കൊച്ചി: ഡിസംബറിൽ ഹൈദരാബാദിലെ ജൂബിലി ഹിൽസിൽ നിന്നാണ് ഇതിന് മുമ്പ് 'ബിഹാറി റോബിൻ ഹുഡ് '(മുഹമ്മദ് ഇർഫാൻ) പിടിയിലായത്. തിങ്കളാഴ്ച കൊച്ചി പനമ്പള്ളി നഗറിൽ അറസ്റ്റിലായത് സംവിധായകൻ ജോഷിയുടെ വീട്ടിലെ മോഷണത്തിനും. റോബിൻഹുഡ് സിനിമകളിൽ കമ്പം കയറിയാണ് താൻ മോഷണത്തിലേക്ക് തിരിഞ്ഞതെന്ന് ഇർഫാൻ ഒരിക്കൽ പൊലീസിനോട് പറഞ്ഞിരുന്നു. പാവപ്പെട്ട കുടുംബത്തിലെ പെൺകുട്ടികളുടെ കല്യാണം, കോൺക്രീറ്റ് റോഡുകളുടെ നിർമ്മാണം എന്നിവയ്‌ക്കെല്ലാം മോഷണത്തിലൂടെ ലഭിക്കുന്ന പണം ഉപയോഗിക്കുന്ന അഭിനവ റോബിൻ ഹുഡ് കൊച്ചിയിൽ കുടുങ്ങിയത് സിസി ടിവി ദൃശ്യങ്ങൾ 'ചതിച്ചതോടെയാണ് '.

പ്രയോഗിച്ചത് പതിവ് ശൈലി; പക്ഷേ കേരള പൊലീസ് കിടുവാണ്

ചില്ലറ ദൂരമല്ല മുഹമ്മദ് ഇർഫാൻ കാറോടിച്ചെത്തിയത്. ബിഹാറിലെ സീതാമഡി എന്ന പട്ടണത്തിൽ നിന്ന് കൊച്ചി പനമ്പിള്ളി നഗറിലേക്ക് 2702 കിലോമീറ്റർ. കാറിലെത്താൻ വേണ്ടത് 54 മണിക്കൂർ. ഇത്രയും ദൂരം കാറോടിച്ചെത്തിയത് ഇന്റർനെറ്റിൽ പ്രദേശം പരതി പോഷ് ഏരിയ ആണെന്ന് മനസ്സിലാക്കിയാണ്. ഇർഫാൻ കൊച്ചി തിരഞ്ഞെടുത്തത് കേരളത്തിലെ സാമ്പത്തികമായി മുൻനിരയിലുള്ള നഗരമായതിനാലാകാമെന്ന് സിറ്റി പൊലീസ് കമ്മിഷണർ എസ്. ശ്യാംസുന്ദർ പറയുന്നു. കേരളത്തിലേക്ക് വരും മുൻപ് കൊച്ചിയിലെ ആഡംബര സ്ഥലങ്ങളെക്കുറിച്ച് ഇയാൾ ഗൂഗിളിൽ തിരഞ്ഞതായും അദ്ദേഹം പറഞ്ഞു.

സാധാരണഗതിയിൽ ഒരാഴ്ച വരെ സ്ഥലത്ത് തങ്ങിയ ശേഷമാകും വീട് കണ്ടെത്തുക. ഇത്തവണ അത്രയും ക്ഷമയുണ്ടായില്ല. സംവിധായകൻ ജോഷിയുടെ വീട് കണ്ടപ്പോൾ സാഹചര്യം അനുകൂലമാണെന്ന് തോന്നി. മതിൽ ചാടി ഉള്ളിലെത്തി. മതിൽ ചാടിയ വിധമൊക്കെ ഇർഫാൻ പൊലീസിന് കാട്ടി കൊടുത്തു.

