ബംഗളുരു: 'സീറോ ഡെബ്റ്റ്' എന്നാതായിരുന്നു സി ജെ റോയ്യുടെ കോണ്‍ഫിഡന്റ് ഗ്രൂപ്പിന്റെ പോളിസി. കോടികളുടെ ബിസിനസ് സാമ്രാജ്യം കെട്ടിപ്പടുത്തപ്പോഴും ഒരു ലോണ്‍ പോലുമില്ലാതെ മുന്നോട്ട് പോകാന്‍ കഴിഞ്ഞതിനെക്കുറിച്ച് റോയ് പറഞ്ഞ വാക്കുകള്‍ അദ്ദേഹത്തിന്റെ മരണത്തിന് ശേഷവും വൈറലാണ്. ലോണ്‍ ഇല്ലാതെ വിജയകരമായി പടുത്തുയര്‍ത്തിയ ബിസിനസ് സാമ്രാജ്യത്തെക്കുറിച്ച് സി ജെ റോയ് അടുത്തിടെ ഒരു യുട്യൂബ് അഭിമുഖത്തില്‍ വ്യകതമാക്കിയതാണ്.

ആ അഭിമുഖത്തില്‍ അദ്ദേഹം പറയുന്നത് ഇങ്ങനെയാണ്: 'സ്വപ്നങ്ങളാണ് ഞങ്ങള്‍ വില്‍ക്കുന്നത്. പല ആളുകള്‍ക്കും സ്വപ്നമാണ് വീട്. അതൊരു ജീവിതകാല സമ്പാദ്യം കൂടിയാണ്. അതിനാല്‍ തന്നെ ഒരു ബില്‍ഡറായ ഞാനൊരു ലോണ്‍ എടുത്താല്‍ അതിന്റെ സുരക്ഷിതത്വം എന്താണ് എന്നതായിരുന്നു കോണ്‍ഫിഡന്റ് ഗ്രൂപ്പ് തുടങ്ങുമ്പോഴുള്ള ആദ്യത്തെ ചോദ്യം. നമ്മള്‍ ചെയ്യുന്ന പ്രൊജക്ടിലൊന്നും ലോണ്‍ ഉണ്ടായിരിക്കാന്‍ പാടില്ല. നാളെ റിസഷനും ബൂമുമൊക്കെ സംഭവിക്കാവുന്നതാണ് നമ്മുടെ സമ്പദ്വ്യവസ്ഥ. ലോണുണ്ടെങ്കില്‍ റിസെഷന്‍ വരുമ്പോള്‍ മാനേജ് ചെയ്യാന്‍ ബുദ്ധിമുട്ടാണ്. അപ്പോള്‍ നമ്മള്‍ വിറ്റ സ്വപ്നം എന്താകും. അതു കൊണ്ടാണ് നിര്‍മ്മാണത്തിനായോ പ്രൊജക്ടിനായോ ലോണ്‍ എടുക്കാത്തത്. ആ സ്വപ്ന ഭവനം കൃത്യമായി കൈമാറണം. എന്ത് റിസെഷന്‍ വന്നാലും ഒരു പദ്ധതി പോലും മുടങ്ങരുതെന്നായിരുന്നു ലോണ്‍ എടുക്കരുതെന്ന നിലപാടിന് പിന്നില്‍. രണ്ട് തവണ റിസെഷന്‍ വന്നപ്പോഴും ഒരു പദ്ധതി പോലും നിര്‍ത്തി വെയ്‌ക്കേണ്ടി വരാത്ത് സീറോ ഡെബ്റ്റ് പോളിസി കൊണ്ടാണെന്നായിരുന്നു''

ലോണില്ല, റീപേയ്‌മെന്റ് ഇല്ല, നിക്ഷേപകരില്ല, പ്രൈവറ്റ് ഇക്വിറ്റിയോ പ്രൈവറ്റ് ഫണ്ടോ ഇല്ലായെന്ന് അഭിമാനത്തോടെ പറയുന്ന ബിസിനസ്സുകാര്‍ അപൂര്‍വ്വമാണ്. സി ജെ റോയ് ഇത്തരത്തില്‍ അപൂര്‍വ്വമായ കാഴ്ചപ്പാടുകള്‍ കൂടി വെച്ചുപുലര്‍ത്തിയിരുന്ന ബിസിനസുകാരനായിരുന്നു. ലോണ്‍ കിട്ടില്ലെന്ന് വിചാരിച്ചാല്‍ മതി അപ്പോള്‍ ബിസിനസ് തുടങ്ങിയാല്‍ മറ്റ് സാധ്യതകള്‍ തേടുമെന്നതാണ് ലോണില്ലാതെ മുന്നോട്ടു പോകാനുള്ള ടിപ്പായി റോയ് ചൂണ്ടിക്കാണിച്ചത്.

