തിരുവനന്തപുരം കഴക്കൂട്ടം മംഗലപുരത്ത് കോബിള്‍ ജോലിക്ക് എത്തിയവര്‍ പട്ടാപ്പകല്‍ 20 വയസുകാരിയെ വീട്ടില്‍ കയറി പീഡിപ്പിക്കാന്‍ ശ്രമിച്ചു. വീടിന്റെ സമീപത്ത് ജോലിക്കെത്തിയ രണ്ടുപേര്‍ ചേര്‍ന്നാണ് പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത് എന്നാണ് പോലീസ് പറയുന്നത്. വായില്‍ തുണി തിരുകിക്കയറ്റിയ ശേഷമായിരുന്നു അക്രമം. പ്രതികളെ പോലീസ് കസ്റ്റഡിയിലെടുത്തു.

ശനിയാഴ്ച ഉച്ചയോടെ ആയിരുന്നു സംഭവം. പെണ്‍കുട്ടി അക്രമികളെ തള്ളിമാറ്റി ഓടി രക്ഷപ്പെടുകയായിരുന്നു. കൊല്ലം സ്വദേശികളായ രണ്ടു പേരെ മംഗലപുരം പൊലീസ് കസ്റ്റഡിയിലെടുത്തു.

ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ടു മണിക്കായിരുന്നു സംഭവം. വീട്ടില്‍ ഒറ്റയ്ക്കായിരുന്നു യുവതി. യുവാക്കള്‍ തൊട്ടടുത്ത് കേബിള്‍ ജോലിക്ക് എത്തിയവരാണ്. വീട്ടില്‍ ആരും ഇല്ലെന്ന് മനസ്സിലാക്കിയ ഇവര്‍ വാതില്‍ തള്ളിത്തുറന്നാണ് അകത്തു കയറിയത്. ഒരാള്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചു. മറ്റേയാള്‍ പരിസരം നിരീക്ഷിച്ച് അടുത്തുനിന്നു. അക്രമികളെ തള്ളിമാറ്റി യുവതി ഓടി രക്ഷപ്പെട്ട് അയല്‍വാസികളെ വിവരം അറിയിച്ചു. മാതാപിതാക്കളും സഹോദരനും പുറത്തുപോയിരിക്കുകയായിരുന്നു. ഇരുവരുടെയും അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും.

പ്രതികളെ പെണ്‍കുട്ടി തിരിച്ചറിഞ്ഞതായും സൂചനയുണ്ട്. നഴ്സിങ് വിദ്യാര്‍ഥിനിയാണ് പീഡനത്തിനിരയായത്. അക്രമികള്‍ ജോലി സംബന്ധമായി ഇതിനുമുമ്പും ഈ വീടിന്റെ പരിസരത്ത് എത്തിയിട്ടുള്ളതായാണ് വിവരം. വീട്ടില്‍ ആരും ഇല്ലാതാകുന്ന സമയം നേരത്തേ നോക്കിവെച്ച ശേഷമാണ് അക്രമികള്‍ വീട്ടിലെത്തിയത്.