- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അയ്യങ്കുന്നിൽ ബഫർ സോൺ മാർക്കിങ് നടത്തിയത് കർണാടകയിലെ കൺസൾട്ടൻസി കമ്പനിയെന്ന് സൂചന; നാലു വാർഡുകളിലും ഇരിട്ടിയിലെ രണ്ടിടങ്ങളിലും ഉൾപ്പെടെ 16 സ്ഥലങ്ങളിൽ ദിവസങ്ങൾക്കു മുൻപ് ചുവന്ന പെയിന്റു കൊണ്ടു മാർക്കു ചെയ്തു; ഒന്നുമറിയില്ലെന്ന് ജില്ലാ കലക്ടറും; അന്വേഷണം ശക്തമാക്കി കേരളം
കണ്ണൂർ: കേരളത്തിന്റെ മണ്ണിൽ കർണാടക നടത്തിയ ബഫർ സോൺ മാർക്കിടലിനെ ചൊല്ലിയുള്ള വിവാദങ്ങൾ തുടരുമ്പോഴും വ്യക്തമായ സൂചനകൾ ലഭിച്ചെന്നു സൂചന. കണ്ണൂർ ജില്ലയിലെ മലയോര പഞ്ചായത്തായ അയ്യങ്കുന്നിലെ നാലു വാർഡുകളിലും ഇരിട്ടിയിലെ രണ്ടിടങ്ങളിലും ഉൾപ്പെടെ 16 സ്ഥലങ്ങളിൽ ദിവസങ്ങൾക്കു മുൻപ് ചുവന്ന പെയിന്റു കൊണ്ടു കർണാടകയിൽ നിന്നെത്തിയവർ വരച്ചു വെച്ചിരുന്നു. ഈ സംഭവത്തിനു പിന്നിൽ കർണാടകയിലെ കൺസൾട്ടൻസി ഏജൻസിയാണെന്ന സൂചനയാണ് സംസ്ഥാന സർക്കാരിന് ലഭിച്ചത്.
കേരളത്തിന്റെ ഭൂമിയിൽ തങ്ങൾ യാതൊരുവിധ മാർക്കിടലും നടത്തിയിട്ടില്ലെന്ന കർണാടകയുടെ വിശദീകരണം മുഖവിലയ്‌ക്കെടുത്തു കൊണ്ടു ബാഹ്യ ഏജൻസികളെ കേന്ദ്രികരിച്ചാണ് സംസ്ഥാനം അന്വേഷണം നടത്തിയത്. സംഭവത്തിൽ ജില്ലാ കലക്ടർ എസ്. ചന്ദ്രശേഖർ, സിറ്റി പൊലിസ് കമ്മിഷണർ ആർ. അജിത്ത്കുമാർ എന്നിവർ കർണാടക ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടു പ്പോൾഈ കാര്യത്തിൽ തങ്ങൾക്ക് പങ്കൊന്നുമില്ലെന്ന മറുപടിയാണ് ലഭിച്ചത്. കർണാടകയുമായി അതിർത്തി പങ്കിടുന്ന ഇരിട്ടി അയ്യൻ കുന്നിലെ നാലു വാർഡുകളിലെ പന്ത്രണ്ട് സ്ഥലങ്ങളിലാണ് കന്നഡ സംസാരിക്കുന്ന മാന്യമായി വേഷം ധരിച്ചവർ വാഹനവുമായെത്തി മാർക്കിട്ട് കടന്നു കളഞ്ഞത്.