അതേസമയം ഇങ്ങനെ കടബാധ്യതയില്ലാതെ മുന്നോട്ടു പോകുന്ന ബിസിനസുകാരന് എന്താണ് സമ്മര്‍ദ്ദത്തിലാക്കിയത് എന്നതില്‍ വ്യക്തത ഇനിയും വന്നിട്ടില്ല. അതേസമയം ദിവസങ്ങളായി തുടരുന്ന ആദായ നികുതി റെയ്ഡ് മൂലം സമ്മര്‍ദം കലശലായിട്ടുണ്ടെന്ന് റോയ് പലരോടും പറഞ്ഞിരുന്നു. ഇതിലേക്ക് വഴിവെച്ചത് എന്താണ് എന്നതാണ് ഉയരുന്ന ചോദ്യം. ദുരുഹമായ സാമ്പത്തിക ഇടപാടുകള്‍ അദ്ദേഹത്തിന് ഉണ്ടായിരുന്നോ എന്നതാണ് ചോദ്യം. ആദായ നികുതി വകുപ്പിന്റെ അന്വേഷണം അദ്ദേഹത്തിന് എത്തിയ ചില ഫണ്ടുകളെ കുറിച്ചാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ബിസനസ് സാമ്രാജ്യത്തിന്റെ തകര്‍ച്ച മുന്നില്‍ കണ്ട് ജീവനൊടുക്കി വി ജി സിദ്ധാര്‍ഥയുടെ അവസ്ഥ അടക്കം റോയിയുടെ മരണത്തില്‍ പരാമര്‍ശിക്കപ്പെടുനന്നുണ്ട്. കടം 8000 കോടിയിലെത്തിയപ്പോഴായിരുന്നു അദ്ദേഹം നേത്രാവതി പുഴയില്‍ ചാടി ജീവനൊടുക്കിയത്. പക്ഷേ പിന്നീട് കുടുംബം ആസ്തികള്‍ വിറ്റ് കടം വീട്ടി മുന്നോട്ടു പോകുന്നതാണു കണ്ടത്. എന്നാല്‍ റോയിക്ക് കടം ഇല്ലായിരുന്നു എന്നാണ് കുടുംബവും ആവര്‍ത്തിക്കുന്നത്. ഇതോടെ എന്താണ് സംഭവിച്ചത് എന്ന ചോദ്യം പ്രസക്തമാകുകയാണ്.''





36ാം വയസ്സില്‍ താന്‍ സ്വന്തമായി വിമാനം വാങ്ങിയെന്ന് ഇന്‍സ്റ്റഗ്രാമിലെ വീഡിയോയില്‍ റോയി പറയുന്നുണ്ട്. വിമാനത്തിന്റെ ചിത്രവുമുണ്ട്. പിന്നീട് ഹെലികോപ്റ്ററുകളും സ്വന്തമാക്കി. 12 റോള്‍സ് റോയ്‌സ്, ബുഗാറ്റി, ലാംബോര്‍ഗിനി പോലുള്ള കാറുകളുടെ വലിയ ശേഖരം. അത്തരം കാറുകള്‍ക്ക് വര്‍ഷം 60 ലക്ഷം രൂപ പരിപാലനച്ചെലവുണ്ട്.

ഒരു ബുഗാറ്റി കാറിന്റെ ടയറില്‍ ആണി തറച്ചപ്പോള്‍ നാലു വീലുകളും ഫ്രാന്‍സിലയച്ച് 6 മാസം കഴിഞ്ഞാണു തിരിച്ചെത്തിച്ചത്. ഒരുപഞ്ചര്‍ ഒട്ടിക്കാന്‍ ചെലവ് 50 ലക്ഷം! റോയി തന്നെയാണ് ഒരഭിമുഖത്തില്‍ ഇക്കഥ പറഞ്ഞത്. അവിടെയാണ് ഇനിയും ചുരുളഴിയാനുള്ള അനേകം രഹസ്യങ്ങളും ആത്മഹത്യയുടെ കാരണങ്ങളുമുള്ളത്. പൂജ്യം കടം എന്ന് അദ്ദേഹം എവിടെയും പറഞ്ഞിരുന്നു. ഇത് എങ്ങനെ പ്രായോഗികമാകും എന്ന ചോദ്യം ഉയര്‍ത്തുന്നവരും നിരവധിയാണ്.

