- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
പൊലീസ് ഉണർന്നത് മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തതോടെ
തിരുവനന്തപുരം: പന്തീരാങ്കാവ് ഗാർഹിക പീഡന കേസിൽ പൊലീസ് ഉണർന്നത് നിരവധി വിമർശനങ്ങൾ കേട്ടതിന് ശേഷം. പൊലീസിനെ കുറ്റപ്പെടുത്തി മുഖ്യമന്ത്രിക്കും മനുഷ്യാവകാശ കമ്മീഷനും പെൺകുട്ടി പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നവവധുവിനെ ഭർതൃഗൃഹത്തിൽ മർദ്ദിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ പൊലീസിനെതിരെ കേസെടുത്തു. സംഭവത്തിൽ പരാതിപ്പെട്ടിട്ടും യഥാസമയം കേസെടുക്കാത്ത പന്തീരാങ്കാവ് പൊലീസിനെതിരെയാണ് മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തത്.
ഇതിൽ കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണർ റിപ്പോർട്ട് സമർപ്പിക്കണം. സംഭവം വിവാദമായതോടെ പൊലീസിനെരിരെ രൂക്ഷ വിമർശനം ഉയർന്നിരുന്നു. വിവാദമായതോടെയാണ് സംഭവത്തിൽ ഭർത്താവ് രാഹുലിനെതിരെ വധശ്രമത്തിന് പൊലീസ് കേസെടുത്തത്. നേരത്തെ ഗാർഹിക പീഡനത്തിന് മാത്രമായിരുന്നു കേസെടുത്തിരുന്നത്. കേസെടുക്കാൻ കോഴിക്കോട് പന്തീരാങ്കാവ് പൊലീസ് വൈകിയ സാഹചര്യം ഉൾപ്പെടെ ചൂണ്ടികാട്ടി മുഖ്യമന്ത്രിക്ക് പരാതി നൽകുമെന്ന് പെൺകുട്ടിയുടെ കുടുംബം നേരത്തെ വ്യക്തമാക്കിയിരുന്നു. കോഴിക്കോട് സ്വദേശിയായ രാഹുൽ മൊബൈൽ ചാർജർ കേബിൾ ഉപയോഗിച്ച് കഴുത്തുഞെരിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചെന്നായിരുന്നു യുവതിയുടെ പരാതി. രാഹുലിനെതിരെ വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചേർക്കണമെന്നും കുടുംബം ആവശ്യപ്പെട്ടിരുന്നു.
അതേസമയം ഭർത്തൃവീട്ടിൽ വിവാഹത്തിന്റെ ആറാംനാളിലാണ് മാല്യങ്കര സ്വദേശിനിക്ക് മർദനമേറ്റത്. 70 പവനിലേറെ സ്വർണം നൽകിയാണ് ജർമനിയിൽ എയ്റോനോട്ടിക്കൽ എൻജിനിയറായ രാഹുലുമായി എം.ടെക്. ബിരുദധാരിയായ പെൺകുട്ടിയുടെ വിവാഹം നടത്തിയതെന്ന് ബന്ധുക്കൾ പറഞ്ഞു. കൂടുതൽ സ്ത്രീധനവും കാറും ആവശ്യപ്പെട്ട് മർദിച്ചതായാണ് പരാതി. പരാതിയുമായി ചെന്നപ്പോൾ പന്തീരാങ്കാവ് പൊലീസ് സ്റ്റേഷനിൽ തങ്ങളെക്കാൾ പരിഗണന പ്രതിയായ രാഹുലിന് ലഭിച്ചതായി ബന്ധുക്കൾ പറഞ്ഞു. വീടുകളിൽ ഇത്തരം പ്രശ്‌നങ്ങൾ ഉണ്ടാകാറുണ്ടെന്നും രമ്യതയിൽ പറഞ്ഞുതീർക്കണമെന്നുമാണ് പൊലീസുകാർ നിർദേശിച്ചതെന്ന് പരാതിയിലുണ്ട്.
