മേഖല പൊലീസ് സൂപ്രണ്ട് വിനോദ് കുമാറിനെ അറിയിച്ചു. അദ്ദേഹത്തിന്റെ നിർദ്ദേശപ്രകാരം കോട്ടയം വിജിലൻസ് യൂണിറ്റ് ഡി.വൈ.എസ്‌പി രവികുമാറിനെ നേതൃത്വത്തിലുള്ള വിജിലൻസ് സംഘം ട്രാപൊരുക്കി ഇന്ന് രാവിലെ 11ന് ഓഫീസ് റൂമിൽ വച്ച് കൈക്കൂലി വാങ്ങവേ അറസ്റ്റു ചെയ്യുകയുമായിരുന്നു. അറസ്റ്റ് ചെയ്ത പ്രതിയെ കോട്ടയം വിജിലൻസ് കോടതിയിൽ ഹാജരാക്കും.

ഈ ഉദ്യോഗസ്ഥനെതിരെ മുൻപും ആരോപണങ്ങൾ ഉയർന്നിട്ടുണ്ടെങ്കിലും തെളിവുകൾ ലഭിക്കാത്തതിനാലാണ് നടപടി എടുക്കാൻ കഴിയാതിരുന്നതെന്ന് വിജിലൻസ് പറയുന്നു. സ്ഥാനക്കയറ്റം ലഭിച്ച് നാളെ മുതൽ പുതിയ പദവിയിൽ ജോലിക്ക് കയറാനിരിക്കേയാണ് കെ.കെ സോമൻ പിടിയിലാകുന്നത്. ഡെപ്യുട്ടി ചീഫ് ഇലക്ട്രിക്കൽ ഇൻസ്പെക്ടർ ആയി സ്ഥാനക്കയറ്റം ലഭിച്ച സോമൻ നാളെ തിരുവനന്തപുരത്ത് ചുമതലയേൽക്കേണ്ടതായിരുന്നു.

വിജിലൻസ് സംഘത്തിൽ ഡി.വൈ.എസ്‌പി രവികുമാർ, ഡി.വൈ.എസ്‌പി എ.കെ വിശ്വനാഥൻ, ഇൻസ്‌പെക്ടറായ ബി. മഹേഷ് പിള്ള, എസ്. പ്രദീപ്, ജി.രമേശൻ, സബ് ഇൻസ്‌പെക്ടർമാരായ സ്റ്റാൻലി തോമസ്, ജയ്മാൻ, സാബു, സുരേഷ് കുമാർ, പ്രദീപ്, ഉദ്യോഗസ്ഥരായ അനിൽകുമാർ, ബേസിൽ പി.ഐസക്, ഹരീസ്, ജി.സുരേഷ് ബാബു തുടങ്ങിയവരും ഉണ്ടായിരുന്നു.