സൂറിക്കില്‍നിന്ന് മാനേജ്‌മെന്റില്‍ പിഎച്ച്ഡിയുണ്ടെന്ന് പറയുന്ന റോയി കുറച്ചുകാലം എച്ച്പിയില്‍ ജോലി ചെയ്തിട്ടുമുണ്ട്. ബെംഗളൂരുവില്‍ തന്നെ ക്രിസ്റ്റല്‍ ഗ്രൂപ്പിന്റെ മാനേജരും ഡയറക്ടറുമായിരുന്നു. ആ ഗ്രൂപ്പും തകര്‍ന്നു പോയി. അത്യാംഡബര വില്ലകളും വീടും റോയിക്കു സ്വന്തമായുണ്ടായിരുന്നെങ്കില്‍, കോണ്‍ഫിഡന്റ് അത്തരം പാര്‍പ്പിടങ്ങളല്ല വിറ്റിരുന്നത്. ഇടത്തരക്കാരുടെ പോക്കറ്റിന് ഇണങ്ങുന്നവയായിരുന്നു. അതില്‍നിന്ന് ഇത്രയധികം പണം സമ്പാദിക്കാന്‍ കഴിയില്ലെന്ന് മാനേജ്‌മെന്റ് വിദഗ്ധരും പറയുന്നു. പണത്തിന്റെ സ്രോതസ് തേടിപ്പോയപ്പോഴാണ് ആത്മഹത്യയില്‍ അഭയം പ്രാപിക്കേണ്ടി വന്നതെന്നതാണ് റോയിയുടെ കഥയെ ഏറെ നിഗൂഢതകള്‍ നിറഞ്ഞതാക്കുന്നത്.

ആഡംബരം നിറഞ്ഞ ജീവിതം

ആഢംബരം നിറഞ്ഞ ജീവിതമയായിരുന്നു റോയിയുടേത്. ദുബായിലെ എമിറേറ്റ്‌സ് ഹില്‍സില്‍ അത്യാഡംബര വില്ലയിലായിരുന്നു ഭാര്യ ലിനിയും മകന്‍ രോഹിതും മകള്‍ റിയയും ഒരുമിച്ചുള്ള താമസം. മക്കള്‍ രണ്ടും പഠനം കഴിഞ്ഞ് കോണ്‍ഫിഡന്റില്‍ വിവിധ ചുമതലകളിലായിരുന്നു. മകന്‍ രോഹിത് കോണ്‍ഫിഡന്റ് യുഎഇയുടെ (വേറേ കമ്പനി) എംഡിയാണ്. മകള്‍ റിയ എക്‌സിക്യൂട്ടീവ് ഡയറക്ടറും. സ്വന്തമായി ഗോള്‍ഫ് കോഴ്‌സ് വികസിപ്പിച്ച ആദ്യ മലയാളി എന്ന് റോയ് അഭിമാനിച്ചിരുന്നു.




റോയിയുടെ ഇന്‍സ്റ്റഗ്രാം പേജില്‍ അത്യാഡംബരങ്ങളുടെ ഘോഷയാത്രയാണ്. റോയിയുടെ വാക്കുകളില്‍ ആത്മവിശ്വാസം കാണാം. 'ചപ്പല്‍ ധരിച്ച് റോള്‍സ് റോയ്‌സ് ഓടിക്കാം. ഞാന്‍ എന്റെ റൂള്‍സ് എഴുതുന്നു. അതനുസരിച്ചാണു ജീവിതം. മറ്റുള്ളവരുടെ റൂള്‍സ് അനുസരിച്ചല്ല' എന്നും റോയ് ഒരിക്കല്‍ പറഞ്ഞു. സിനിമാമേഖലയിലേക്കും റോയ് കടന്നു. കാരുണ്യ പ്രവര്‍ത്തനങ്ങളിലും ഏര്‍പ്പെട്ടു. 201 കുട്ടികള്‍ക്ക് ഒരുകോടി രൂപ സ്‌കോളര്‍ഷിപ് നല്‍കുന്നതുപോലുള്ള വമ്പന്‍ പദ്ധതികള്‍. അതില്‍ നിന്നു പ്രശസ്തിയുണ്ടായിരുന്നു. പ്രതിഛായയും.

