തിരുവല്ല: ഖരമാലിന്യ നിർമ്മാർജന കരാറുകാറിൽ നിന്ന് 25,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ നഗരസഭാ സെക്രട്ടറിയും ജീവനക്കാരിയും വിജിലൻസിന്റെ പിടിയിൽ. നാട്ടുകാർക്കും വ്യാപാരികൾക്കും കൗൺസിലർമാർക്കും വരെ പേടി സ്വപ്നമായിരുന്ന തിരുവല്ല നഗരസഭാ സെക്രട്ടറി നാരായണൻ സ്റ്റാലിൻ, ഓഫീസ് ജീവനക്കാരി പന്തളം സ്വദേശി ഹസീന എന്നിവരെയാണ് വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ യൂണിറ്റ് ഡിവൈ.എസ്‌പി ഹരിവിദ്യാധരന്റെ നേതൃത്വത്തിൽ ട്രാപ്പിലാക്കിയത്.

നഗരസഭയിൽ ഖരമാലിന്യ സംസ്‌കരണം നടത്തുന്ന ക്ലിൻകേരള കമ്പനിയായ ക്രിസ് ഗ്ളോബൽസ് എന്ന കമ്പനിയുടെ ഉടമ സാം ക്രിസ്റ്റിയിൽ നിന്ന് കൈക്കൂലി വാങ്ങുന്നതിനിടെയാണ് ഇയാൾ പിടിയിലായത്. തിരുവല്ല നഗരസഭയിൽ നാരായണൻ സ്റ്റാലിന്റെ രാജവാഴ്ചയാണ് നടന്നിരുന്നത്. തൊടുന്നതിനെല്ലാം കൈക്കൂലി എന്ന അവസ്ഥയായിരുന്നു. ഒരു ലക്ഷത്തിൽ കുറഞ്ഞ തുക സ്വീകരിക്കാറില്ലായിരുന്നു. നാട്ടുകാരോട് മുഴുവൻ കൈക്കൂലി ആവശ്യപ്പെട്ടിരുന്നത് പരസ്യമായിട്ടായിരുന്നു. വിജിലൻസിൽ പരാതി കൊടുക്കാൻ ആരും ധൈര്യപ്പെട്ടിരുന്നില്ല. തങ്ങളുടെ ആവശ്യം സാധിച്ചു കിട്ടാൻ വേണ്ടി സെക്രട്ടറി ചോദിക്കുന്ന പണം നൽകുകയായിരുന്നു ചെയ്തിരുന്നത്.

സാം ക്രിസ്റ്റിയിൽ നിന്ന് മുൻപും ഇയാൾ പണം ആവശ്യപ്പെട്ട് വാങ്ങിയിരുന്നു. എങ്ങോട്ട് തിരിഞ്ഞാലും കൈക്കൂലി എന്ന അവസ്ഥ വന്നതോടെ രണ്ടും കൽപ്പിച്ച് സാം പരാതി നൽകുകയായിരുന്നു. വിജിലൻസ് സംഘം മാർക്ക് ചെയ്തു കൊടുത്ത പണം കൈപ്പറ്റിയതിന് പിന്നാലെ സെക്രട്ടറിയെയും ജീവനക്കാരിയെയും കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.

