ആലപ്പുഴ: ആലപ്പുഴ പൂങ്കാവിൽ സഹോദരിയെ സഹോദരൻ കൊന്നുകുഴിച്ചുമൂടിയെന്ന് സംശയം. പൂങ്കാവ് വടക്കൻപറമ്പിൽ റോസമ്മയെ കൊലപ്പെടുത്തി വീടിനുള്ളിൽ കുഴിച്ചിട്ടതായാണ് സംശയിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് റോസമ്മയുടെ സഹോദരൻ ബെന്നിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. മൃതദേഹം കണ്ടെടുക്കാനായി ഇയാളുമായി പൊലീസും റവന്യൂ ഉദ്യോഗസ്ഥരുടെ സംഘവും പൂങ്കാവിലെ വീട്ടിലെത്തി.

റോസമ്മയെ ബുധനാഴ്ച മുതലാണ് കാണാതായത്. മാരാരിക്കുളം തെക്ക് പഞ്ചായത്തിൽ പൂങ്കാവ് പള്ളിക്കു പടിഞ്ഞാറാണു സംഭവം. വടക്കുംപറമ്പിൽ റോസമ്മയ്ക്കു (61) വേണ്ടിയാണു തിരച്ചിൽ നടക്കുന്നത്. സഹോദരനൊപ്പം താമസിച്ചിരുന്ന റോസമ്മയെ 17 മുതൽ കാണാനില്ലായിരുന്നു. ബന്ധുക്കളും മറ്റും തിരയുന്നതിനിടയിൽ, റോസമ്മയെ താൻ കൊന്നു കുഴിച്ചുമൂടിയതായി സഹോദരൻ പൊലീസിനോടു വെളിപ്പെടുത്തിയെന്നാണു വിവരം.

പൂങ്കാവ് പള്ളിക്ക് സമീപത്തെ വീട്ടിലാണ് ബെന്നിയും സഹോദരി റോസമ്മയും താമസിച്ചിരുന്നത്. ഇരുവരും തമ്മിലുണ്ടായ തർക്കത്തിനിടെ ബെന്നി സഹോദരിയെ കൊലപ്പെടുത്തിയെന്നും തുടർന്ന് ദൃശ്യം മോഡലിൽ മൃതദേഹം വീടിനുള്ളിൽ കുഴിച്ചിട്ടെന്നുമാണ് സംശയിക്കുന്നത്. തനിക്ക് ഒരു കൈയബദ്ധം പറ്റിയതായി തിങ്കളാഴ്ച രാവിലെ ബെന്നി സഹോദരിയുടെ മകളോട് പറഞ്ഞിരുന്നു. ഇതോടെയാണ് സംഭവം പുറത്തറിയുന്നത്. തുടർന്ന് പൊലീസ് ബെന്നിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

ഏറെനാൾ മുൻപ് ഭർത്താവ് ഉപേക്ഷിച്ചുപോയ റോസമ്മയ്ക്ക് രണ്ടുമക്കളാണുള്ളത്. നിലവിൽ സഹോദരൻ ബെന്നിക്കൊപ്പമായിരുന്നു റോസമ്മയുടെ താമസം. ഇതിനിടെ വീണ്ടും ഒരുവിവാഹം കഴിക്കാൻ റോസമ്മ ആഗ്രഹിച്ചിരുന്നു. കൈനകരിയിലെ ഒരു വിവാഹദല്ലാൾ മുഖേന വിവാഹക്കാര്യവും ശരിയായി. മെയ് ഒന്നിന് വിവാഹം നടത്താനും നിശ്ചയിച്ചു. ഇതിനിടെയാണ് കൊലപാതകം നടന്നത്.

റോസമ്മ വീണ്ടും വിവാഹം കഴിക്കുന്നതിനെ ബെന്നിയും ബന്ധുക്കളും എതിർത്തിരുന്നതായാണ് വിവരം. വിവാഹക്കാര്യത്തെച്ചൊല്ലി ബെന്നിയും റോസമ്മയും തമ്മിൽ കഴിഞ്ഞദിവസം വഴക്കുണ്ടായെന്നും ഇതുകൊലപാതകത്തിൽ കലാശിച്ചെന്നുമാണ് സൂചന.