'ചപ്പല്‍ ധരിച്ച് റോള്‍സ് റോയ്‌സ് ഓടിക്കാം. ഞാന്‍ എന്റെ റൂള്‍സ് എഴുതുന്നു. അതനുസരിച്ചാണു ജീവിതം. മറ്റുള്ളവരുടെ റൂള്‍സ് അനുസരിച്ചല്ല'' എന്നതായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍. കേരളത്തിലും ബെംഗളൂരുവിലും യുഎഇയിലുമായി പടര്‍ന്നു കിടക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ പാര്‍പ്പിട പദ്ധതികള്‍. 200ലേറെ പദ്ധതികളാണ് 2006ല്‍ കോണ്‍ഫിഡന്റ് സ്ഥാപിതമായ ശേഷം നടപ്പാക്കിയത്. പൂജ്യം കടമുള്ള കമ്പനി എന്നു പരസ്യം ചെയ്തിരുന്നു. ഫ്‌ലാറ്റ് പദ്ധതികളില്‍ ഓഫറുകള്‍ വാരിക്കോരി നല്‍കി ഇടപാടുകാരെ ആകര്‍ഷിച്ചിരുന്നു. അപ്രതീക്ഷിതമായിരുന്നു റോയിയുടെ നീക്കങ്ങള്‍. വില്‍പന തന്ത്രങ്ങളും.

കൊച്ചി കാക്കനാട്ട് 2 പ്ലോട്ടുകള്‍ വാങ്ങി വളരെ പ്രചാരണം നടത്തി 100 ഫ്‌ലാറ്റുകള്‍ ആദ്യം പണിതു. തുടക്കത്തില്‍ മെല്ലെപ്പോക്കായിരുന്നു. അക്കാലത്ത് ഒരു ചാനലിലെ മ്യൂസിക് പ്രോഗ്രാമിന്റെ സ്‌പോണ്‍സറായി. വെറും 5 ലക്ഷം രൂപ. ഒന്നാം സമ്മാനം ഒരു കോടിയുടെ ഫ്‌ലാറ്റ് എന്ന പരസ്യം ആളുകളെ ആകര്‍ഷിച്ചു. എല്ലാ ഫ്‌ലാറ്റുകളും വിറ്റുപോയി. അവിടെ നിന്നാണ് കേരളത്തിലെ പ്രോജക്ടുകളുടെ ആരംഭം.

ബെംഗളൂരുവിലും ദുബായിയിലുമെല്ലാം ആഡംബര ജീവതമായിരുന്നു റോയിയുടേത്. കാസനോവ പോലെ മലയാളത്തിലും കന്നഡയിലും ചില സിനിമകളുടെ നിര്‍മാതാവും ടിവി ഷോകളുടെ സ്‌പോണ്‍സറുമായിരുന്നു. ദുബായിലും മറ്റും അദ്ദേഹത്തിന്റെ വിരുന്നുകള്‍ ആഡംബരവും ആഘോഷവും കൊണ്ടു പ്രശസ്തമായിരുന്നു. മികച്ച ഓഡിറ്റിങും സാമ്പത്തിക കാര്യങ്ങള്‍ മാനേജ് ചെയ്യാന്‍ പ്രഫഷലായ സിഎഫ്ഒയും ഉണ്ടായിരുന്നെങ്കില്‍ ദുരന്തം ഉണ്ടാവില്ലായിരുന്നുവെന്നു പറയുന്നവരുണ്ട്. എങ്കിലും സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്യാന്‍ മാത്രം എന്തായിരുന്നു റോയിക്ക് ഉണ്ടായിരുന്ന പ്രശ്‌നം എന്ന ചോദ്യം ബാക്കിയായി നില്‍ക്കുകയാണ്. ഈ ചോദ്യത്തിന് ഉത്തരം നല്‍കാന്‍ പ്രത്യേക അന്വേഷണ സംഘത്തിന് സാധിക്കുമോ എന്ന് കാത്തിരുന്നു കാണണം.