2024 വരെ ഖര മാലിന്യ സംസ്‌ക്കരണ യൂണിറ്റ് നടത്തുന്നതിനാണ് കരാർ ഉള്ളത്. മാലിന്യ പ്ലാന്റിന് ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് നൽകണമെങ്കിൽ, 2 ലക്ഷം രൂപ നൽകണമെന്ന് സെക്രട്ടറി കരാറുകാരനോട് ആവശ്യപ്പെട്ടു. എന്നാൽ അത്രയും തുക നൽകാനാവില്ലെന്ന് കരാറുകാരൻ അറിയിച്ചു. തുടർന്ന് കഴിഞ്ഞ ദിവസം 25000 രുപ നൽകണമെന്ന് സെക്രട്ടറി ആവശ്യപ്പെടുകയും, കരാറുകാരൻ വിവരം വിജിലെൻസിനെ അറിയിക്കുകയുമായിരുന്നു. ഇന്ന് ഉച്ചക്ക് ശേഷം കരാറുകാരൻ കൊണ്ടുവന്ന നോട്ടുകളിൽ വിജിലൻസ് ഫിനോഫ്തലിൽ പുരട്ടി നൽകുകയും, കരാറുകാരൻ ഇത് സെക്രട്ടറിക്ക് നൽകുകയും ചെയ്തു. ഈ തുക തന്റെ അക്കൗണ്ടിൽ ഇടാൻ പറഞ്ഞ് സെക്രട്ടറി തുക ജീവനക്കാരിയായ ഹസീനയെ ഏൽപ്പിച്ചു. ഇവർ പണവുമായി പോകാനൊരുങ്ങുമ്പോൾ സ്ഥലത്തെത്തിയ വിജിലെൻസ് സംഘം ഇരുവരെയും അറസ്റ്റ് ചെയ്തു. നടപടി ക്രമങ്ങൾ പൂർത്തിയാക്കി നാളെ ഇരുവരേയും തിരുവനന്തപുരം വിജിലെൻ സ് കോടതിയിൽ ഹാജരാക്കും.

മന്ത്രി സജി ചെറിയാന്റെ സ്വന്തം ആളാണെന്ന് പറഞ്ഞാണ് ഇയാൾ ജീവനക്കാരെയും പാർട്ടിക്കാരെയും കൗൺസിലർമാരെയും നാട്ടുകാരെയും ഭീഷണിപ്പെടുത്തിയിരുന്നത്. കൈക്കൂലി നൽകാൻ തയാറാകാത്തവരെ ബുദ്ധിമുട്ടിക്കും. നിയമത്തിന്റെ പഴുതുകൾ മുഴുവൻ അതിനായി ഉപയോഗിക്കും. ഇയാളുടെ ഉപദ്രവം ഭയന്ന് ആവശ്യക്കാർ കൈക്കൂലി കൊടുക്കുകയായിരുന്നു. ചുരുക്കം ചിലർ കോടതിയെ സമീപിക്കുകയും ചെയ്തിരുന്നു. മുനിസിപ്പൽ ചെയർപേഴ്സൺ ആയിരുന്ന ശാന്തമ്മ വർഗീസ് ഇയാളുടെ മാനസിക പീഡനം കാരണമാണ് രാജി വച്ചത്. ആ ഒഴിവിലേക്ക് തിങ്കളാഴ്ച തെരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്. തനിക്ക് വേണ്ടപ്പെട്ടയാളെ ചെയർപേഴ്സൺ ആക്കാൻ സെക്രട്ടറി ചരടുവലി നടത്തി വരുമ്പോഴാണ് വിജിലൻസിന്റെ കെണിയിൽ വീഴുന്നത്.

നഗരസഭ കൗൺസിലിന്റെ അജണ്ടയും മിനുട്സും തനിക്ക് തോന്നുന്ന രീതിയിൽ തയാറാക്കുന്നതായിരുന്നു പതിവ്. ഇതിൽ ഒപ്പിടാൻ വിസമ്മതിച്ചതിനാണ് ചെയർപേഴ്സൺ ആയിരുന്ന ശാന്തമ്മയെ മാനസികമായി ഇയാൾ പീഡിപ്പിച്ചത്. സ്ഥാനം രാജി വച്ചതിന് പിന്നാലെ വിശദമായ പരാതി ശാന്തമ്മ വിജിലൻസിന് നൽകിയിരുന്നു. അതിന്മേൽ അന്വേഷണം തുടങ്ങാനിരിക്കേയാണ് ഇപ്പോൾ നാരായണൻ വിജിലൻസിന്റെ വലയിലായത്.