- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
''പറഞ്ഞാ മനസ്സിലാകില്ലേ...'' എന്ന ആക്രോശം കേട്ട് പരിസരം ശ്രദ്ധിച്ച ആറുവയസ്സുകാരൻ; എന്താണ് തെറ്റെന്ന് ആലോചിക്കുമ്പോഴേക്കും തലയ്ക്കടിയും വീണു; പ്രതികരിക്കും മുമ്പ് ചവിട്ടി തെറുപ്പിക്കൽ; ആ രാജസ്ഥാൻ പയ്യന്റെ നട്ടെല്ലിൽ നീർക്കെട്ടുണ്ടാക്കിയത് പണത്തിന്റെ അഹങ്കാരത്തിൽ; അന്ന് രാത്രി പ്രതിയെ രക്ഷിച്ചത് രാഷ്ട്രീയ ഇടപെടലോ? പൊന്ന്യംപാലത്തുകാരന് ലൈസൻസ് നഷ്ടമായേക്കും
കണ്ണൂർ: തലശ്ശേരിയിൽ കാറിൽ ചാരിനിന്നതിന് യുവാവ് ചവിട്ടിപ്പരിക്കേൽപിച്ച ആറുവയസ്സുകാരന് നട്ടെല്ലിൽ നീർക്കെട്ടാണ്. അത്ര ഗുരുതരമാണ് ചവിട്ട്. കാറിൽ ചാരിനിന്നതിന് കുട്ടിയെ ചവിട്ടി തെറിപ്പിക്കുക എന്നത് നമുക്കൊന്നും ചിന്തിക്കാൻ പോലും കഴിയാത്ത കാര്യം. ഈ കുട്ടി ചാരിനിന്നാൽ കാറിന് വല്ലതും സംഭവിക്കുമോ? കേരളത്തിലാണ് ഇത് നടന്നതെന്ന് വിശ്വസിക്കാൻ പറ്റുന്നില്ലെന്ന് പറഞ്ഞത് പ്രതിപക്ഷ നേതാവ് വിഡി സതീശനാണ്. എന്നാൽ കേരളത്തെ ഞെട്ടിച്ച ആ സംഭവത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഇനിയും പ്രതികരിച്ചിട്ടില്ല. പൊലീസ് സ്റ്റേഷനിൽനിന്ന് പ്രതിയെ വിട്ടയച്ചത് പ്രധാനപ്പെട്ട ആരോ വിളിച്ചു പറഞ്ഞിട്ടാണെന്ന ആരോപണവും അതിശക്തമാണ്.
സംഭവത്തിൽ പൊലീസിന് വീഴ്ചയുണ്ടായോ എന്ന് പരിശോധിക്കാൻ ക്രമസമാധാനച്ചുമതലയുള്ള എ.ഡി.ജി.പി. എം.ആർ. അജിത്ത്കുമാറിനെ ചുമതലപ്പെടുത്തിയെന്ന് ഡി.ജി.പി. അനിൽകാന്ത് അറിയിച്ചു. ഇതു പോലും ആഭ്യന്തര മന്ത്രിയുടെ ചുമതലയുള്ള മുഖ്യമന്ത്രിയുടെ ഭാഗത്തു നിന്ന് ഉണ്ടാകുന്നില്ല. കളികൊല്ലൂരിൽ പൊലീസുകാർ സൈന്യത്തെ തല്ലി ചതച്ചിട്ടും ഒന്നും സംഭവിച്ചില്ല. ഈ മൗനമാണ് പൊലീസിനെ വീഴ്ചകളിൽ നിന്ന് വീഴ്ചകളിലേക്ക് കൊണ്ടു പോകുന്നത്. അസോസിയേഷൻ നേതാക്കളുടെ പിന്തുണയുണ്ടെങ്കിൽ പൊലീസിലും ആർക്കും ഇഷ്ടം പോലെ കളിക്കാമെന്നതാണ് അവസ്ഥ. പൊലീസിനെ രാഷ്ട്രീയ വൽക്കരിച്ചവരാണ് ഇങ്ങനെ കാര്യങ്ങൾ കൊണ്ടു പോയത്.