പന്തീരാങ്കാവ് സ്ത്രീധനപീഡനക്കേസിൽ പൊലീസ് നിസ്സംഗരായാണ് പെരുമാറിയതെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ വിമർശിച്ചു. പരാതി നൽകിയ പെൺകുട്ടിയുടെ പിതാവിനെ സിഐ. പരിഹസിച്ചു. പൊലീസ് ഇരകൾക്കൊപ്പമാണോ വേട്ടക്കാർക്കൊപ്പമാണോ എന്ന കാര്യത്തിൽ സംശയമുണ്ട്. കേസിൽ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് കോഴിക്കോട് സിറ്റി പൊലീസ് കമ്മിഷണർ ഉറപ്പുനൽകിയിട്ടുണ്ട്. ഇക്കാര്യം പെൺകുട്ടിയുടെ പിതാവിനെ അറിയിച്ചിട്ടുണ്ടെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു.
വിമർശനം വിവിധ കോണുകളിൽ നിന്നും എത്തിയതോടെയാണ ആരോഗ്യമന്ത്രി വീണ ജോർജ്ജും ഇടപെട്ടത്. സംഭവത്തിൽ യുവതിക്ക് വനിത-ശിശുവികസന വകുപ്പ് നിയമ സഹായമുൾപ്പെടെ നൽകി പിന്തുണയ്ക്കുമെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു. സംഭവം ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് അന്വേഷണം നടത്താൻ വനിതാ-ശിശുവികസന വകുപ്പ് ഡയറക്ടർക്ക് നിർദ്ദേശംനൽകിയിരുന്നു. ജില്ലാ വനിത പ്രൊട്ടക്ഷൻ ഓഫീസർ യുവതിയുടെ ബന്ധുക്കളുമായി സംസാരിച്ചു. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ശക്തമായ നിയമനടപടിയുണ്ടാകും -മന്ത്രി പറഞ്ഞു.
പറവൂർ സ്വദേശിനിയായ നവവധുവാണ് കോഴിക്കോട് പന്തീരാങ്കാവിലെ ഭർതൃവീട്ടിൽ ക്രൂരമായ ഗാർഹിക പീഡനത്തിന് ഇരയായത്. എറണാകുളത്ത് നിന്ന് വിവാഹ സൽക്കാരചടങ്ങിന് എത്തിയ ബന്ധുക്കളാണ് യുവതിയുടെ ശരീരത്തിലെ പരിക്കുകൾ കണ്ടത്. വീട്ടുകാർ യുവതിയുടെ മുഖത്തും കഴുത്തിലും മർദനമേറ്റതിന്റെ പാടുകൾ കണ്ട് കാര്യം തിരക്കിയപ്പോഴാണ് മർദന വിവരം പുറത്തറിഞ്ഞത്. മെയ് 5-ന് എറണാകുളത്ത് വച്ചായിരുന്നു ഇവരുടെ വിവാഹം.
ഭർത്താവ് രാഹുൽ ക്രൂരമായി മർദ്ദിച്ചെന്നും ഫോൺ ചാർജർ കഴുത്തിൽ കുരുക്കി ബെൽറ്റ് കൊണ്ട് പുറത്തടിച്ചുവെന്നുമാണ് യുവതിയുടെ വെളിപ്പെടുത്തൽ. മുഷ്ടി ചുരുട്ടി ഇടിച്ചു. കരച്ചിൽ കേട്ടിട്ടും ആരും സഹായിക്കാൻ വന്നില്ലെന്നും യുവതി പറഞ്ഞു. രാഹുൽ ലഹരി വസ്തു ഉപയോഗിച്ചിരുന്നതായും യുവതി പറയുന്നു. ഫോൺ രാഹുലിന്റെ കയ്യിലായിരുന്നു വീട്ടുകാരെ വിവരമറിയിക്കാൻ കഴിഞ്ഞില്ല. രാഹുലിന്റെ അമ്മയും സ്ത്രീധനത്തിന്റെ പേരിൽ സംസാരിച്ചിരുന്നുവെന്നും രാഹുലിന്റെ പിന്നിൽ അമ്മയാണെന്ന് കരുതുന്നുവെന്നുമായിരുന്നു യുവതിയുടെ ആരോപണം.