- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിവാഹം കഴിഞ്ഞ് ആറാം ദിവസം മുതല്‍ ക്രൂരപീഡനം; നട്ടെല്ലിനു ക്ഷതമേറ്റു; കേള്‍വിശക്തി തകരാറിലായി; ഭര്‍ത്താവിനെതിരെ നവവധുവിന്റെ പരാതി
മലപ്പുറം: വേങ്ങരയില്‍ നവവധുവിന് ഭര്‍തൃവീട്ടില്‍ ക്രൂര പീഡനമേറ്റെന്ന പരാതിയില്‍ അന്വേഷണം. വിവാഹം കഴിഞ്ഞ് ആറാം ദിവസം മുതല്‍, കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ടും സുഹൃത്തുക്കളുമായി ബന്ധമുണ്ടെന്ന് ആരോപിച്ചും ക്രൂരമായി മര്‍ദിച്ചിരുന്നുവെന്ന് വേങ്ങര സ്വദേശി മുഹമ്മദ് ഫായിസിനെതിരെ ഭാര്യയാണ് പരാതി നല്‍കിയത്.
സംശയത്തിന്റെ പേരിലും സൗന്ദ്യര്യം കുറവാണെന്ന് ആരോപിച്ചും സ്ത്രീധനത്തെച്ചൊല്ലിയും മുഹമ്മദ് ഫായിസ് നിരന്തരം മര്‍ദിച്ചെന്നാണ് പെണ്‍കുട്ടിയുടെ ആരോപണം. സംഭവത്തില്‍ പരാതി നല്‍കിയിട്ടും പോലീസ് ഇതുവരെ പ്രതിയെ പിടികൂടിയിട്ടില്ലെന്നും പെണ്‍കുട്ടിയുടെ കുടുംബം ആരോപിച്ചു.
മൊബൈല്‍ ഫോണ്‍ ചാര്‍ജറിന്റെ വയര്‍ ഉപയോഗിച്ചും കൈകൊണ്ടും ഉപദ്രവിച്ചിരുന്നെന്ന് പരാതിയില്‍ പറയുന്നു. കുനിച്ചു നിര്‍ത്തി മര്‍ദിച്ചതിനെ തുടര്‍ന്ന് നട്ടെല്ലിനു ക്ഷതമേറ്റു. അടിവയറ്റിലും മര്‍ദനമേറ്റിട്ടുണ്ട്. ആക്രമണത്തില്‍ ചെവിക്കു പരുക്കേറ്റതിനെ തുടര്‍ന്ന് കേള്‍വി തകരാറിലായി.
പരുക്കേറ്റപ്പോള്‍ ഭര്‍തൃവീട്ടുകാര്‍ നാലു തവണ ആശുപത്രിയില്‍ കൊണ്ടുപോയി ചികിത്സ നല്‍കി. മര്‍ദന വിവരം പുറത്തു പറഞ്ഞാല്‍ സ്വകാര്യ ചിത്രങ്ങള്‍ പുറത്തുവിടുമെന്നും ആത്മഹത്യ ചെയ്യുമെന്നും ഫായിസ് ഭീഷണിപ്പെടുത്തിയെന്നും മേയ് 22 ന് മലപ്പുറം വനിതാ പൊലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.
മേയ് രണ്ടിനായിരുന്നു യുവതിയും ഫായിസും തമ്മിലുള്ള വിവാഹം. ദിവസങ്ങള്‍ക്കു ശേഷം യുവതി ഫോണില്‍ വിളിച്ച് കരഞ്ഞതോടെ സംശയം തോന്നിയ കുടുംബാംഗങ്ങള്‍ വേങ്ങരയിലെ ഭര്‍തൃവീട്ടിലെത്തിയപ്പോഴാണ് മകള്‍ ക്രൂരമായ പീഡനത്തിനിരയായതായി മനസ്സിലായത്. യുവതിയുടെ ശരീരത്തില്‍ മുറിവുകളുണ്ട്. സൗന്ദര്യത്തിന്റെ പേരില്‍ ഭാര്യയെ സംശയിച്ച ഫായിസ്, സുഹൃത്തുക്കളുടെ പേര് പറഞ്ഞും കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ടുമാണ് യുവതിയെ മര്‍ദിച്ചിരുന്നത്.
മര്‍ദനത്തിനിരയായതിന്റെ വൈദ്യപരിശോധനാ രേഖകളടക്കമാണ് പരാതി നല്‍കിയതെങ്കിലും നടപടിയെടുക്കാനോ പ്രതിയെ പിടികൂടാനോ പൊലീസ് തയാറായിട്ടില്ലെന്നാണ് യുവതിയുടെ കുടുംബാംഗങ്ങളുടെ ആരോപണം. ഭര്‍തൃവീട്ടില്‍നിന്നു ചികിത്സ നല്‍കിയതിന്റെ രേഖകളും പൊലീസില്‍ സമര്‍പ്പിച്ചിട്ടുണ്ടെന്നും ജില്ലാ പൊലീസ് മേധാവിക്കടക്കം പരാതി നല്‍കിയിട്ടും നടപടിയെടുത്തില്ലെന്നും പ്രതി വിദേശത്തേക്ക് കടന്നുവെന്നും യുവതിയുടെ കുടുംബാംഗങ്ങള്‍ പറഞ്ഞു.
നവവധുവിന്റെ വീട്ടില്‍ വിരുന്നിന് പോയി മടങ്ങിയെത്തിയശേഷമാണ് ഉപദ്രവം തുടങ്ങിയത്. എല്ലാകാര്യങ്ങളിലും പ്രതിക്ക് സംശയമായിരുന്നു. നവവധുവിനൊപ്പം പഠിക്കുന്നവരെയും സുഹൃത്തുക്കളായ പെണ്‍കുട്ടികളെപ്പോലും സംശയത്തോടെയാണ് കണ്ടത്. ആണ്‍സുഹൃത്തുണ്ടെന്ന് പറഞ്ഞും ഇയാള്‍ ഭാര്യയെ മര്‍ദിച്ചു. ഭാര്യയ്ക്ക് സൗന്ദര്യമില്ലെന്ന് പറഞ്ഞും തനിക്ക് നല്‍കിയ സ്ത്രീധനം കുറഞ്ഞുപോയെന്ന് പറഞ്ഞും പ്രതി മര്‍ദനം തുടര്‍ന്നതായും പരാതിയിലുണ്ട്. വിവാഹത്തിന് നല്‍കിയ സ്വര്‍ണം 25 പവന്‍ പോലും ഇല്ലെന്ന് പറഞ്ഞാണ് ഉപദ്രവിച്ചത്.
ഭര്‍ത്താവിന്റെ ഉപദ്രവം സഹിക്കവയ്യാതെ മെയ് 22-ാം തീയതി നവവധു സ്വന്തം വീട്ടിലേക്ക് മടങ്ങിയിരുന്നു. തുടര്‍ന്ന് 23-ാം തീയതി പോലീസില്‍ പരാതി നല്‍കി. എന്നാല്‍, പരാതി നല്‍കിയിട്ടും പോലീസ് ഇതുവരെ പ്രതിയെ പിടികൂടിയിട്ടില്ലെന്നാണ് പെണ്‍കുട്ടിയുടെ കുടുംബം ആരോപിക്കുന്നത്. സംഭവത്തില്‍ മുഹമ്മദ് ഫായിസിനെ ഒന്നാംപ്രതിയാക്കി മലപ്പുറം വനിതാ പോലീസ് എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഫായിസിന്റെ മാതാവും പിതാവുമാണ് കേസിലെ രണ്ടും മൂന്നും പ്രതികള്‍.