- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മോഷ്ടിച്ച ബൈക്കിന്റെ നിറവും രൂപവും മാറ്റി സഞ്ചാരം; പൊലീസ് കൈകാണിച്ചപ്പോൾ നിർത്താതെ പോയത് പണിയായി; പിന്തുടർന്ന് പിടികൂടിയിട്ടും കള്ളം പറഞ്ഞ് പിടിച്ച് നിൽക്കാൻ ശ്രമം; ബുള്ളറ്റ് മോഷണക്കേസിൽ പീഡനക്കേസ് പ്രതിയും കൂട്ടുകാരും അറസ്റ്റിൽ
പത്തനംതിട്ട: വീടിന്റെ പോർച്ചിൽ നിന്ന് മോഷ്ടിച്ച ബുള്ളറ്റ് ബൈക്ക് അല്ലറ ചില്ലറ രൂപമാറ്റവും നിറവ്യത്യാസവും വരുത്തി ഉപയോഗിച്ചു കൊണ്ടിരുന്ന പ്രതികൾ പിടിയിൽ. വാഹന പരിശോധന നടത്തിക്കൊണ്ടിരുന്ന പൊലീസിന് തോന്നിയ സംശയമാണ് മോഷണത്തിന്റെ ചുരുളഴിച്ചത്. പിടിയിലായവരിൽ ലൈംഗിക പീഡനം ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയുമുണ്ട്.
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചതുൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ഏഴംകുളം വയല അറുകാലിക്കൽ പടിഞ്ഞാറ് ഉടയാൻവിള കിഴക്കേതിൽ കണ്ണൻ എന്ന് വിളിക്കുന്ന ശ്യാം കുമാർ(22), ഏറത്ത് അറുകാലിക്കൽ വടക്കടത്തുകാവ് കുഴിവിള പുത്തൻവീട്ടിൽ നിന്നും, ആലപ്പുഴ കൃഷ്ണപുരം രണ്ടാംകുറ്റി ബസീല മൻസിൽ വീട്ടിൽ താമസിക്കുന്ന ഷാജഹാന്റെ മകൻ സിഹാസ് (22) എന്നിവരെയാണ് കൊടുമൺ പൊലീസ് പിടികൂടിയത്.
മൂന്നിന് പുലർച്ചെ ഒരു മണിയോടെ അങ്ങാടിക്കൽ ചന്ദനപ്പള്ളി പുല്ലാന്നിമണ്ണിൽ സ്റ്റാലിൻ പി ഷാജിയുടെ വീടിന്റെ മുൻവശം കാർ പോർച്ചിൽ വച്ചിരുന്ന ഒരു ലക്ഷം രൂപ വിലവരുന്ന റെഡ് ചില്ലി നിറത്തിലുള്ള ബുള്ളറ്റ് മോട്ടോർ സൈക്കിളാണ് ഇരുവരും ചേർന്ന് മോഷ്ടിച്ചത്. ഇരുചക്ര വാഹനങ്ങൾ മോഷ്ടിക്കുന്ന സ്ഥിരം കള്ളന്മാരുടെ വിവരങ്ങൾ പരമാവധി ശേഖരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതികൾ പിടിയിലായത്. ജില്ലാ പൊലീസ് മേധാവി സ്വപ്നിൽ മധുകർ മഹാജന്റെ നിർദ്ദേശാനുസരണം കൊടുമൺ പൊലീസ് ഇൻസ്പെക്ടർ പ്രവീണിന്റെ നേതൃത്വത്തിൽ പ്രത്യേക സ്‌ക്വാഡ് രൂപീകരിച്ചായിരുന്നു അന്വേഷണം.
എസ്ഐ അശോക് കുമാറിന്റെ നേതൃത്വത്തിലുള്ള വാഹന പരിശോധനാ സംഘത്തിന് മുന്നിൽ ഞായറാഴ്‌ച്ച കൊടുമൺ ചിരണിക്കൽ ശ്യാംകുമാർ മോഷ്ടിച്ച വാഹനവുമായി വന്ന് പെട്ടു. നിർത്താൻ പൊലീസ് ആവശ്യപ്പെട്ടുവെങ്കിലും ഇയാൾ പാഞ്ഞു പോയി. പൊലീസും പിന്നാലെ വച്ചു പിടിച്ചു. സിനിമ സ്റ്റൈലിൽ നടന്ന പാച്ചിലിൽ ഒടുവിൽ പറക്കോട് വടക്കടത്തുകാവ് റോഡിൽ, പറക്കോട് ഓർത്തഡോക്സ് പള്ളിക്ക് തെക്കുവശം പോക്കറ്റ് റോഡിൽ വച്ച് തടഞ്ഞ് പിടികൂടുകയായിരുന്നു. ബൈക്ക് ആരുടേതാണെന്ന ചോദ്യത്തിന് തന്റെതാണെന്ന് യുവാവ് കൂസലോ ഭാവവ്യത്യാസമോ കൂടാതെ പറഞ്ഞു.
