- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
കോഴിക്കോട് തടമ്പാട്ടുതാഴത്തെ സഹോദരിമാരുടെ കൊലപാതകം; കാണാതായ സഹോദരന്‍ മരിച്ചതായി സംശയം; തലശ്ശേരിയില്‍ കണ്ടെത്തിയ അറുപത് വയസുള്ള ആളിന്റെ മൃതദേഹം പ്രമോദിന്റേതോ? ഫോട്ടോ കണ്ട് ബന്ധുക്കള്‍ തിരിച്ചറിഞ്ഞതായി സൂചന
കോഴിക്കോട്ടെ സഹോദരിമാരുടെ മരണം; സഹോദരന്‍ മരിച്ചു?
കോഴിക്കോട്: കോഴിക്കോട് തടമ്പാട്ടുതാഴത്തെ സഹോദരിമാരുടെ കൊലപാതകത്തിനുശേഷം കാണാതായ സഹോദരന്‍ മരിച്ചതായി സംശയം. തലശ്ശേരി പുല്ലായി പുഴയില്‍ നിന്നും അറുപത് വയസ് പ്രായം തോന്നിക്കുന്നയാളുടെ മൃതദേഹം കണ്ടെത്തിയതായി പൊലീസ്. മൃതദേഹം തടമ്പാട്ടുതാഴത്തെ സഹോദരിമാരെ കൊലപ്പെടുത്തിയ ശേഷം കാണാതായ സഹോദരന്‍ പ്രമോദിന്റേതെന്നാണ് സംശയം. ഇന്നലെ വൈകിട്ടാണ് കുയ്യാലി പുഴയില്‍ നിന്ന് പുരുഷന്റെ മൃതദേഹം കണ്ടെത്തിയത്. പൊലീസ് വിശദമായ പരിശോധനകള്‍ നടത്തുകയാണ്. ബന്ധുക്കളുമായി പൊലീസ് ആശയവിനിമയം നടത്തി. ഫോട്ടോ കണ്ട് ബന്ധുക്കള്‍ തിരിച്ചറിഞ്ഞതായാണ് സൂചന.
അതേസമയം, മൃതദേഹത്തിന്റെ ഫോട്ടോ ബന്ധുക്കള്‍ തിരിച്ചറിഞ്ഞുവെന്നും ഇനി നേരില്‍കണ്ട് തിരിച്ചറിയണമെന്നും പൊലീസ് അറിയിച്ചു. കൊലപാതകവുമായി ബന്ധപ്പെട്ട് സഹോദരന്‍ പ്രമോദിനെ പൊലീസ് തിരയുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയെന്ന വിവരം പുറത്തുവരുന്നത്. പ്രമോദ് എത്തിയ സ്ഥലങ്ങളിലെ സിസിടിവി കേന്ദ്രീകരിച്ചാണ് പൊലീസിന്റെ അന്വേഷണം നടത്തിയിരുന്നത്. സഹോദരിമാരെ പരിചരിക്കാന്‍ കഴിയാത്തതിനാല്‍ കൊലപാതകം നടത്തിയെന്നാണ് പൊലീസിന്റെ നിഗമനം.
സഹോദരിമാരെ പരിചരിച്ചിരുന്നത് പ്രമോദാണ്. ഇതിനു കഴിയാതായതിനെ തുടര്‍ന്നാണ് കൊലപാതകമെന്നാണ് പ്രാഥമിക വിവരം. സാമ്പത്തിക പ്രശ്‌നങ്ങള്‍ ഇല്ലായിരുന്നു. നഗരത്തില്‍ കരിക്കാംകുളം ഫ്‌ലോറിക്കന്‍ റോഡിനു സമീപത്തെ വാടകവീട്ടില്‍ താമസിച്ചിരുന്ന ശ്രീജയ (76), പുഷ്പലളിത (66) എന്നിവരെയാണ് 9ന് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഒപ്പം കഴിഞ്ഞിരുന്ന സഹോദരന്‍ പ്രമോദിനെ (62) കാണാതായിരുന്നു. തുണി കൊണ്ട് പുതപ്പിച്ച നിലയിലായിരുന്നു മൃതദേഹങ്ങള്‍ കണ്ടെത്തിയത്. കൊല നടത്തി മൂന്ന് ദിവസം പിന്നിടുമ്പോഴും പ്രമോദിനെ കുറിച്ച് പൊലീസിന് വിവരമൊന്നും ലഭിച്ചിരുന്നില്ല. തിരച്ചില്‍ നടക്കുന്നതിനിടെയാണ് തലശ്ശേരിയില്‍ നിന്ന് പ്രമോദിന്റേതെന്ന് സംശയിക്കുന്ന ഒരു മൃതദേഹം കണ്ടെത്തിയത്.
സഹോദരിമാരുടെ മരണം കൊലപാതകമാണെന്നാണു പൊലീസിന്റെ പ്രാഥമിക നിഗമനം. രണ്ട് പേരും ശ്വാസംമുട്ടിയാണു മരിച്ചതെന്നാണു പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. തളര്‍ന്നു കിടപ്പിലായിരുന്നു ശ്രീജയ. ശ്രീജയ മരിച്ചുവെന്നു പ്രമോദ് ബന്ധു ശ്രീജിത്ത് ബാബുവിനെ ഫോണില്‍ വിളിച്ച് പറഞ്ഞിരുന്നു. തുടര്‍ന്നു ശ്രീജിത്തും ബന്ധുക്കളും ആറോടെ വീട്ടില്‍ എത്തിയപ്പോഴാണു രണ്ട് പേരെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സഹോദരങ്ങളെ ജീവനു തുല്യം സ്‌നേഹിക്കുകയും പരിപാലിക്കുകയും ചെയ്തു വര്‍ഷങ്ങളായി ഒപ്പം നില്‍ക്കുകയായിരുന്നു പ്രമോദ്. വിവാഹം കഴിക്കാതെ, ജോലി ഉപേക്ഷിച്ചു സഹോദരിമാര്‍ക്ക് വേണ്ടി ജീവിതം നീക്കിവച്ചയാളാണ് പ്രമോദ്.