- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മദ്യക്കുപ്പിയും ഉപേക്ഷിച്ച ടീ ഷർട്ടും വീഡിയോയിൽ പകർത്തിയത് ബിഎസ്എൻഎൽ ഉദ്യോഗസ്ഥർ; പൊലീസ് വന്നത് രണ്ടു ദിവസം കഴിഞ്ഞ്; മോഷ്ടിച്ചത് സമാന്തര ടെലിഫോൺ എക്സ്ചേഞ്ചിനുള്ള സാധനങ്ങളും; ശരംകുത്തിയിലെ മൊബൈൽ ടവർ കേബിൾ മോഷണം ഗൗരവമേറിയത്
പത്തനംതിട്ട: ക്രമസമാധാന ചുമതലയുള്ള എഡിജിപി എം.ആർ. അജിത്കുമാർ ഏറ്റവുമധികം ശ്രദ്ധ ചെലുത്തുന്ന ശബരിമലയിലെ അതീവ സുരക്ഷാ മേഖലയായ ശരംകുത്തിയിൽ നിന്ന് ബിഎസ്എൻഎൽ മൊബൈൽ ടവർ കേബിളുകളും അനുബന്ധ സാമഗ്രികളും മോഷ്ടിച്ചു കടത്തിയതിൽ പൊലീസിന്റെ ഭാഗത്ത് നിന്നുണ്ടായത് വൻവീഴ്ച. വിവരമറിഞ്ഞ് ബിഎസ്എൻഎൽ ഉദ്യോഗസ്ഥർ വനംവകുപ്പിന്റെ സഹായത്തോടെ പ്രദേശത്ത് വരികയും പൊലീസിൽ പരാതി നൽകുകയും ചെയ്തിട്ടും അന്വേഷണം തുടങ്ങിയത് ഒരു ദിവസം കഴിഞ്ഞ്. ഇതിനോടകം മോഷ്ടിച്ച സാധനങ്ങളുമായി കള്ളന്മാർ മലയിറങ്ങി പട്ടാമ്പിയും മറ്റും കൊണ്ടു പോയി വിറ്റു. ഒരാഴ്ചയ്ക്കകം ഏഴു പേരെ പിടികൂടിയെങ്കിലും പൊലീസിന്റെ ഭാഗത്തെ വീഴ്ച സാധൂകരിക്കാൻ കഴിയാത്തതാണ്.
കട്ടപ്പന പുളിയന്മല സ്വദേശികളായ അയ്യപ്പദാസ്, വിക്രമൻ, ഷംനാസ്, രഞ്ജിത്ത്, അഖിൽ, അമീൻ, ജലീൽ എന്നിവരാണ് അറസ്റ്റിലായത്. ഒന്നുമുതൽ ആറുവരെ പ്രതികളെ പുളിയന്മലയിലും ജലീലിനെ പമ്പയിലും നിന്നുമാണ് പിടികൂടിയത്. കഴിഞ്ഞ 12 ന് രാത്രി 8.30 ന് ശേഷമാണ് മോഷണം നടന്നത്. ടവറിൽ കേടുപാടുകൾ വരുത്തിയ ശേഷം 280 മീറ്റർ ആർ.എഫ് കേബിൾ, 35 മീറ്റർ എർത്ത് കേബിൾ, 55 ഡി.സി കേബിളുകൾ, 100 മീറ്റർ ലാൻഡ്ലൈൻ കേബിൾ, ഒന്നര കിലോമീറ്റർ ദൂരം വലിക്കാവുന്ന 5 ജോഡി ലാൻഡ്ലൈൻ കേബിൾ, 50 മീറ്റർ 10/20/50 ലാൻഡ് ലൈൻ കേബിളുകൾ, 5 എംസിബി കേബിൾ എന്നിവയാണ് മോഷ്ടിച്ചത്. ഇതിന് രണ്ടര ലക്ഷം രൂപ വില വരും. ബി.എസ്.എൻ.എൽ ഡിവിഷണൽ എൻജിനിയറുടെ പരാതി പ്രകാരമാണ് കേസെടുത്തത്. ജില്ലാ പൊലീസ് മേധാവി വി. അജിത്തിന്റെ മേൽനോടത്തിൽ ഡിവൈ.എസ്പിമാർ അടങ്ങുന്ന പ്രത്യേകസംഘം രൂപീകരിച്ച് അന്വേഷണം ഊർജിതപ്പെടുത്തിയിരുന്നു. സൈബർ സെല്ലിന്റെ സഹായത്തോടെ മോഷ്ടാക്കളെ കണ്ടെത്തിയത്.