ആർ സി ബുക്ക് ആവശ്യപ്പെട്ടപ്പോൾ കൈവശമില്ല എന്ന് മറുപടി പറഞ്ഞ ഇയാൾക്ക് , ബൈക്ക് വിശദമായി പരിശോധിച്ച പൊലീസ് മുന്നിലെ നമ്പർ ഇളകിപ്പോയ നിലയിൽ കണ്ടതിനെപ്പറ്റി ചോദിച്ചതോടെ ഉത്തരം മുട്ടി. അപകടത്തിൽപെട്ട് പോയതാണെന്നതുൾപ്പെടെയുള്ള ഇയാളുടെ മറുപടികളൊന്നും പൊലീസ് വിശ്വസിച്ചില്ല. പിന്നിലെ നമ്പർ പ്ലേറ്റ് പരിശോധിച്ച പൊലീസ് സംഘം സംശയം തീർക്കാൻ അവിടെ രേഖപ്പെടുത്തപ്പെട്ട നമ്പർ സ്റ്റേഷനിലെ ഇ ചെലാൻ മെഷീനിൽ പരിശോധിച്ചപ്പോൾ, ഇയാൾ പറഞ്ഞതെല്ലാം കള്ളമാണെന്ന് തെളിഞ്ഞു. ആലപ്പുഴ കറ്റാനത്തുള്ള അജോയ് സി ജെ എന്നയാളുടെ ഉടമസ്ഥതയിലുള്ള വാഹനത്തിന്റെ നമ്പരാണ് ഇതെന്ന് മനസ്സിലായി. തുടർന്ന് നടത്തിയ കൂടുതൽ ചോദ്യം ചെയ്യലിൽ ഇയാളുടെ സുഹൃത്തും കേസിലെ രണ്ടാം പ്രതിയുമായ സിഹാസിലേക്ക് പൊലീസ് എത്തി.
ശ്യാമിന്റെ പരിചയക്കാരനും, വടക്കടത്തുകാവിൽ മുമ്പ് താമസിച്ചിരുന്നതും, ഇപ്പോൾ കായംകുളം കൃഷ്ണപുരത്തു രണ്ടാം കുറ്റിയിൽ താമസിച്ചുവരുന്നയാളുമായ സിഹാസിലേക്ക് എത്തിയെങ്കിലും ശ്യാം വീണ്ടും കള്ളം പറഞ്ഞ് പൊലീസിനെ കുഴയ്ക്കാൻ ശ്രമിച്ചു. 70,000 രൂപ വിലസമ്മതിച്ചശേഷം, 30,000 അഡ്വാൻസ് നൽകി സിഹാസ് നൽകിയതാണ് വണ്ടിയെന്നതായിരുന്നു അടുത്ത കള്ളം. ബാക്കി തുക കൊടുക്കുമ്പോൾ, ആർ സി ബുക്കും മറ്റും നൽകാമെന്ന് പറഞ്ഞതായും തട്ടിവിട്ടു. ഇത് വിശ്വാസത്തിലെടുക്കാത്ത പൊലീസിന് ഇത് മോഷ്ടിക്കപ്പെട്ട ബൈക്ക് തന്നെയാണെന്ന് ഉറപ്പായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ചോദ്യം ചെയ്യൽ തുടർന്നപ്പോൾ കള്ളം പറഞ്ഞ് പിടിച്ചുനിൽക്കാനാവാതെ ശ്യാം സത്യം വെളിപ്പെടുത്താൻ തുടങ്ങി. വൈദ്യപരിശോധനയ്ക്ക് ശേഷം പൊലീസ് ഇയാളെയും കൂട്ടി സ്റ്റേഷനിലെത്തി.