പൊലീസിന്റെ മേൽ ശക്തമായ സമ്മർദം ചെലുത്തിയിട്ടാണ് പ്രതിയെ രാത്രി വിട്ടയച്ചത്. കുട്ടിയോടു ക്രൂരകൃത്യം ചെയ്തയാളെ പൊലീസ് സ്റ്റേഷനിൽനിന്ന് വിട്ടയയ്ക്കാൻ ആരാണ് ശുപാർശ ചെയ്തതെന്ന് പൊലീസ് വ്യക്തമാക്കണം. അത് പുറത്തറിയണം. അത് അറിഞ്ഞേ മതിയാകൂ- സതീശൻ പറഞ്ഞു. ചില മുന്നറിയിപ്പുകളും സതീശൻ നൽകുന്നുണ്ട്. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന കുട്ടിക്കും കുടുംബത്തിനും പൊലീസ് സംരക്ഷണം കൊടുക്കണം. ഇവർ പാവങ്ങളാണ്. അവരെ ഭയപ്പെടുത്താനും ഇവിടെനിന്ന് മാറ്റാനുമുള്ള ശ്രമങ്ങൾ ഉണ്ടായേക്കും. ആവശ്യമായ പൊലീസ് സംരക്ഷണം കൊടുക്കണം. അവരെ ഇവിടുന്ന് കാണാതായാലോ ആരെങ്കിലും വന്ന് ഭീഷണിപ്പെടുത്തിയാലോ അതിന്റെ ഉത്തരവാദിത്തം കൂടി പൊലീസ് ഏറ്റെടുക്കണമെന്നാണ് ആവശ്യം. ഇതിനുള്ള സാധ്യതകൾ ഏറെയാണ്. രാജസ്ഥാനിൽ നിന്നുള്ള നാടോടികൾ സംസ്ഥാനം വിട്ടാൽ ഈ കേസ് തന്നെ അട്ടിമറിക്കപ്പെടും.
പ്രതിയുടെ ലൈസൻസ് റദ്ദാക്കും. ലൈസൻസ് റദ്ദാക്കാതിരിക്കാൻ കാരണമുണ്ടെങ്കിൽ നേരിട്ട് ഹാജരായി ബോധിപ്പിക്കാൻ നോട്ടീസ് നൽകി. എൻഫോഴ്‌സ്‌മെന്റ് ആർടിഒ എ സി ഷീബയാണ് കുട്ടിക്കെതിരായ അതിക്രമ കേസിലെ പ്രതിക്കെതിരെ നടപടി സ്വീകരിക്കാൻ നിർദ്ദേശം നൽകിയത്. പ്രതി നടത്തിയത് കുറ്റകരമായ നരഹത്യാ ശ്രമമാണെന്നാണ് പൊലീസ് റിമാൻഡ് റിപ്പോർട്ട് പുറത്തു വന്നിരുന്നു. ആദ്യം കുട്ടിയുടെ തലക്ക് ഇടിച്ച പ്രതി, കുട്ടി കാറിന് സമീപത്ത് നിന്നും മാറാതായതോടെ വീണ്ടും കാലുകൊണ്ട് ചവിട്ടുകയും ചെയ്തു. കുട്ടി തിരിഞ്ഞില്ലായിരുന്നുവെങ്കിൽ ചവിട്ടേറ്റ് കുട്ടിയുടെ മരണം വരെ സംഭവിക്കാമായിരുന്നുവെന്നാണ് റിമാൻഡ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്.