മോഷ്ടിച്ച സാധനങ്ങളിൽ ഡേറ്റ കാർഡ് അടക്കം സമാന്തര ടെലിഫോൺ എക്സ്ചേഞ്ച് നിർമ്മിക്കാൻ ഉപയോഗിക്കാവുന്നവയാണ്. വിവരത്തിന്റെ ഗൗരവം മനസിലാക്കി കേന്ദ്രഇന്റലിജൻസ് അന്വേഷണം തുടങ്ങി. മോഷണം പോയ വിവരം അറിഞ്ഞതിന് പിന്നാലെ ബിഎസ്എൻഎല്ലിന്റെ ഉന്നത ഉദ്യോഗസ്ഥർ സംഭവ സ്ഥലത്ത് ചെന്നു. വനംവകുപ്പിന്റെ സഹായത്തോടെ ഇവർ ഇവിടെ എത്തുമ്പോൾ സാധനങ്ങൾ മുഴുവൻ കടത്തിയിരുന്നു. ഉപയോഗിച്ച് വലിച്ചെറിഞ്ഞ മദ്യക്കുപ്പിയും ഉപേക്ഷിച്ച ടീ ഷർട്ടും സ്ഥലത്തുണ്ടായിരുന്നു. വനപാലകർ പ്രതികൾ പോയിരിക്കാൻ സാധ്യതയുള്ള പ്രദേശം മുഴുവൻ തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല. വിവരം പമ്പാ പൊലീസിൽ അറിയിച്ചെങ്കിലും പിറ്റേന്നാണ് പൊലീസ് എത്തിയതെന്ന് പറയുന്നു. ഇതിനോടകം വനത്തിൽ ഒളിച്ചിരുന്ന പ്രതികൾ തിരികെ എത്തി അവശേഷിപ്പിച്ച തെളിവുകൾ നശിപ്പിച്ച് കടന്നു കളഞ്ഞു. ബിഎസ്എൻഎൽ ഉദ്യോഗസ്ഥർ കാമറയിൽ പകർത്തിയ ദൃശ്യങ്ങൾ തിരുവല്ലയിലെയും കൊച്ചിയിലെയും ഉന്നത ഉദ്യോഗസ്ഥർക്ക് അയച്ചു കൊടുത്തിരുന്നു.
അതീവ സുരക്ഷാ മേഖലയാണ് ശരംകുത്തി. 24 മണിക്കൂറും പ്രവർത്തിക്കുന്ന നിരീക്ഷണ കാമറയും അതിന് കൺട്രോൾ റൂമും ഉണ്ട്. കൺട്രോൾ റൂമിൽ ദൃശ്യങ്ങൾ നിരീക്ഷിക്കാൻ ചുമതലപ്പെടുത്തിയ ആൾക്കാരുമുണ്ട്. ബിഎസ്എൻഎൽ ജീവനക്കാർ പകർത്തിയ ദൃശ്യങ്ങൾ വാങ്ങി പൊലീസ് നടത്തിയ പരിശോധനയിൽ കാണപ്പെട്ട ഉപേക്ഷിക്കപ്പെട്ട മദ്യക്കുപ്പിയുടെ ലേബൽ പരിശോധിച്ചതിൽ നിന്നും എരുമേലിയിലെ ബിവറേജസ് ഔട്ട്ലെറ്റിൽ നിന്നുമാണ് മദ്യം വാങ്ങിയതെന്ന് കണ്ടെത്തി. അവിടുത്തെ സിസിടിവി ദൃശ്യങ്ങൾ നോക്കി അതിന്റെ അടിസ്ഥാനത്തിൽ ആളെ തിരിച്ചറിയുകയും പിന്നീട് ശബരിമല പാതയിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് പ്രതികളെ മുഴുവൻ ലൊക്കേറ്റ് ചെയ്യുകയും ചെയ്തു. ബിഎസ്എൻഎൽ ഉദ്യോഗസ്ഥർ ആദ്യ ദിവസം ചെന്ന് ദൃശ്യങ്ങൾ പകർത്തിയില്ലായിരുന്നുവെങ്കിൽ പൊലീസിന്റെ അന്വേഷണം കഠിനമാകുമായിരുന്നു.
മോഷ്ടിക്കപ്പെട്ട സാധനങ്ങൾക്കൊപ്പമുള്ള ഡേറ്റ കാർഡ് ഏറെ പ്രധാനപ്പെട്ടതാണ്. കോളുകൾ വിളിക്കുകയും സ്വീകരിക്കുകയും ചെയ്യുന്നത് ഇതു വഴിയാണ്. ഈ കാർഡ് ഉപയോഗിച്ച് സമാന്തര സംവിധാനം ഒരുക്കാനും കഴിയും. ആദ്യം എരുമേലിയിൽ കൊടുത്ത സാധനം പിന്നീട് പട്ടാമ്പിയിൽ വിറ്റുവെന്നാണ് മൊഴി. ഇത് അന്വേഷിച്ച് പൊലീസ് സംഘം പോയിട്ടുണ്ട്. ഇതിന് പിന്നാലെ കേന്ദ്ര ഐ.ബി ഉദ്യോഗസ്ഥരുമെത്തി.
