പെരിന്തല്‍മണ്ണ: ജ്വല്ലറി പൂട്ടി വീട്ടിലേക്കു മടങ്ങിയ സഹോദരങ്ങളെ ആക്രമിച്ച് മൂന്നര കിലോ സ്വര്‍ണം കവര്‍ന്നു. പെരിന്തല്‍മണ്ണ കെഎം ജ്വല്ലറി ഉടമസ്ഥരായ കിനാത്തിയില്‍ യൂസഫ്, ഷാനവാസ് എന്നവരാണ് ആക്രമണത്തിന് ഇരയായത്. രാത്രി ജൂവല്ലറി പൂട്ടിയ ശേഷം സ്വര്‍ണവുമായി സ്‌കൂട്ടറില്‍ വീട്ടിലേക്കു മടങ്ങുക ആയിരുന്നു ഇരുവരും. ഇവരെ പിന്തുടര്‍ന്ന് കാറിലെത്തിയ സംഘം സ്‌കൂട്ടര്‍ ഇടിച്ചു വീഴ്ത്തിയ ശേഷം ആക്രമിച്ച് സ്വര്‍ണം കവരുക ആയിരുന്നു.

ഇന്നലെ രാത്രി ഒന്‍പതു മണിയോടെ പട്ടാമ്പി റോഡിലെ ജൂബിലി റോഡ് ജംക്ഷന് സമീപത്തായിരുന്നു ആക്രമണം. കാറില്‍ ഇരുവരെയും പിന്തുടര്‍ന്നെത്തിയ സംഘം ആദ്യം കാര്‍ ഇടിപ്പിച്ചു വീഴ്ത്തിയ ശേഷം കുരുമുളക് സ്േ്രപ അടിക്കുക ആയിരുന്നു. അലങ്കാര്‍ കയറ്റത്തിലെ വളവില്‍ ഇവരുടെ വീടിന് മുന്നിലെ ഗെയിറ്റില്‍ സ്‌കൂട്ടര്‍ എത്തിയ ഉടനെയായിരുന്നു ആക്രമണം. കാറിലുണ്ടായിരുന്നവര്‍ യൂസഫിന്റെ മുഖത്ത് കുരുമുളക് സ്‌പ്രേ അടിക്കുകയും മുഖത്തിടിക്കുകയും ചെയ്തശേഷം സ്വര്‍ണമടങ്ങിയ ബാഗ് തട്ടിപ്പറിച്ച് ചെര്‍പ്പുളശ്ശേരി ഭാഗത്തേക്കുവന്ന കാറില്‍ത്തന്നെ കടന്നു.

മൂക്കിന് ഇടിയേറ്റ പരുക്കുകളോടെ കിനാത്തിയില്‍ യൂസഫിനെ (50) പെരിന്തല്‍മണ്ണ മൗലാന ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുന്‍കൂട്ടി തയ്യാറാക്കിയ പദ്ധതി പ്രകാരമുള്ള ആക്രമണമെന്നാണ് കരുതുന്നത്. പതിവുപോലെഊട്ടി റോഡിലെ ജ്വല്ലറി പൂട്ടി സ്വര്‍ണവുമായി മടങ്ങുകയായിരുന്നു ഇരുവരും. വീടെത്തുന്നതിനു തൊട്ടുമുന്‍പാണു കവര്‍ച്ച നടന്നത്. കാറിലെത്തിയ നാലോളം പേര്‍ വരുന്ന സംഘമാണ് കവര്‍ച്ച നടത്തിയതെന്നാണ് പൊലീസില്‍ നല്‍കിയ പരാതി. അപ്രതീക്ഷിതമായി വാഹനം ഇടിച്ചിട്ട ശേഷം ഇരുവരുടെയും കണ്ണില്‍ കുരുമുളക് സ്പ്രേ പ്രയോഗിച്ചു.

പ്രതിരോധിക്കാന്‍ ശ്രമിച്ച യൂസഫിന്റെ മൂക്കിന് ശക്തിയായി ഇടിച്ചു. ശേഷം ബാഗിലും സ്‌കൂട്ടറിന്റെ സീറ്റിനടിയിലുമായി ഉണ്ടായിരുന്ന സ്വര്‍ണവുമായി കാറില്‍ രക്ഷപ്പെടുകയായിരുന്നുവെന്നാണു പറയുന്നത്. ഊട്ടി റോഡിലെ കെ.എം. ജൂവലറി ബില്‍ഡിങ് ഓടിട്ട കെട്ടിടത്തിലായതിനാല്‍ ആഭരണണങ്ങള്‍ കടയില്‍ സൂക്ഷിക്കാതെ രാത്രി ഉടമയുടെ വീട്ടിലേക്ക് ബാഗിലാക്കി കൊണ്ടുപോകുകയാണ് പതിവ്. ഇത് വ്യക്തമായി അറിയുന്നവരാകും കവര്‍ച്ചയ്ക്ക് പിന്നിലെന്നാണ് സംശയം. നഷ്ടപ്പെട്ട സ്വര്‍ണത്തിന് രണ്ടരക്കോടി രൂപയിലധികം വിലവരും.

വിവരം ലഭിച്ചയുടന്‍ തന്നെ പെരിന്തല്‍മണ്ണ സിഐ സുമേഷ് സുധാകരന്റെ നേതൃത്വത്തില്‍ പൊലീസ് വിവിധ സംഘങ്ങളായി തിരിഞ്ഞ് ഊര്‍ജിതമായ അന്വേഷണം തുടങ്ങി. പൊലീസ് സംഘം കാറിനെ പാലക്കാട് വരെ പിന്തുടര്‍ന്നു. കാറിന്റെ നമ്പര്‍ മനസ്സിലാക്കാനായെങ്കിലും ഇതു വ്യാജമാണെന്ന് സിഐ പറഞ്ഞു.