വീട്ടിൽ ആളുള്ളതൊന്നും ഇർഫാന് പ്രശ്‌നമല്ല. മൂർച്ചയേറിയ ഉപകരണങ്ങൾ ഉപയോഗിച്ച് അടുക്കള ജനലിന്റെയോ വാതിലിന്റെയോ പൂട്ടുപൊളിച്ച് ഉള്ളിലെത്തി മോഷണം നടത്തും. ആഭരണങ്ങളാണ് കൂടുതൽ പ്രിയം. അര മണിക്കൂറിൽ താഴെ സമയം കൊണ്ട് എത്ര സുരക്ഷയുള്ള ലോക്കറും തകർത്ത് ആഭരണങ്ങളുമായി സ്ഥലം വിടും. സംവിധായകൻ ജോഷിയുടെ വീട്ടിലും ഏതാണ്ട് അര മണിക്കൂറേ ഇർഫാൻ ചെലവഴിച്ചിട്ടുള്ളൂ. ജോഷിയുടെ വീട്ടിൽ മോഷണത്തിന് ഇർഫാൻ ഉപയോഗിച്ചത് ഒരു സ്‌ക്രൂ ഡ്രൈവർ മാത്രം.

ശനിയാഴ്ച വെളുപ്പിനെ രണ്ടര മണിയോടെയാണ് ജോഷിയുടെ പനമ്പിള്ളി നഗറിലുള്ള വീട്ടിൽ മോഷണം നടന്നത്. 1.2 കോടി രൂപയുടെ സ്വർണ, വജ്രാഭരണങ്ങളാണ് മോഷണം പോയത്. സ്വർണം കൊണ്ടു പോയത് ജോഷിയുടെ മകന്റെ ഭാര്യയുടെ പെട്ടിയിലും. സ്വർണം സൂക്ഷിച്ചിരുന്ന ലോക്കർ പൂട്ടിയിരുന്നില്ല എന്നാണ് തങ്ങൾ മനസ്സിലാക്കുന്നതെന്ന് കമ്മിഷണർ പറഞ്ഞു. ഈ പ്രദേശത്തു തന്നെ മൂന്നു വീടുകളിൽ കൂടി മോഷണത്തിനായി ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. സാമ്പത്തികമായി മുന്നാക്കം നിൽക്കുന്നവർ താമസിക്കുന്ന മേഖല എന്നതുകൊണ്ടാവാം പനമ്പിള്ളി നഗർ തിരഞ്ഞെടുത്തത് എന്നാണ് പ്രാഥമികമായി മനസ്സിലാക്കുന്നതെന്നും കമ്മിഷണർ പറഞ്ഞു. മൂന്നു മണിയോടെ ഒരാൾ കാറിൽ കയറുന്നതിന്റെ ദൃശ്യങ്ങൾ ലഭിച്ചതാണ് കേസിൽ നിർണായകമായത്.

മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം പൂട്ടുപൊളിക്കാൻ ഇറങ്ങി

വിശന്നിരുന്ന് മോഷ്ടിക്കാനൊന്നും ബിഹാറി റോബിൻഹുഡിനെ കിട്ടില്ല. പനമ്പിള്ളി നഗറിലെ തലപ്പാക്കട്ടി ബിരിയാണി ഹൗസിൽ നിന്ന് മട്ടൻ ബിരിയാണി കഴിച്ച ശേഷമാണ് മുഹമ്മദ് ഇർഫാൻ സമ്പന്ന വീട് തേടിയിറങ്ങിയത്. തെളിവെടുപ്പിന്റെ ഭാഗമായി ബിരിയാണി ഹൗസിൽ എത്തിച്ചപ്പോൾ താനിരുന്ന സീറ്റും, ഓർഡർ എടുത്ത ആൾക്കാരെയും ഒക്കെ പൊലീസിന് കാട്ടി കൊടുത്തു. മട്ടൻ ബിരിയാണിക്ക് 300 രൂപ ബില്ലായെന്നും കാഷായിട്ടാണ് കൊടുത്തതെന്നും പറഞ്ഞു. ഗൂഗിൾ പേയിലാണ് പണം തന്നതെന്ന് വെയ്റ്റർ സംഗീത തർക്കിച്ചെങ്കിലും ഇർഫാൻ സമ്മതിച്ചില്ല. തനിക്ക് ഗൂഗിൾ പേയില്ലെന്നും സിസി ടിവി നോക്കാമെന്നുമായി ഇർഫാൻ. എന്തായാലും ബിരിയാണി തട്ടിയ ഇർഫാൻ 300 രൂപയ്ക്ക് പകരം ചില്ലറ തുകയല്ല തട്ടിയത്.