നാഴികയ്ക്ക് നാൽപ്പതുവട്ടം പൊലീസിന്റെ സുരക്ഷാ ഓഡിറ്റിങ്, തന്ത്രപ്രധാന മേഖയിലെ നുഴഞ്ഞു കയറ്റം അറിഞ്ഞില്ല. ഡിജിപി എം.ആർ. അജിത്കുമാറിന്റെ നേരിട്ടുള്ള മേൽനോട്ടത്തിലാണ് ശബരിമലയിലെ സുരക്ഷ. നാഴികയ്ക്ക് നാൽപ്പതു വട്ടം സുരക്ഷാ ഓഡിറ്റിങ് നടത്തും. പലപ്പോഴും എഡിജിപി നേരിട്ടുമെത്തും. അത്ര നീരീക്ഷണമുള്ള ഭാഗത്താണ് വളരെ കൂളായി ഏഴംഗസംഘം കടന്നു കയറി മോഷണം നടത്തിയത്. കേരളാ പൊലീസിന്റെ സുരക്ഷാ സംവിധാനം എത്രത്തോളമുണ്ടെന്ന് തെളിയിക്കുന്നതാണ് ഈ സംഭവം. വൻ സുരക്ഷാ വീഴ്ച ലഘൂകരിച്ച് കാണിക്കാനാണ് പൊലീസ് ശ്രമിക്കുന്നത്.
ഏഴംഗസംഘം ത്രിവേണി വഴി വലത്തേക്ക് തിരിഞ്ഞ് കാട്ടിലൂടെ കയറിയാണ് ചെളിക്കുഴിയിലെത്തിയത്. ശബരിമല നട തുറക്കാത്ത സമയങ്ങളിലും കർശന സുരക്ഷ ഇവിടെ വേണമെന്നാണ്. എന്നാൽ, എത്ര മാത്രം ലാഘവത്തോടെയാണ് സുരക്ഷാ സംവിധാനങ്ങൾ പ്രവർത്തിക്കുന്നത് എന്നതിന് തെളിവായി കേബിൾ മോഷണം. മോഷണ വിവരം പുറത്തറിയുകയും ഹൈന്ദവ സംഘടനകൾ പ്രക്ഷോഭവുമായി രംഗത്തു വരികയും ചെയ്തതോടെയാണ് പൊലീസ് ഉണർന്നത്.
ജില്ലാ പൊലീസ് മേധാവി വി. അജിത്തിന്റെ നേതൃത്വത്തിൽ ഡിവൈ.എസ്പിമാരുടെ സംഘം കഴിഞ്ഞ ദിവസം പമ്പയിലെത്തി പരിശോധന നടത്തിയിരുന്നു. ശരംകുത്തിയിലെ നിരീക്ഷണ കാമറകളിൽ നിന്നാണ് പ്രതികളെ കുറിച്ച് വിവരം ലഭിച്ചതെന്നാണ് സൂചന.
പ്രതികളിൽ അയ്യപ്പദാസ്, മുഹമ്മദ് ജലീൽ, വിക്രമൻ എന്നിവർ കഴിഞ്ഞ മുപ്പതോളം വർഷമായി ശബരിമലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവരാണ്. ജലീൽ 14-ാം വയസിൽ ശബരിമലയിലെത്തിയ ആളാണ്. പമ്പ-ശബരിമല പാതയിൽ കച്ചവടവുമായി പ്രവർത്തിക്കുന്ന ഇവർക്ക് കാട്ടിലെ ഊടുവഴികൾ മനഃപാഠമാണ്. ഇവരാണ് മോഷണം ആസൂത്രണം ചെയ്തത്. നടപ്പാക്കുന്നതിനായി മറ്റു പ്രതികളെ വിളിച്ചു വരുത്തി. എവിടെ നിന്ന് കാട്ടിലേക്ക് കയറണം, എവിടെയൊക്കെ കാമറകളുണ്ടാകുമെന്നൊക്കെയുള്ള വിവരം മൂന്നംഗ സംഘം മറ്റുള്ളവർക്ക് നൽകി. ഒപ്പം പൊലീസിന്റെയും വനംവകുപ്പിന്റെയും അനാസ്ഥ കൂടിയായതോടെ കാര്യങ്ങൾ എളുപ്പമായി.
ശ്രീലാല് വാസുദേവന് മറുനാടന് മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്