അഗലിഗഡ്: അലിഗഡില്‍ വ്യാപാരി അഭിഷേക് ഗുപ്തയുടെ കൊലപാതകവുമായി ബന്ധപ്പെട്ട കേസില്‍ ഹിന്ദു മഹാസഭയുടെ ദേശീയ ജനറല്‍ സെക്രട്ടറി പൂജാ ശകുന്‍ പാണ്ഡെ പൊലീസ് പിടിയില്‍. രാജസ്ഥാനിലെ ഭരത്പൂരില്‍ ഒളിവിലായിരുന്ന ഇവരെ പൊലീസ് അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കിയതിന് ശേഷം ജയിലിലാക്കി. പൂജയുടെ ഭര്‍ത്താവ് അശോക് പാണ്ഡെയും കൊലപാതകത്തിന് വേണ്ടി വാടകയ്ക്ക് ആളെ നിയമിച്ചതായി സംശയിക്കുന്ന മറ്റൊരാളെയും പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇവരുടെ നിര്‍ദ്ദേശപ്രകാരം വാടക കൊലയാളിയാണ് കൊലപ്പെടുത്തിയത് എന്നാണ് ആരോപണം.

സെപ്റ്റംബര്‍ 23-നാണ് അലിഗഡില്‍ അഭിഷേക് ഗുപ്ത കൊല്ലപ്പെട്ടത്. സംഭവത്തിന് പിന്നില്‍ സാമ്പത്തിക തര്‍ക്കമാണെന്നാണു പൊലീസ് നിഗമനം. അതേസമയം, അഭിഷേക് ഗുപ്തയുമായി പൂജയ്ക്ക് വ്യക്തിപരമായ ബന്ധമുണ്ടായിരുന്നുവെന്ന ആരോപണവും ബന്ധുക്കള്‍ ഉന്നയിക്കുന്നു. ഹാഥ്‌റസിലേക്കുള്ള ബസില്‍ കയറുന്നതിനിടെ വെടിയേറ്റാണ് അഭിഷേക് കൊല്ലപ്പെടുന്നത്. അഭിഷേകിനെ പൂജ ലൈംഗികമായി ചൂഷണം ചെയ്യ്തിരുന്നുരെന്നും ബന്ധം അവസാനിപ്പിച്ചതിലെ പകയാണ് കൊലയ്ക്ക് പിന്നില്‍ എന്നും അഭിഷേകിന്റെ കുടുംബം ആരോപിക്കുന്നു. എന്നാല്‍ ബിസിനസുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളാണ് കൊലപാതകത്തിന് കാരണം എന്നാണ് പോലീസ് പറയുന്നത്.

2019-ല്‍ മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വദിനത്തില്‍ ഗാന്ധിവധം പുനഃസൃഷ്ടിച്ച് വിവാദത്തിലായിരുന്ന പൂജാ ശകുന്‍ പാണ്ഡെ വീണ്ടും വാര്‍ത്തകളില്‍ ഇടംപിടിച്ചത്. 'മഹാമണ്ഡലേശ്വര്‍' എന്ന മതപരമായ പദവി വഹിക്കുന്ന അന്നപൂര്‍ണ മാ എന്നറിയപ്പെടുന്ന പൂജ ശകുന്‍ പാണ്ഡെ കൊലപാതകം നടന്ന രാത്രി മുതല്‍ ഒളിവിലായിരുന്നു. അവരെ അറസ്റ്റ് ചെയ്യുന്നവര്‍ക്ക് 50,000 രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. കൊലയാളികളായ ഷൂട്ടര്‍മാര്‍ക്ക് പൂജയെയും ഭര്‍ത്താവിനെയും 7-8 വര്‍ഷമായി പരിചയമുണ്ടൈന്ന് പൊലീസ് പറഞ്ഞു. ഒരു മാസം മുമ്പ് ഇവരുടെ വീട്ടില്‍ വെല്‍ഡിങ് ജോലിക്ക് വന്നപ്പോഴാണ് അഭിഷേക് ഗുപ്തയെ കൊലപ്പെടുത്താന്‍ കൊട്ടേഷന്‍ നല്‍കിയത്. അഞ്ച് ലക്ഷം രൂപയാണ് ഷൂട്ടര്‍മാര്‍ ആവശ്യപ്പെട്ട്. ഒടുവില്‍ മൂന്ന് ലക്ഷം രൂപക്ക് കരാറിലെത്തുകയായിരുന്നു എന്നും പൊലീസ് പറഞ്ഞു. ഒരു ലക്ഷം രൂപ അഡ്വാന്‍സായി നല്‍കുകയും ചെയ്തിരുന്നു.