- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബംഗളൂരുവിൽ നിന്നു യാത്രക്കാരുമായി കൊച്ചിയിലേക്കു പോയ 'സോന' ബസിലെ ജീവനക്കാർ ലഹരി കടത്തിലെ കണ്ണികൾ; കൊച്ചിയിലേക്ക് ലഹരി എത്തുന്നതിന്റെ മറ്റൊരു സുരക്ഷിത മാർഗ്ഗമായി ബസുകൾ; ഉറങ്ങാതിരിക്കാനും ഉന്മേഷത്തിനും ലഹരിയെന്ന് ഡ്രൈവറുടെ മൊഴിയും; അന്തർ സംസ്ഥാന ബസുകളും ഇനി നിരീക്ഷണത്തിൽ
കൊച്ചി: കൊച്ചിയിലേക്ക് ലഹരി ഒഴുകുകയാണ്. കടൽ വഴി കടത്തുന്ന തീവ്രവാദ സംഘടനകൾ. വിമാനത്തിലും വരുന്നു മയക്കു മരുന്നും സ്വർണ്ണവും കൊച്ചിയിലേക്ക്. ഇതിനൊപ്പമാണ് സ്വകാര്യ ബസുകളും ലഹരി കടത്തിന്റെ വഴിയായി മാറുന്നത്. ബംഗളൂരുവിൽ നിന്നുള്ള ബസുകളിൽ മയക്കു മരുന്ന് കടത്ത് സജീവമാണ്. പല കടത്തുകാരും സുരക്ഷിത യാത്രയ്ക്ക് സ്വകാര്യ ബസുകളെയാണ് ആശ്രയിക്കുന്നത്. ഡ്രൈവർമാരും സഹായികളും പോലും മയക്കു മരുന്ന് കടത്തിന്റെ കണ്ണികളാണ്.
കഴിഞ്ഞ ദിവസം എക്‌സൈസ് നടത്തിയ പരിശോധനയിൽ ബസ് ജീവനക്കാരിൽനിന്ന് 2.5 ഗ്രാം ഹഷീഷ് ഓയിലും 15 ഗ്രാം കഞ്ചാവും പിടികൂടിയിരുന്നു. ഡ്രൈവറായ തൃശൂർ എടക്കുന്നി മണലിത്തറ പാണ്ടി വളപ്പിൽ അനന്തു (24), ക്ലീനർ തൃശൂർ മണലിത്തറ കുളങ്ങര അജികെ.നായർ (30) എന്നിവരെ അറസ്റ്റ് ചെയ്തു. വാളയാർ ടോൾ പ്ലാസയിൽ നടത്തിയ പരിശോധനയിലാണു 3 ലക്ഷം രൂപയിലേറെ രൂപ വിലവരുന്ന ലഹരി വസ്തുക്കൾ പിടികൂടിയത്. ബംഗളൂരുവിൽ നിന്ന് വാങ്ങിയ മയക്കുമരുന്നാണ് പിടികൂടിയതെന്നാണ് സൂചന.
ബെംഗളൂരുവിൽനിന്നു യാത്രക്കാരുമായി കൊച്ചിയിലേക്കു പോയ 'സോന' ബസിലെ ജീവനക്കാരിൽ നിന്നാണു ലഹരി വസ്തുക്കൾ പിടിച്ചത്. യാത്രയ്ക്കിടയിൽ ഇവർ ഹഷീഷും കഞ്ചാവും ഉപയോഗിച്ചിരുന്നെന്നും രക്ത സാംപിൾ പരിശോധനയിൽ എക്‌സൈസ് കണ്ടെത്തി. ദീർഘ ദൂരം യാത്ര ചെയ്യുമ്പോൾ ഉറങ്ങാതിരിക്കാനും ഉന്മേഷത്തിനുമായാണ് ഇവ ഉപയോഗിച്ചതെന്നാണ് ഇരുവരുടെയും മൊഴി. ഇരുവരുടെയും ലൈസൻസ് റദ്ദാക്കുന്നത് ഉൾപ്പെടെയുള്ള നടപടി ആരംഭിച്ചെന്നു മോട്ടർ വാഹന വകുപ്പ് അറിയിച്ചു. ഇവരെ പൊലീസ് വിശദമായി ചോദ്യം ചെയ്യും.
മയക്കു മരുന്ന് കടത്തിലെ കണ്ണിയാണ് ഇവരെന്ന സംശയം പൊലീസിനുണ്ട്. ഇവരെ ചോദ്യം ചെയ്ത് കൂടുതൽ വിവരങ്ങൾ കണ്ടെത്തി ബംഗളുരുവിലെ മയക്കു മരുന്ന് റാക്കറ്റിലേക്ക് എത്താനാകും ശ്രമം. സിന്തറ്റിക് ലഹരി വൻതോതിൽ കേരളത്തിലേക്ക് വരുന്നത് ബംഗ്ലൂരുവിൽ നിന്നാണ്. സ്വകാര്യ ബസുകൾ ഇതിന്റെ കേന്ദ്രങ്ങളായി മാറുന്നുവെന്ന സംശയം എക്‌സൈസിനുണ്ട്. അതുകൊണ്ട് തന്നെ വരും ദിവസങ്ങളിൽ പരിശോധന ശക്തമാക്കും.
മറുനാടന് മലയാളി ബ്യൂറോ