പഞ്ചായത്തിലെ ജനവാസ മേഖലയിലും കൃഷിയിടങ്ങളും നടത്തിയ അടയാളപ്പെടുത്തലുകൾ ആരാണ് നടത്തിയത് എന്ന് കണ്ടെത്താൻ ആ സമയം റവന്യൂ അധികൃതർക്കയില്ല. സംഭവത്തിൽ അടിമുടി ദുരൂഹത നിന്നതിനാലാണ് നിജസ്ഥിതി കണ്ടെത്താൻ കൂടുതൽ അന്വേഷണമാരംഭിച്ചത്. ഇരു സംസ്ഥാനങ്ങളുടെയും അതിർത്തി പ്രദേശം എന്ന നിലയിലും ബ്രഹ്മഗിരിവന്യജീവി സങ്കേതത്തോട് ചേർന്നുള്ള ജനവാസ മേഖല എന്ന നിലയിലും ബഫർ സോൺ അടയാളപ്പെടുത്തലിനെതിരെ യുത്ത് കോൺഗ്രസ് പ്രതിഷേധ സമരം നടത്തിയിരുന്നു. കർണ്ണാടകയുടെ കുടക് ബ്രഹ്മഗിരി വന്യജീവി സങ്കേതത്തിൽ നിന്നും നിശ്ചിത അകലത്തിലുള്ളതാണ് എല്ലാ അടയാളപ്പെടുത്തലുകളും.
കർണാടക സംഘംഅടയാളപ്പെടുത്തിയിരിക്കുന്ന അയ്യൻകുന്നിലെ രണ്ടു വാർഡുകളുടെ ഭാഗങ്ങളെല്ലാം ബ്രഹ്മഗരി വന്യജീവി സങ്കേതത്തോട് ചേർന്നു കിടക്കുന്ന പ്രദേശങ്ങളുമാണ്. അതുകൊണ്ടുതന്നെയാണ് വന്യജീവി സങ്കേതത്തോട് ചേർന്നുള്ള കരുതൽ വനമേഖ എന്ന നിലയിൽ അടയാളപ്പെടുത്തലിന് ഏറെ പ്രധാന്യം കൈവന്നിരിക്കുന്നതെന്നാണ് റവന്യു വകുപ്പിന്റെ പ്രാഥമിക നിഗമനം.
അതേസമയം രണ്ട് സംസ്ഥാനങ്ങൾ തമ്മിൽ അതിരിടുന്ന വന മേഖലയോട് ചേർന്നുള്ള പ്രദേശങ്ങളെ കരുതൽ മേഖലയിൽ നിന്നും ഒഴിവാക്കണമെന്നാണ് വ്യവസ്ഥ മറികടന്നാണ് കർണാടകയുടെ നീക്കമെന്ന വിമർശനവും ഉയർന്നിട്ടുണ്ട്.. ഈക്കാരണം കൊണ്ടുതന്നെ ഇക്കാര്യത്തിൽ ആശങ്കയ്ക്ക് അടിസ്ഥാനമില്ലെന്നാണ് വനംവകുപ്പ് അധികൃതർ തറപ്പിച്ചു പറയുന്നത്.
ഉദ്യോഗസ്ഥർ ഇങ്ങനെ പറയുമ്പോഴും പഞ്ചായത്തിലെ എല്ലാ ഇടങ്ങിളിലും സമാന രീതിയിലുള്ള അടയാളപ്പെടുത്തലിന് പിന്നിലെ ലക്ഷ്യമെന്തെന്നകാര്യം വനം വകുപ്പിനെ അസ്വസ്ഥമാക്കുന്നുമുണ്ട്. അടയാളപ്പെടുത്തലിന് ഔദ്യോഗിക തലം ഇല്ലാഞ്ഞതിനാൽ കാര്യമാക്കേണ്ടെന്ന നിലപാടാണ് റവന്യു വകുപ്പിനും. എന്നാലും അറിയിപ്പ് പോലും നൽകാതെ ഏത് ഏജൻസിക്കും സർവ്വെ നടത്താനോ അടയാളപ്പെടുത്താനോ അവകാശം ഇല്ല. പിന്നെ എങ്ങനെ ഇത്രയും പ്രദേശത്ത് അടയാളപ്പെടുത്തൽ ഉണ്ടായി എന്നതും ഗൗരവമേറിയ കാര്യമായി മാറുകയാണ്.