''പറഞ്ഞാ മനസ്സിലാകില്ലേ...'' എന്ന ആക്രോശം കേട്ടാവാം ആറുവയസ്സുകാരനായ ഗണേശൻ പരിസരം ശ്രദ്ധിച്ചത്. എന്താണ് തെറ്റെന്ന് ആലോചിക്കുമ്പോഴേക്കും തലയ്ക്കടിയും വീണുകഴിഞ്ഞിരുന്നു. പ്രതികരിക്കാനാവുംമുമ്പ് ചവിട്ടിത്തെറിപ്പിച്ച് അയാൾ കടന്നുപോകുമ്പോഴും തന്റെ തെറ്റെന്തെന്ന് ആ കുഞ്ഞിന് മനസ്സിലായിട്ടുണ്ടോ എന്ന് സംശയം. ഞെട്ടിക്കുന്ന ഈ കാഴ്ചകണ്ട് ചുറ്റുംകൂടിയവർ പ്രതികരിച്ചു. ചവിട്ടിവീഴ്‌ത്തിയ മുഹമ്മദ് ഷിഹാദ് അവിടെ കൂടിയവരോട് തന്റെ പ്രവൃത്തിയെ ന്യായീകരിച്ച് കടന്നുകളഞ്ഞു. എന്നാൽ, സി.സി.ടി.വി.യുടെ കണ്ണിൽനിന്നും അത് മറച്ചുവെക്കാൻ കഴിഞ്ഞില്ല. പുതിയ ബസ് സ്റ്റാൻഡിനു സമീപം മണവാട്ടി കവലയിൽ വ്യാഴാഴ്ച രാത്രി 8.30-നാണ് സംഭവം. രാജസ്ഥാനിൽനിന്ന് കളിപ്പാട്ടങ്ങൾ വിൽക്കാനെത്തിയ സംഘത്തിലെ ഗണേശൻ എന്ന കുട്ടിയാണ് ആക്രമണത്തിനിരയായത്.
സംഭവസ്ഥലത്തുനിന്ന് ബന്ധുക്കളോടൊപ്പം കുട്ടിയെ തലശ്ശേരി ജനറൽ ആശുപത്രിയിലേക്ക് ഓട്ടോറിക്ഷയിൽ നാട്ടുകാർ കയറ്റിവിട്ടെങ്കിലും ഭയംകാരണം അവർ ഡോക്ടറെ കാണാതെ സ്ഥലംവിട്ടു. ഇതറിഞ്ഞ് ഡിവൈഎഫ്ഐ. തലശ്ശേരി ബ്ലോക്ക് കമ്മിറ്റി അംഗം എം.കെ. ഹസ്സന്റെ നേതൃത്വത്തിലുള്ളവർ ബസ് സ്റ്റാൻഡിലെത്തി കുട്ടിയെ ആശുപത്രിയിലെത്തിച്ചു. സംഭവത്തെത്തുടർന്ന് വ്യാഴാഴ്ച രാത്രി പൊലീസ് കാർ നമ്പർ കണ്ടുപിടിച്ച് വിളിച്ചതോടെ ഷിഹാദ് കാറുമായി സ്റ്റേഷനിൽ ഹാജരായി. കാർ കസ്റ്റഡിയിൽവെച്ച് വെള്ളിയാഴ്ച രാവിലെ വരാൻപറഞ്ഞ് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു. സംഭവത്തിന്റെ സി.സി.ടി.വി. ദൃശ്യം സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ചതോടെ വെള്ളിയാഴ്ച ഏഴിന് പൊലീസ് യുവാവിനെ കസ്റ്റഡിയിലെടുത്തു. തെളിവെടുപ്പിനുശേഷം വെള്ളിയാഴ്ച ഉച്ചയ്ക്ക് അറസ്റ്റ് രേഖപ്പെടുത്തി. വധശ്രമം, കൈകൊണ്ട് അടിച്ച് പരിക്കേൽപ്പിക്കൽ, പൊതുസ്ഥലത്ത് വാഹനം നിർത്തി മാർഗതടസ്സമുണ്ടാക്കി എന്നീ കുറ്റങ്ങളാണ് ചുമത്തിയത്. ഇയാൾക്കെതിരെ വധശ്രമത്തിനും കേസ് എടുത്തു. കർശന നടപടി സ്വീകരിക്കുമെന്ന് കണ്ണൂർ ഡിഐജി വ്യക്തമാക്കി.
ക്രൂരതയിൽ പൊലീസിനോട് വ്യക്തത തേടുമെന്ന് ബാലാവകാശ കമ്മിഷനും പ്രതികരിച്ചു. ഷിനാദിനെ അന്ന് രാത്രി തന്നെ തന്നെ കസ്റ്റഡിയിൽ എടുത്തെങ്കിലും പൊലീസ് വിട്ടയച്ചിരുന്നു.പിന്നീട് ഇന്നലെ രാവിലെ കുട്ടിയെ മർദിക്കുന്ന ദൃശ്യം പ്രചരിച്ചതോടെയാണ് കേസെടുത്തത്.
മറുനാടന് മലയാളി ബ്യൂറോ