പരിസര നിരീക്ഷണവും സൂത്രത്തിലുള്ള അന്വേഷണവും

വെള്ളിയാഴ്ച രാത്രി ഏഴുമണിയോടെയാണ് മുഹമ്മദ് ഇർഫാൻ പനമ്പിള്ളി നഗറിലെത്തിയത്. കാർ റോഡരികിൽ പാർക്ക് ചെയ്ത ശേഷം പരിസരം നിരീക്ഷിക്കാനിറങ്ങി. ചിലരോടൊക്കെ സ്ഥലത്തെ സമ്പന്നർ താമസിക്കുന്ന ഏരിയ തന്ത്രത്തിൽ ചോദിച്ചുമനസ്സിലാക്കി. ഒൻപതുമണിയോടെ തിരിച്ചെത്തി പതിനൊന്നു മണിവരെ കാറിനുള്ളിൽ ആളുകൾ ഉറങ്ങാൻ കാത്തിരുന്നു. ഒന്നര മണിയോടെ മോഷണത്തിനിറങ്ങി. മൂന്നുവീടുകളിൽ പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും വാതിലോ ജനാലയോ തുറക്കാനായില്ല. ആദ്യം മൂത്തൂറ്റ് ജോർജ് അലക്സാണ്ടറിന്റെ വീടിന്റെ മതിൽ ചാടി അകത്തേക്ക് കയറി. ആൾ താമസമില്ലാത്ത അവിടെ ജനലുകൾക്കും ഗ്രിൽ ഉണ്ടായിരുന്നത് തടസ്സമായി. തൊട്ടടുത്ത മതിലിനുള്ളിലെ ഡോ. ജോജി ജോൺ വർക്കിയുടെ തുണ്ടിപ്പറമ്പിൽ വീട്ടിലേക്ക് കയറിയെങ്കിലും ഫലം കണ്ടില്ല. ജോഷിയുടെ വീടിനോടു ചേർന്നുള്ള ജോയ് സി. അഗസ്റ്റിന്റെ വീട്ടിലും അകത്തുകയറാൻ പഴുത് കിട്ടിയില്ല. പിന്നീടാണ് ജോഷിയുടെ വീട്ടിലെത്തിയത്. ഇവിടുത്തെ അടുക്കളഭാഗത്തെ ജനാല അഴിയില്ലാത്തതും എളുപ്പം പൊളിക്കാൻ പറ്റുന്നതുമായിരുന്നു. വെറുമൊരു സ്‌ക്രൂ ഡ്രൈവർ കൊണ്ടാണ് ഇർഫാൻ ജനൽപാളി പൊളിച്ചത്.

ജോഷിയുടെ മകനും സംവിധായകനുമായ അഭിലാഷ് ജോഷിയുടെ മുറിയും അതിലെ ലോക്കറും തുറന്ന നിലയിലായിരുന്നു. ഇത് ഇർഫാന്റെ പണി എളുപ്പമാക്കി. അഭിലാഷ് വീട്ടിലില്ലാതിരുന്നതിനാൽ ഭാര്യ വർഷയും കുട്ടികളും മറ്റൊരു മുറിയിലാണ് കിടന്നത്. ഇത് തുറക്കാനായിരുന്നു ആദ്യ ശ്രമം. പക്ഷേ, അകത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നതിനാൽ തുറന്നിട്ട മുറിയിലേക്ക് കയറി. ആഭരണങ്ങൾ സൂക്ഷിച്ചിരുന്ന വീട്ടിലെ ലോക്കർ പൂട്ടാതിരുന്നതും ഇർഫാന് കാര്യങ്ങൾ എളുപ്പമാക്കി.