പിന്നീട്, പറക്കോട് ബാറിന് സമീപമുള്ള ഒരു ഹോട്ടലിൽ ജോലി ചെയ്തുകൊണ്ടിരുന്ന സുഹൃത്ത് സിഹാസി അവിടെയെത്തി ശ്യാമിന്റെ സാന്നിധ്യത്തിൽ ചോദ്യം ചെയ്തു. താമസസ്ഥലവും മറ്റും പൊലീസിനോട് പറയുകയും, പണം വാങ്ങി ശ്യാമിന് ബൈക്ക് നൽകിയിട്ടില്ലെന്ന് വെളിപ്പെടുത്തുകയും ചെയ്തു. തുടർന്ന് പൊലീസിന് കാര്യങ്ങൾ എളുപ്പമായി. അപ്പോഴും സിഹാസിന്റെ താമസസ്ഥലത്തെപ്പറ്റി അവ്യക്തത ഉണ്ടായിരുന്നു. അതേക്കുറിച്ചും അന്വേഷണം നടത്തി. ഇയാളെയും കസ്റ്റഡിയിലെടുത്ത്, വൈദ്യപരിശോധനക്ക് ശേഷം സ്റ്റേഷനിലെത്തിച്ചു. പിന്നീട് സ്റ്റാലിൻ പി ഷാജിയെ വരുത്തി ബുള്ളറ്റ്, കാട്ടുകയും മോഷ്ടിക്കപ്പെട്ട ബൈക്ക് ആണെന്ന് തിരിച്ചറിയുകയും ചെയ്തു.
കൂടാതെ, എഞ്ചിൻ നമ്പർ, ചേസിസ് നമ്പർ എന്നിവ ആർ സി രേഖകളുമായി ഒത്തുനോക്കി ഉറപ്പാക്കുകയും ചെയ്തു. പ്രതികൾ എന്നുറപ്പിച്ചതിനെ തുടർന്ന് ശ്യാമിന്റെയും സിഹാസിന്റെയും അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. ഇരുവരുടെയും കുറ്റസമ്മതമൊഴിയും രേഖപ്പെടുത്തി. രണ്ടുപേരും ചേർന്ന് ബുള്ളറ്റ് മോഷ്ടിച്ച് നമ്പർ പ്ലേറ്റ് ഇളക്കി മാറ്റിയശേഷം, നിറം മാറ്റാൻ വേണ്ടി കാർബറേറ്ററിന്റെ ഇരുഭാഗത്തുമുള്ള കവറുകളിലെ വെള്ള പെയിന്റ് അടിച്ചുവെന്നും, ബ്രേക്ക് ലൈറ്റിന്റെ ഗ്രിൽ ഇളക്കിമാറ്റിയെന്നും, ടൂൾ കിറ്റ് ബോക്സിലിരുന്ന ആർ സി ബുക്ക് എടുത്തുമാറ്റിയെന്നും മറ്റും സമ്മതിച്ചു. തുടർന്ന്, പറക്കോട് ഉള്ള ഒരു സ്വകാര്യ ടൂറിസ്റ്റ് ഹോമിൽ പ്രതികൾ സൂക്ഷിച്ചുവച്ച നമ്പർ പ്ലേറ്റും, നിറം മാറ്റാൻ ഉദ്ദേശിച്ച സ്പ്രേ പെയിന്റും, ഇളക്കിയ ഗ്രില്ലും, വണ്ടിയുടെ ആർ സി ബുക്കും മറ്റും പ്രതികളുമായെത്തി നടത്തിയ തെളിവെടുപ്പിൽ കണ്ടെടുത്തു. വിരലടയാള വിദഗ്ദ്ധരെ എത്തിച്ച്, വിരലടയാളങ്ങൾ ശേഖരിക്കുന്നത് ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിച്ചു.
പൊലീസ് ഇൻസ്പെക്ടർക്കൊപ്പം എസ് ഐമാരായ സതീഷ് കുമാർ, അശോക് കുമാർ, എസ് സി പി ഒ അൻസർ, സി പി ഓമാരായ ഷിജു, കൃഷ്ണകുമാർ, അതുൽ, അജിത് എന്നിവരും ഉൾപ്പെട്ട സ്‌ക്വാഡ് ആണ് കേസിന്റെ അന്വേഷണം നടത്തി പ്രതികളെ പിടികൂടിയതും തുടർ നടപടികൾ സ്വീകരിച്ചതും. ശ്യാം കുമാർ അടൂർ പൊലീസ് സ്റ്റേഷനിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലും, മനപ്പൂർവമല്ലാത്ത നരഹത്യാശ്രമം, ലഹളയുണ്ടാക്കൽ, ദേഹോപദ്രവം ഏൽപ്പിക്കൽ, ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തൽ, പൊലീസിനെ ഉപദ്രവിക്കൽ തുടങ്ങിയ കേസുകളിലും പ്രതിയാണ്. കൂടാതെ, അടൂർ സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത ഒരു വാഹനമോഷണ കേസിൽ ഉൾപ്പെട്ടിട്ടുണ്ടെന്നും ചോദ്യം ചെയ്യലിൽ സമ്മതിച്ചിട്ടുണ്ട്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
ശ്രീലാല് വാസുദേവന് മറുനാടന് മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്