സംഭവത്തിൽ യാതൊരു പങ്കുമില്ലെന്നാണ് കർണ്ണാടക അധികൃതർ പറയുന്നതെങ്കിലും കണ്ണൂർ ജില്ലാ ഭരണകൂടം വൈകിയാണെങ്കിലും ജാഗ്രതയിലാണ്. എ ഡി എം കെ.കെ. ദിവാകരനും തഹസിൽദാർ സി.വി. പ്രകാശനും മേഖലയിൽ നേരിട്ടെത്തി പരിശോധന നടത്തി. വനം ഉത്തര മേഖല സി സി എഫ് കെ.എസ്. ദീപയും സംഘവും മേഖലയിൽ എത്തിയത് വനം മന്ത്രിയുടേയും പ്രിൻസിപ്പൽ കൺസർവേറ്ററുടേയും നിർദ്ദേശപ്രകാരമാണെന്നാണ് സൂചന.
ഇരിട്ടിപാലത്തുംകടവിൽ ബാരാ പോൾ മിനി ജലവൈദ്യുത പദ്ധതിയുടെ കനാലിന് സമീപം അടയാളപ്പെടുത്തലിന് ആളുകൾ എത്തിയത് ശ്രദ്ധയിൽപ്പെട്ട പ്രദേശത്തെ കർഷകനായ ജോർജ് കുന്നത്ത് പാലക്കലിൽ നിന്നും ഇവർ വിവരങ്ങൾ ശേഖരിച്ചു. കന്നട ഭാഷ സംസാരിക്കുന്ന മൂന്നുപേർ ഇവിടെയെത്തി ഉപകരണങ്ങൾ ഉപയോഗിച്ച് മാർക്ക് ചെയ്യുന്നത് ശ്രദ്ധയിൽ പെട്ടതായും ഇദ്ദേഹം പറഞ്ഞു. പൊലീസ് സംഘം ജനപ്രതിനിധികളുടെയും നാട്ടുകാരുടെയും സഹായത്തോടെ പ്രദേശത്തെ വിവിധയിടങ്ങളിലെ നിരീക്ഷണ ക്യാമറകൾ പരിശോധിച്ചു വരികയാണ്.
കഴിഞ്ഞ ദിവസം ഇരിട്ടി മേഖലയിലെ പാലത്തുംകടവിലും കളിതട്ടുംപാറയിലും കണ്ട കാർ ഏതെന്ന് കണ്ടെത്താനുള്ള ശ്രമം തുടങ്ങി. നിരീക്ഷണ ക്യാമറയിൽ പതിഞ്ഞ കാറിന്റെ നമ്പർ തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല. ശാസ്ത്രീയമാർഗത്തിലൂടെ നമ്പർ കണ്ടെത്താൻ കഴിഞ്ഞാൽ അടയാളപ്പെടുത്തിയവരെ കണ്ടെത്താൻ കഴിയുമെന്ന വിശ്വാസത്തിലാണ് വനം , റവന്യു വകുപ്പുകൾ. കിളിയന്തറ, കൂട്ടുപുഴ ചെക്ക് പോസ്റ്റുകളിലെ നിരീക്ഷണ ക്യാമറകൾപരിശോധിക്കാനുള്ള നടപടികളും തുടങ്ങിയിട്ടുണ്ട്.
അയ്യൻ കുന്ന് ഗ്രാമപഞ്ചായത്ത് അംഗം ബിജോയി പ്ലാത്തോട്ടം, ഇരിട്ടി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് തോമസ് വർഗീസ്, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ജിൻസ്, ബിജിനിത്ത് കുറുപ്പൻ പറമ്പ് എന്നിവരും, കരിക്കോട്ടക്കരി പൊലീസ് അധികാരികളും നിരവധികർഷക സംഘടനാ പ്രതിനിധികളും കർണാടക മാർക്കിട്ട സ്ഥലങ്ങൾ പരിശോധിച്ചു. അടുത്ത ദിവസം അന്തർസംസ്ഥാന വിഷയമായ ബഫർ സോൺ മാർക്കിടൽ സംഭവത്തിലെ ദുരൂഹത നീക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് റവന്യു വകുപ്പ് അധികൃതർ.