പൊലീസിനെ പറ്റിക്കാൻ കോസ്റ്റിയൂം ചെയ്ഞ്ച്

പൊലീസിനെ വഴിതെറ്റിക്കാൻ മുഹമ്മദ് ഇർഫാൻ വേഷം മാറലും പരീക്ഷിച്ചു. മോഷണത്തിനായി കാറിൽ നിന്നിറങ്ങി വരുമ്പോൾ ധരിച്ചിരുന്നത് വെള്ള ടീഷർട്ടാണ്. അത് കളിസ്ഥലത്ത് ഊരിവെച്ച് ഉള്ളിലെ മെറൂൺ ടീഷർട്ടുമായി മോഷ്ടിക്കാൻ കണ്ടുവച്ച വീട്ടിലേക്ക് കയറി. ജോഷിയുടെ വീട്ടിലെ സി.സി.ടി.വി.യിൽ ടീഷർട്ടിന്റെ നിറം വ്യക്തമായിരുന്നു. ബാഗിൽ ആഭരണങ്ങളുമായി തിരിച്ചിറങ്ങി കാറിൽ കയറുന്നത് വെളുത്ത നിറത്തിലുള്ള ടീഷർട്ടിട്ടും. ക്രോസ് റോഡുകളിലൊന്നിൽനിന്നു കിട്ടിയ സി.സി.ടി.വി. ദൃശ്യത്തിൽ വെളുത്ത ടീഷർട്ടിട്ട് വരുന്നയാൾ മെയിൻ റോഡിൽ പാർക്ക് ചെയ്തിരുന്ന കാർ റിമോട്ട് ഉപയോഗിച്ച് തുറന്നതിനു ശേഷം അകത്തുകയറിയ ടീഷർട്ട് ആശയക്കുഴപ്പമുണ്ടാക്കി. എന്തായാലും ജോഷിയുടെ മകനും സംവിധായകനുമായ അഭിലാഷ് ജോഷിയുടെ ഭാര്യ വർഷയുടെ മൊഴി പൊലീസിന്റെ ആശയക്കുഴപ്പം മാറ്റി. സി.സി.ടി.വി. ദൃശ്യത്തിൽ കണ്ടത് തന്റെ ബാഗാണെന്ന് വർഷ ഉറപ്പിച്ചുപറഞ്ഞു.

ചെറുതാഴൂർ വീട്ടിലെ സിസി ടിവി

പനമ്പിള്ളി നഗർ എയ്റ്റ്ത് ക്രോസ് റോഡ് തുടങ്ങുന്നതിന് ഇടതുഭാഗത്തുള്ള ചെറുതാഴൂർ എന്ന വീട്ടിലെ സിസി ടിവിയിലാണ് മോഷണം നടത്തി മടങ്ങിയ ഇർഫാനെ കുടുങ്ങിയത്. എയ്റ്റ്ത് ക്രോസ് റോഡ് തുടങ്ങുന്നയിടത്തുനിന്ന് ഇടത്തേക്കുള്ള റോഡിനരികിലായാണ് ഇർഫാൻ വാഹനം പാർക്ക് ചെയ്തത്. ചെറുതാഴൂർ വീടിന്റെ വലതുവശത്തെ ജനാലയ്ക്കു മുകളിലായി തുറന്നുനിന്ന സി.സി.ടി.വിയിൽ ഇർഫാന്റെ ദൃശ്യം പതിഞ്ഞു.അന്വേഷണത്തോട് നല് രീതിയിൽ ഈ കുടുംബം പൊലീസിനോട് സഹകരിക്കുകയും ചെയ്തു. സംഭവം നടന്ന് 15 മണിക്കൂറിനുള്ളിൽ പ്രതിയെ പിടിക്കാൻ കഴിഞ്ഞത് പൊലീസിന് അഭിമാന നിമിഷമാണെന്ന് സിറ്റി പൊലീസ് കമ്മിഷണർ എസ്.ശ്യാം സുന്ദർ പറഞ്ഞു.